Thursday, March 3, 2011
കോർമത്ത് സയ്യിദ് അബ്ദുല്ല എന്ന എന്റെ ‘കൂച്ചിക്കാക്ക‘
2011 റിപ്പബ്ലിക് ദിനം എന്നെ സംബന്ധിച്ചിടത്തോളം നികത്താനാകാത്ത ഒരു നഷ്ടത്തിന്റെ ദിനമായിരുന്നു. എന്റെ കൈ പിടിച്ചു പിച്ചനടത്തി വളര്‍ത്തിയ എന്റെ ‘കൂച്ചിക്കാക്ക‘ എന്ന കോര്‍മത്ത് സയ്യിദ് അബ്ദുല്ല ഈ ലോകത്തോട് അവസാനയാത്ര പറഞ്ഞത് അന്നായിരുന്നു.
പിതൃവ്യസഹോദരനായ കോര്‍മത്ത് അബുബക്കര്‍ മുസ്ലിയാരുടെയും ഉമ്മാവുട്ടിയുമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ച അദ്ദേഹം, യഥാര്‍ത്ഥത്തില്‍, എന്റെ രക്ഷിതാവ് തന്നെയായിരുന്നു. രണ്ടാം വയസ്സില്‍ മാതാവ് നഷ്ടപ്പെട്ട എന്നെ പോറ്റാനുള്ള ചുമതല സ്വയം ഏറ്റെടുത്തത്, അദ്ദേഹത്തിന്റെ മാതാവും എന്റെ മൂത്തമ്മയുമായ ഉമ്മാവുട്ടിയുമ്മയായിരുന്നു. അബൂബക്കര്‍ മുസ്ലിയാരുടെ മരണ ശേഷം, പറപ്പൂരില്‍ മക്കളോടൊത്ത് കഴിയുകയായിരുന്ന ഉമ്മാവുട്ടിയുമ്മയെ, പിന്നീട്, എന്റെ സ്വന്തം മൂത്താപ്പ കോര്‍മത്ത് പോക്കര്‍ മുസ്ലിയാര്‍ വിവാഹം കഴിക്കുകയായിരുന്നു. അങ്ങനെയാണ് ഉമ്മാവുട്ടിയുമ്മ പെരുവള്ളൂരിലെത്തുന്നത്. ഈ ബന്ധത്തില്‍ അവര്‍ക്ക് മറിയക്കുട്ടി എന്നൊരു മകളുണ്ട്. ഉമ്മാവുട്ടിയുമ്മക്ക്, മറ്റുള്ള മക്കളെപ്പോലെ, ഞാനും ‘മകനാ‘യിരുന്നു. ‘ഉമ്മ’ എന്നു തന്നെയായിരുന്നു ഞാനവരെ വിളിച്ചിരുന്നത്.
വാഹന സൌകര്യങ്ങളൊന്നുമില്ലാത്ത അക്കാലത്ത്, പറപ്പൂരിലെ മക്കളുടെയടുത്തേക്കു പോകുമ്പോഴും, പൊന്നാനിക്കടുത്ത കാഞ്ഞിരമുക്കിലെ സഹോദരന്‍ ഐ. ടി. സി. മുഹമ്മദ് അബ്ദുല്ല മൌലവി (പ്രബോധനം ഏഡിറ്റര്‍ ടി.കെ. ഉബൈദ് സാഹെബിന്റെ പിതാവ്)യെ സന്ദര്‍ശിക്കുമ്പോഴും എന്നെയും കൂടെ കൊണ്ടു പോകാറുണ്ടായിരുന്നു. ഇത്തരം സന്ദര്‍ശനങ്ങള്‍ വഴി പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്ലിയാരെ(പുതിയാപ്പിള അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ എന്ന പേരില്‍ പ്രസിദ്ധന്‍)പോലുള്ള പല ഉന്നത വ്യക്തിത്വങ്ങളെയും കൊച്ചു നാളില്‍ തന്നെ പരിചയപ്പെടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി ഇന്നും കരുതുന്നു. പെരുവള്ളൂരില്‍ നിന്നു കോട്ടക്കലിനടുത്ത പറപ്പൂരിലേക്കും, അവിടെനിന്നു തിരിച്ചു പെരുവള്ളൂരിലേക്കുമുള്ള യാത്ര തികച്ചും കാല്‍നടയായായിരുന്നു. കിലൊമീറ്ററുകളോളം നീണ്ടു നില്‍ക്കുന്ന ഇത്തരം യാത്രകള്‍ എന്നെപോലുള്ള ഒരു കൊച്ചു കുട്ടിയെ സംബന്ധിച്ചിടത്തോളം അചിന്ത്യം തന്നെയയിരുന്നു. പക്ഷെ, ഞാനില്ലാതെയുള്ള യാത്ര ‘ഉമ്മ’ക്ക് അസഹനീയവും ‘ഉമ്മ’യില്ലാത്ത ജീവിതം എനിക്കു ദുഷ്ക്കരവുമായിരുന്നു. പക്ഷെ, ഇത്രയും നീണ്ട ഇത്തരം യാത്രകളുടെ വിഷമം എനിക്കൊരിക്കലും അനുഭവപ്പെട്ടിട്ടില്ല. യാത്ര തികച്ചും എന്റെ ‘കൂച്ചിക്കാക്ക’യുടെ ചുമലിലായിരുന്നു. യാത്രാ സൌകര്യങ്ങള്‍ കൂടിയ ഇക്കാലത്ത് അതേകുറിച്ചൊര്‍ക്കുമ്പോള്‍ പേടി തോന്നുകയാണ്. എന്നെയും ചുമന്നുകൊണ്ട്, ഇത്രയും മൈലുകള്‍ താണ്ടാന്‍ അദ്ദേഹം എത്ര പാടുപെട്ടിട്ടുണ്ടായിരിക്കും.
അദ്ദേഹത്തിന്ന് എന്നെ കൈയൊഴിക്കാന്‍ നിഷ്പ്രയാസം കഴിയുമായിരുന്നു. കാരണം, ഞാന്‍ അദ്ദേഹത്തിന്റെ നേരെ സഹോദരനല്ല; എന്റെ പിതാവ് അദ്ദേഹത്തിന്റെ, നേരെ, പിതൃസഹോദരനുമല്ല; അദ്ദേഹത്തിന്റെ മാതാവിനെ പുതുതായി കല്യാണം കഴിച്ചത് എന്റെ പിതൃസഹോദരനാണെന്നത് മാത്രമായിരുന്നു ബന്ധം. ഇന്നത്തെ, കുടുംബബന്ധങ്ങള്‍ വെച്ചു നോക്കുമ്പോള്‍, വളരെ വളരെ അകന്ന ബന്ധം. പക്ഷെ, ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധം അതിലെല്ലാമുപരിയായിരുന്നു. ദൂരരാജ്യങ്ങളില്‍ മുദരിസായി ജോലിനോക്കിയിരുന്ന സ്വന്തം പിതാവിനെ ശരിക്കു മനസ്സിലാക്കുന്നത് അല്പം മുതിര്‍ന്നപ്പൊഴായിരുന്നു. ഉമ്മാവുട്ടിയുമ്മ എന്റെ സ്വന്തം ‘ഉമ്മ’യല്ലെന്നും, കൂച്ചിക്കാക്ക എന്റെ സ്വന്തം ‘ഇക്കാക്ക‘യല്ലെന്നും മനസ്സിലാക്കാന്‍ പിന്നെയും കാലമെടുത്തു.
ഏതായാലും, വാഹന സൌകര്യങ്ങളില്ലാത്ത ആ കാലങ്ങളിലില്ലാത്ത അകല്‍ച്ച, സൌകര്യങ്ങളെല്ലാമുണ്ടായപ്പോഴുണ്ടായി എന്നോര്‍ക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ കുറ്റബോധം തോന്നുന്നു. അദ്ദേഹം താമസിക്കുകയും രോഗിയായി കഴിയുകയും ചെയ്ത പറപ്പൂര്‍ വീണാലുക്കലേക്ക് എനിക്ക് എത്തിപ്പെടാന്‍, ഒരു മണിക്കൂറില്‍ താഴെ സമയമേ ചെലവൊഴിക്കേണ്ടതുള്ളു. പക്ഷെ, നന്ദികേട് പിശാചിന്റെ മാത്രം കുത്തകയല്ലല്ലോ.
ഇനി എനിക്കു ചെയ്യാനുള്ളതിത്രമാത്രം.
‘കരുണാവാരിധിയായ റബ്ബേ, എന്റെ ‘ഉമ്മ’ക്കും, എന്റെ ‘കൂച്ചിക്കാക്കാക്കും’ പൊറുത്തു കൊടുക്കേണമെ! ജന്നാത്തുല്‍ ഫിര്‍ദൌസില്‍ അവര്‍ക്കിടം നല്‍കെണമേ! ഞങ്ങളെ, നിന്റെ സ്വര്‍ഗത്തില്‍ ഒരുമിച്ചു ചേര്‍ക്കെണമേ! ആമീന്‍!‘
എന്നു പ്രാര്‍ത്ഥിക്കുക മാത്രം.
കെ. എ. ഖാദര്‍ ഫൈസി
Subscribe to:
Post Comments (Atom)
No comments:
Post a Comment