Monday, March 7, 2011

കോർമത്ത് പോക്കർക്ക: കുടുംബത്തെ വിളക്കിച്ചേർത്ത മെക്കാനിക്ക്

 
Posted by Picasa


മഞ്ചേരിയിലെ മാത്രമല്ല, മൊത്തം കോര്‍മത്ത് കുടുംബത്തിന്റെ തന്നെ, ചരിത്രത്തില്‍ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെടേണ്ട ഒരു നാമമാണ്, കോര്‍മത്ത് കുഞ്ഞഹമ്മദി(കെ. സി. മാനു)ന്റെ പുത്രന്‍ കോര്‍മത്ത് പോക്കറിന്റെത്.
കോര്‍മത്ത് ചരിത്രം മൊത്തം പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു വസ്തുതയുണ്ട്. വിവാഹം, വ്യാപാരം, അദ്ധ്യാപനം, ബിസിനസ്സ് തുടങ്ങി ഏതെങ്കിലും ഹേതുവായി, കുടുംബത്തില്‍ നിന്നും ഒരു വ്യക്തി മറ്റൊരിടത്തേക്ക് നീങ്ങുന്നു. പിന്നീട്, അവിടെ തന്നെ സ്ഥിരതാമസമാക്കുന്നു. അവിടെ കുടുംബവും പരമ്പരയുമായി കഴിയുന്നു. അവിടെത്തന്നെ മരണമടയുകയും, മൂലകുടുംബവുമായി വല്ലപ്പോഴുമുണ്ടാകാറുള്ള ബന്ധം അയാളുടെ മരണത്തോടെ അവസാനിക്കുകയും ചെയ്യുന്നു. അതോടെ, മൂലകുടുംബവുമായുള്ള സകല ബന്ധങ്ങളും മുറിഞ്ഞു പോകുന്നു. ഇങ്ങനെ, മൂലകുടുംബത്തില്‍ നിന്നും കണ്ണിയറ്റ്, ശാഖയും ശാഖോപശാകകളുമായി കഴിയുന്ന നിരവധി കുടുംബങ്ങളെ കേരളത്തിന്റെ വിവിധ മുക്കുമൂലകളില്‍ ഇന്നു കാണാന്‍ കഴിയും. മൂലകുടുംബത്തെ സംബന്ധിച്ചോ, അതിലെ തങ്ങളുടെ പരമ്പരയെ കുറിച്ചോ, സഹോദരങ്ങളെ കുറിച്ചോ യാതൊന്നുമറിയാതെ, പരിചയപ്പെടാതെ, ബോധമില്ലാതെ.
പോക്കര്‍ക്കയുടെ കുടുംബം മഞ്ചേരിയിലെത്തുന്നതും ഇങ്ങനെ തന്നെയാണ്. കൊയപ്പയില്‍ നിന്നും മഞ്ചേരിയില്‍ കുടിയേറിപ്പാര്‍ത്ത പോക്കര്‍ ഹാജിയും മറിയുമ്മയുമാണ്, മഞ്ചേരിയില്‍ കൂര്‍മത്ത് കുടുംബത്തിന്നു ബീജാവാപം നല്‍കിയതെന്നു മാത്രമെ ഇവിടത്തുകാര്‍ക്കറിയുകയുള്ളു. തങ്ങളുടെ മൂലകുടുംബത്തെ കുറിച്ച യാതൊരു വിവരവും അവര്‍ക്കില്ല.
കലിക്കറ്റ് യൂനിവേഴ്സിറ്റിക്കടുത്ത കൊയപ്പയിലെ ‘ഇരുമ്പന്‍ കുടുക്ക് ‘എന്ന പ്രദേശത്ത് ധാരാളം കോര്‍മത്ത് കുടുംബങ്ങള്‍ താമസിക്കുന്നു. പക്ഷെ, തങ്ങളിവിടെ എത്തിയതെവിടെ നിന്നാണെന്നോ, തങ്ങളുടെ പൂര്‍വികരാരാണെന്നോ ഇവര്‍ക്കറിയുകയില്ല. എന്നാല്‍, തങ്ങളുടെ പൂര്‍വികര്‍ പണ്ഡിതന്മാരായിരുന്നുവെന്നും പെരുവള്ളൂരില്‍ നിന്നു വന്നവരാണെന്നും, പൂര്‍വികരിലാരോ ഒരാള്‍ ഉയര്‍ന്ന ഉദ്വോഗം വഹിച്ചുകൊണ്ട് മഞ്ചേരിയിലേക്ക് പോയിട്ടുണ്ടെന്നും കാരണവന്മാര്‍ക്കിടയില്‍ ശ്രുതിയുണ്ട്. പക്ഷെ, ഇതെ കുറിച്ചൊന്നും കൂടുതലറിയാനോ, മനസ്സിലാക്കാനോ ആരും ശ്രദ്ധിച്ചിട്ടില്ല; മിനക്കെട്ടിട്ടുമില്ല.
എന്നാല്‍, ഇതില്‍ നിന്നും അല്പം വ്യത്യസ്തമാണെന്നു പറയാം, കൊടുങ്ങല്ലൂരിലെയും പെരുവള്ളൂരിലെയും കോര്‍മത്ത് കുടുംബാംഗങ്ങളുടെ സ്ഥിതി. തങ്ങളുടെ പൂര്‍വികരെ കുറിച്ചും ഉറവിടത്തെ കുറിച്ചും ഒരേകദേശ ചിത്രം അവരുടെ പക്കലുണ്ട്. പക്ഷെ, തങ്ങളുടെ പൂര്‍വികരില്‍ പെട്ട പലരുടെയും പില്‍ക്കാല ചരിത്രം അവര്‍ക്കറിഞ്ഞു കൂട. അവരെവിടെ പോയി? അവരുടെ പരമ്പര എവിടെ കഴിയുന്നു? അനന്തര തലമുറ അവശേഷിച്ചിരിപ്പുണ്ടോ? ഇതെല്ലാം ഇപ്പോഴും അജ്ഞാതമായിത്തന്നെ തുടരുകയാണ്. സത്യം പറഞ്ഞാല്‍, അതെ കുറിച്ചു ചിന്തിക്കാനോ, അന്വോഷണം നടത്താനോ അവരിലും കാര്യമായ ശ്രമങ്ങളൊന്നും നടന്നിട്ടില്ല. ഇതാണവരുടെ സ്ഥിതി.



യഥാര്‍ത്ഥത്തില്‍, പോക്കര്‍ക്കയെ പോലുള്ള ഒരു ചരിത്രാന്വേഷകന്റെ അനിവാര്യത പ്രകടമാകുന്നതിവിടെയാണ്.
മഞ്ചേരിയില്‍, സര്‍വത്ര വ്യാപിച്ചു കിടക്കുന്ന കുടുംബമാണ്, അദ്ദേഹം ഉള്‍ക്കൊള്ളുന്ന കോര്‍മത്ത് കുടുംബം. മഞ്ചേരിയുടെ ആദികാല ചരിത്രത്തില്‍ മൂലവേരുള്ള കുടുംബം. ഇന്നത്തെ മഞ്ചേരി നഗരം സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഭൂരിഭാഗത്തിന്റെയും ഉടമകള്‍ അദ്ദേഹത്തിന്റെ കുടുംബ കാരണവന്മാരായിരുന്നു. പ്രശസ്തമായ പള്ളിയുടെയും മറ്റ് ധര്‍മസ്ഥാപനങ്ങളുടെയും സംസ്ഥാപനത്തില്‍ അവരുടെ നിറഞ്ഞ സാന്നിധ്യം പ്രകടമാണ്. മഞ്ചേരിയിലെ, പ്രധാനകുടുംബങ്ങളിലെ ആദ്യ നിരയില്‍ തന്നെ ഈ കുടുംബം സ്ഥാനം പിടിച്ചിട്ടുണ്ട്.


പോക്കർക്കയുടെ ഒരു പഴയ ചിത്രം


എന്നാല്‍, ഈ ‘പോരിശ‘കളെല്ലാം അയവിറക്കി ചാരുകസേരയില്‍ മലര്‍ന്നു കിടന്നു അഭിമാനം കൊള്ളാന്‍ പോക്കര്‍ക്കയുടെ അന്വേഷണബുദ്ധി സമ്മതിച്ചില്ല. തന്റെ, പൂര്‍വികരെ കുറിച്ച്, തന്റെ കുടുംബത്തിന്റെ ഉറവിടത്തെ കുറിച്ച്, ശരിയായൊരു ചിത്രം ശേഖരിക്കാന്‍ അദ്ദേഹത്തിന്റെ ഹൃദയം വെമ്പല്‍ കൊണ്ടു. അങ്ങനെയാണ്, മഞ്ചേരിയില്‍ ആദ്യമായെത്തിയ, പോക്കര്‍ ഹാജി മകന്‍ ഉണ്ണിമോയിന്‍ ഹാജി മകന്‍ കുഞ്ഞഹമ്മദ് മകന്‍ പോക്കര്‍ ഒരു ചരിത്രാന്വേഷകനായി മാറുന്നത്. ആദികാല മഞ്ചേരിക്കാരുടെ ബൈക്കുകളുടെ പാര്‍ട്ട്സുകള്‍ പരസ്പരം വിളക്കിച്ചേര്‍ത്തിരുന്ന ‘മെക്കാനിക്ക് പോക്കര്‍ക്ക’, തന്റെ കുടുംബത്തിന്റെ അറ്റുപോയ കണ്ണികള്‍ വിളക്കിച്ചേര്‍ക്കാനായി രംഗത്തിറങ്ങിയത്.


കോര്‍മത്ത് അബ്ദുല്ല(മാതൃഭൂമി അബ്ദുല്ല), സത്താര്‍ ഹാജി, മുഹമ്മദ് എന്ന കുഞ്ഞാന്‍ തുടങ്ങിയ, സമാന ചിന്താഗതിക്കാരായ ഒരു സംഘം നിസ്വാര്‍ത്ഥ പ്രവര്‍ത്തകരോടൊപ്പം രംഗത്തിറങ്ങിയ അദ്ദേഹം, ആദ്യമായി ശ്രമിച്ചത്, മഞ്ചേരിയില്‍ തന്നെ ചിതറികിടക്കുന്ന കോര്‍മത്തുകാരെ ഒരേ നൂലില്‍ കോര്‍ത്തിണക്കാനാണ്. കോര്‍മത്ത് ചരിത്രത്തില്‍ തന്നെ ആദ്യമായി, ഒരു കുടുംബ വെല്‍ഫയര്‍ കമ്മിറ്റി മഞ്ചേരിയില്‍ നിലവില്‍ വന്നത് അങ്ങനെയാണ്. മാസത്തിലൊരിക്കലെങ്കിലും, കോര്‍മത്തുകാര്‍ക്ക് ഒരുമിച്ചിരിക്കാനുള്ള ഒരു വേദിക്ക് ഇത് വഴി തുടക്കം കുറിക്കപ്പെടുകയായിരുന്നു. കുടുംബത്തില്‍, അഗതികളും അശരണരുമായി കഴിയുന്ന പലര്‍ക്കും സഹായാസ്തം നീട്ടാന്‍ ഈ കമ്മിറ്റി ശ്രദ്ധിച്ചു പോന്നു. കുടുംബ പ്രശ്നങ്ങള്‍ സൌഹാര്‍ദ്ദ മനസ്സോടെ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ഇത് വഴി അവര്‍ക്കു സാധിച്ചു. ഇതോടെ, കോര്‍മത്ത് കണ്ണികള്‍ക്കിടയില്‍, ശാസ്ത്ര്രിയമായൊരു കെട്ടുറപ്പും ഭദ്രതയും നിലവില്‍ വരികയായിരുന്നു.


2001 ഫെബ്രുവരി 18 ന്ന്, പെരുവള്ളൂരിലെ കുറളോട്ടിയില്‍ ചേര്‍ന്ന കോര്‍മത്ത് സംഗമത്തില്‍, കുടുംബാംഗങ്ങളെ അഭിസംബോധന ചെയ്യുന്നു.


പെരുവള്ളൂര്‍ സംഗമത്തിലെ മറ്റൊരു ദൃശ്യം


പക്ഷെ, ഇതെല്ലാം മഞ്ചേരിയുടെ നാലതിരുകള്‍ക്കിടയില്‍ ഒതുങ്ങിയതായിരുന്നു. ഉറവിടം തേടിയുള്ള പോക്കര്‍ക്കയുടെ അന്വോഷണ തൃഷ്ണക്ക് ശമനം വരുത്താന്‍ ഇതിനൊന്നുമായില്ല. ഈയവസരത്തിലാണ്, ചരിത്ര നിയോഗമെന്ന പോലെ, മൂന്ന് പേര്‍ എത്തിച്ചേര്‍ന്നത്. പെരുവള്ളൂരിലെ കോയ മുസ്ലിയാര്‍, അബ്ദുല്‍ഖാദര്‍ ഫൈസി, കൊടുങ്ങല്ലൂരിലെ നസീബുല്ല മാസ്റ്റര്‍ എന്നിവരായിരുന്നു അവര്‍. കുടുംബത്തിലെ, അറ്റുപോയ കണ്ണികള്‍ തേടിക്കൊണ്ട് അലഞ്ഞു തിരിയുകയായിരുന്ന, സമാന ചിന്താഗതിക്കാരയ മൂന്നു കോര്‍മത്തുകാര്‍. ഇവരുടെ ആഗമനത്തോടെ, കോര്‍മത്ത് ചരിത്രത്തിന്റെ സുപ്രധാനമായൊരു കവടം തുറക്കപ്പെടുകയായിരുന്നു. തങ്ങളുടെ യഥാര്‍ത്ഥ ഉറവിടം കേരളമല്ലെന്നും, പ്രത്യുത അറേബ്യയാണെന്നും ഇസ്ലാമിലെ രണ്ടാം ഖലീഫ അബൂബക്കര്‍ സിദ്ദീഖി(റ)ന്റെ പുത്രന്‍ അബ്ദുറഹ്മാനിലാണ് തങ്ങളുടെ പരമ്പര എത്തുന്നതെന്നും, മഞ്ചേരിക്കാര്‍

2001 മാര്‍ച്ച് 18 ന്ന്, തിരൂരങ്ങാടിയില്‍ മുസ്തഫാ കോര്‍മത്തിന്റെ വീട്ടില്‍ ചേര്‍ന്ന കൊര്‍മത്ത് സംഗമത്തില്‍


തിരൂരങ്ങാടി സംഗമത്തിന്റെ മറ്റൊരു ദൃശ്യം


മനസ്സിലാക്കുന്നത് അങ്ങനെയാണ്. പോക്കര്‍ക്കയുടെ യാത്രക്ക് പാതയൊരുക്കുകയായിരുന്നു ഇതോടെ സംഭവിച്ചത്. ‘ശാഖകള്‍ തേടി’ എന്ന പേരില്‍, പോക്കര്‍ക്കയുടെ അന്വേഷണ യാത്ര ഈ ബ്ലോഗില്‍ വിശദമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അങ്ങനെ, കേരളത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന കോര്‍മത്തുകാരെ നേരില്‍ കണ്ട്, പരസ്പരം വിളക്കിച്ചേര്‍ക്കുന്ന ഒരു പ്രധാന ഘടകമായി തീരുകയായിരുന്നു അദ്ദേഹം. പക്ഷെ, അപ്പോഴെക്കും പ്രായം അദ്ദേഹത്തെ അതിക്രമിച്ചു കഴിഞ്ഞു.

മഞ്ചേരിയിലെ തുവ്വൂരില്‍ ചേര്‍ന്ന കോര്‍മത്ത് സംഗമത്തിലെ ഒരു ദൃശ്യം


തുവൂര്‍ സംഗമത്തിലെ മറ്റൊരു ദൃശ്യം


എഴുപതുകള്‍ പിന്നിട്ടിരുന്നുവെങ്കിലും, പ്രായത്തെ പിന്നിലാക്കി മുന്നോട്ട് ഗമിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്നു, ഇനി, പക്ഷെ, അതിനാവുകയില്ല. ഓര്‍മശക്തി ക്ഷയിച്ചു കൊണ്ടിരിക്കുന്നു. ആരോഗ്യം നശിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ, താന്‍ വെട്ടിത്തെളിച്ച പാതയിലൂടെ മുന്നോട്ട് നീങ്ങി ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഒരു സംഘത്തെ ഉത്തരവാദിത്തം ഏല്പിച്ചുകൊണ്ടാണദ്ദേഹം രംഗത്തു


പോക്കര്‍ക്കയുടെ മാര്‍ഗ്ഗത്തില്‍ പുതിയ സാരഥികള്‍


നിന്നും പിന്മാറുന്നത്. സഹോദരന്‍ സത്താര്‍ ഹാജി, കോര്‍മത്ത് അബ്ദുല്ല, മുഹമ്മദ് എന്ന കുഞ്ഞാന്‍ , അബ്ദുന്നാസര്‍ തുടങ്ങി യുവക്കക്കളും കാരണവന്മാരും അടങ്ങിയ ഉര്‍ജ്ജസ്വലരായ ഒരു സംഘം. നാടുനീളെ ഓടി നടന്നു, ഏപ്രില്‍ 3ന്നു നടക്കാനിരിക്കുന്ന ആദ്യത്തെ കോര്‍മത്ത് സംഗമത്തിന്റെ വിജയത്തിന്നു വേണ്ടി അവിശ്രമം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണിന്ന് ഈ സംഘം.
കോര്‍മത്ത് ആസിയയാണ് പൊക്കര്‍ക്കയുടെ മാതാവ്. വല്ലാഞ്ചിറ ഫാത്വിമ സഹധര്‍മ്മിണിയും. ഷാജഹാന്‍, മുഹമ്മദ് ഇസ്മായീല്‍, ഫൈസല്‍, റസ്സല്‍ എന്നിവരാണ് മക്കള്‍.

No comments:

Post a Comment