മക്കയില്‍ നിന്നും തിരൂരങ്ങാടിയില്‍ എത്തിയ ഖാദി അറബി എന്നയാള്‍ അവിടത്തെ ‘കോര്‍മത്ത് പറമ്പി’ല്‍ താമസിച്ചിരുന്നു. അബൂബക്കര്‍ സിദ്ദീഖിന്റെ മകന്‍ അബ്ദുറഹ്മാന്റെ സന്താന പരമ്പരയില്‍ പെട്ട ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരെന്താണെന്നറിയപ്പെട്ടിട്ടില്ല. തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയുടെ വടക്ക് വശത്ത് പുഴയോടടുത്താണ് ഇദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.
ഇദ്ദേഹത്തിന്റെ പൌത്രന്മാരിലൊരാളായ ഉണ്ണിമുഹ്യദ്ദീന്‍ എന്ന ഉണ്ണീന്‍ മൊല്ല പിന്നീട് ഈ സ്ഥലത്ത് താമസിക്കുകയുണ്ടായി.
പ്രസ്തുത സ്ഥലം ഇന്നും കോര്‍മത്ത് പറമ്പ് എന്നാണറിയപ്പെടുന്നത്. ഈ പറമ്പില്‍ താമസിച്ചതിനാലാണ് അദ്ദേഹത്തിന്റെ സന്താന പരമ്പര ‘കോര്‍മത്ത്കാര്‍’ എന്നറിയപ്പെടുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്നിത് മറ്റൊരാളുടെ ഉടമസ്ഥതയിലാണുള്ളത്. പക്ഷെ, അതില്‍ സ്ഥിതി ചെയ്യുന്ന വീടിന്ന് ഇപ്പോഴും കോര്‍മത്ത് ഹൌസ് എന്നാണ് നാമകരണം
ചെയ്യപ്പെട്ടിരിക്കുന്നതെന്നത് ഒരത്ഭുതം തന്നെ. മമ്പുറം സയ്യിദ് അലവി തങ്ങളുടെ സമകാലീനനായിരുന്നു ഉണ്ണിമുഹ്യദ്ദീന്‍.
ഇക്കാലത്ത്, കൊടുങ്ങല്ലൂരിന്ന് വടക്കു ഭാഗത്ത് സാഹിബിന്റെ പള്ളിയില്‍, മുനവ്വര്‍ ഷാഹ് എന്നൊരാള്‍ വന്നു താമസിച്ചിരുന്നു. ഒരിക്കല്‍, അജ്മീറില്‍ പോയുഇ തിരിച്ചു വന്നപ്പോള്‍ സയ്യിദ് മര്‍ജാന്‍ എന്നൊരാള്‍ കൂടെയുണ്ടായിരുന്നു. മുനവ്വര്‍ ഷായുടെ ഒരു ബന്ധുവായിരുന്നു ഇദ്ദേഹം. അവിടെ നിന്ന് വിവാഹം കഴിച്ച അദ്ദേഹത്തിന്നു സയ്യിദ് മസ് ഊദ് എന്നൊരു മകന്‍ ജനിച്ചു. പെരിഞ്ഞനത്തിന്റെ തെക്കു ഭാഗത്തുള്ള ‘ചെമ്പിട്ട വീട്ടിലാ’യിരുന്നു മാതാവിനോടൊപ്പം ഈ കുട്ടി ജീവിച്ചത്.
ഈ കുട്ടി വളര്‍ന്നു വലുതായ ശേഷം, തിരൂരങ്ങാടിക്കടുത്ത പാലമഠത്തില്‍ ചെന പള്ളിയില്‍ ഓത്തു പള്ളി കെട്ടി കുട്ടികളെ പഠിപ്പിച്ചു പോരികയായിരുന്നു. ഒരിക്കല്‍, വീട്ടില്‍ പോയി തിരിച്ചു വന്നത് സ്വന്തം മകളുമൊന്നിച്ചായിരുന്നു. ഫാത്വിമ എന്നായിരുന്നു ഈ കുട്ടിയുടെ പേര്‍. അനുയോജ്യനായൊരു വരന്നു തന്റെ കുട്ടിയെ കല്യാണം കഴിച്ചു കൊടുക്കണമെന്ന് മമ്പുറം തങ്ങളോടാവശ്യപ്പെട്ടു കൊണ്ടാണ് സ്വന്തം മകളെ കൊണ്ടു വന്നത്. തങ്ങളാകട്ടെ, അന്നു തന്നെ, ഖാളി അറബിയുടെ പൌത്രനായ ഉണ്ണി മുഹ് യദ്ദീനെ വിളിച്ചുവരുത്തി കുട്ടിയെ അദ്ദേഹത്തിന്നു വിവാഹം കഴിച്ചു കൊടുക്കുകയായിരുന്നു.
പെരുവള്ളൂരിലെ പൌരപ്രധാനിയും മതഭക്തനുമായിരുന്നു അരീക്കാട്ട് മൊയ്തീങ്കുട്ടി ഹാജി. കൊണ്ടോട്ടിയിലെ റിലീഫ് ഹോസ്പിറ്റല്‍ ഉടമ ഡോ. എ. മൊയ്തീങ്കുട്ടിയുടെ പിതാമഹന്മാരിലൊരാളാണിദ്ദേഹം. അദ്ദേഹം, തന്റെ ഉടമസ്ഥതയിലുള്ള അരീക്കാട്ട് പറമ്പില്‍
ഒരു പള്ളിയുണ്ടാക്കി വഖ്ഫ് ചെയ്യുകയുണ്ടായി. അരീക്കാട്ട് പള്ളി എന്ന പേരില്‍ ഇന്നും ഇത് നിലകൊള്ളുന്നു. മമ്പുറം തങ്ങളുടെ ഉറ്റ അനുയായികളിലൊരാളായിരുന്ന ഇദ്ദേഹം, സ്വാഭാവികമായും പള്ളിയുടെ മതപരമായ നേതൃത്വത്തിന്നു അര്‍ഹനായൊരാളെ അയച്ചു തരാന്‍ തങ്ങളോടാവശ്യപ്പെട്ടു. ഇങ്ങനെയായിരിക്കാം മുഹ്യദ്ദീന്‍ - ഫാത്വിമാ ദമ്പതികള്‍ക്ക് മമ്പുറം തങ്ങള്‍,
പള്ളിയോട് തൊട്ടടുത്തുള്ള ‘എരണിപ്പുറത്ത് പറമ്പില്‍’ സ്വന്തമായൊരു വീടു വെച്ചു കൊടുത്തത്. ഈ പള്ളിയുടെ മതപരമായ നേതൃത്വം ഇന്നു വരെ കോര്‍മത്തു കുടുംബത്തില്‍ പെട്ടവരാണ് നടത്തിവരുന്നതെന്നത് ശ്രദ്ധേയമാണ്.
പെരുവള്ളൂരില്‍ താമസിച്ചു വരികയായിരുന്ന മുഹ്യദ്ദീന്‍ - ഫാത്വിമാ ദമ്പതികള്‍ക്ക് അഞ്ചു കുട്ടികളുണ്ടായി. അബൂബക്കര്‍ ഹുസാമുദ്ദീന്‍ എന്ന പോക്കര്‍ ഹാജി, മസ് ഊദ് ഹാജി, കുഞ്ഞഹമ്മദ്, അഹ്മദ്, കമ്മദ് അഥവാ കമ്മു മുസ്ലിയാര്‍ എന്നിവരാണവര്‍.
മതഭക്തിയില്‍, ഉണ്ണിമുയദ്ദീന്റെ ഒട്ടും പിന്നിലായിരുന്നില്ല ഫാത്വിമ. ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുക അവരുടെ ഒടുങ്ങാത്ത ആഗ്രഹമായിരുന്നു. അതിനായി ഭര്‍ത്താവിനെ പ്രേരിപ്പിക്കുന്ന യത്നത്തില്‍ അവസാനം ആ സ്ത്ര്രി രത്നം വിജയിക്കുകയായിരുന്നു. അന്നത്തെ പ്രാരാബ്ധങ്ങളും പ്രതിസന്ധികളുമൊന്നും ഈ യത്നത്തില്‍ നിന്നവരെ പിന്തിരിപ്പിക്കാന്‍ പര്യപ്തമായിരുന്നില്ല. അങ്ങനെ, ഹജ്ജിന്നായി പുറപ്പെട്ട ഇരുവരും കോഴിക്കോട്ടെ സയ്യിദ് കുടുംബത്തിലെത്തുകയായിരുന്നു. പക്ഷെ, ഇരുവരും തനിച്ചു പോകുന്നത് ആ കുടുംബം ഇഷ്ടപ്പെട്ടില്ല. അവസാനം നാട്ടില്‍ നിന്നും മസ് ഊദിനെ വരുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്. പക്ഷെ, യാത്രക്കിടയില്‍ ഉണ്ണിമുഹ്യദ്ദീന്‍ മരണപ്പെടുകയായിരുന്നു.
ഫാത്വിമ ഹജ്ജുമ്മയുടെ സഹോദരി കുഞ്ഞീമയും വിവാഹിതയായി പെരുവള്ളൂരിലെത്തിയിരുന്നു. മമ്പുറം തങ്ങളുടെ ശിഷ്യനായിരുന്ന ചെമ്പന്‍ മൊയ്തീങ്കുട്ടി മുസ്ലിയാരായിരുന്നു വരന്‍. മുടക്കീല്‍, ഒളകര എന്നീ മഹല്ലുകളുടെ നേതൃത്വം തങ്ങള്‍ ഇദ്ദേഹത്തെയായിരുന്നു ഏല്പിച്ചിരുന്നത്.
എന്നാല്‍, ഈ സഹോദരിയുടെ മരണത്തോടെ, വിധവയായ ഫാത്വിമ ഹജ്ജുമ്മയെ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ വിവാഹം കഴിച്ചു. ഹജ്ജുമ്മ വീണ്ടും ഹജ്ജുകര്‍മ്മത്തിന്നു ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഏകദേശം, ഹിജ്ര 1326 ലാണ്‍ ഹജ്ജുമ്മ മരണപ്പെട്ടതെന്നു കരുതപ്പെടുന്നു. പെരുവള്ളൂരിലെ, നടുപ്പറമ്പ് പള്ളി ഖബറിസ്ഥാനിലാണിവര്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഹജ്ജിന്നു പോകുമ്പോള്‍ അവര്‍ കൊണ്ടു പോയിരുന്ന ഒരു വലിയ മരപ്പെട്ടി ഇന്നും എരണിപ്പുറത്ത് വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്.
ഏകദേശം ഒന്നേകാൽ നൂറ്റാണ്ടിന്ന് മുമ്പ് ഹജ്ജിന്നു പോകുമ്പോൾ ഫാത്വിമഹജ്ജുമ്മ കൊണ്ടു പോയ മരപ്പെട്ടി
No comments:
Post a Comment