Friday, September 25, 2015

പിതാവിന്റെ മരണം. കോര്മ്മത്ത് ചരിത്രത്തിന്റെ ഉദയവും



1991 ഏപ്രില് 4 വെള്ളിയാഴ്ച. വന്ദ്യപിതാവ് ശംസുദ്ദീന് മുസ്ല്യാര് മരണപ്പെട്ടു. ഐ. ടി. മേഖല ഇന്നത്തെപ്പോലെ വികസിച്ചിട്ടില്ലാത്ത കാലമായതിനാല് വാട്സപ്പ്, ഫേസ്ബുക്ക്, ടിറ്റര്, മോബൈല് തുടങ്ങിയ ആധുനിക പ്രചാരണമാദ്യമങ്ങളൊന്നും ദൂരെയുള്ള കുടുംബങ്ങള്ക്ക് വാര്ത്തയറിയിക്കാന് സഹായകമായില്ല. ആകെക്കൂടി തുണയായത് പത്രങ്ങളും, ലാന്റ് ഫോണും ആള് ഇന്ത്യ റേഡിയോവും മാത്രം. പെട്ടെന്നാണ് പുതിയൊരു പ്രശ്നം മനസ്സില് ചോദ്യചിഹ്നമായവശേഷിച്ചത്. കൊടുങ്ങല്ലൂരിലെ പെരിഞ്ഞനത്തു താമസിക്കുന്ന കുടുംബത്തെ എങ്ങനെ വിവരമറിയിക്കും. പിതാവ് കൊടുങ്ങല്ലൂരില് പോകുന്നതും അവിടത്തുകാര് ഇവിടെ വന്നു വിരുന്നു പാര്ക്കുന്നതും ചെറുപ്പം മുതലേ കാണാറുള്ളതാണ്. ഇതിനപ്പുറം ഒന്നുമറിഞ്ഞു കൂടാ. ആരാണവര്. അവരുമായുള്ള ബന്ധം എന്താണ്. ഇത്രയും ദൂരെ അവിടെയെങ്ങനെ ഒരു കുടുംബമുണ്ടായി. ഇതൊന്നും അന്ന് ഒരു ചിന്താവിഷയമേ ആയിരുന്നില്ല. വിരുന്നുകാര് വരുന്നത് ഒരു ഹരമായിരുന്നു. അതിനാല് തന്നെ അവര് വരുന്പോള് വലിയ സന്തോഷമായിരുന്നു. അത്രമാത്രം. പിതാവിന്റെ നിര്ബന്ധം മൂലം ഒരിക്കല് മാത്രം അവിടെ പോയിട്ടുണ്ട്. അന്ന് കോര്മ്മത്ത് ഉബൈദുല്ലാ മുസ്ല്യാര്(മര്ഹൂം), ഫസ്ലുള്ള മുസ്ല്യാര്(മര്ഹൂം), മഹ്മൂദ് മുസ്ല്യാര് (മര്ഹൂം) എന്നിവരെ കണ്ടിട്ടുണ്ട്. കോര്മ്മത്ത് ഉബൈദുല്ലാ മുസ്ല്യാര്(മര്ഹൂം) വീട്ടില് വന്നത് ഇപ്പോഴും ഓര്ക്കുന്നു. ആജാനബാഹു. വെളുത്ത സില്ക്ക് ജുബ്ബ. തലയില് പിന്നില് വാലുള്ള മറോന് കളറിലുള്ള തുര്ക്കിത്തൊപ്പി. മര്ഹൂം അബുല്കലാം ആസാദിന്റെ ചിത്രം മനസ്സിലേക്കോടി വന്നിരുന്നു.

കുടുംബ സന്ദര്ശനത്തിന്റെ പ്രാധാന്യം മഹ്മൂദ് മുസ്ല്യാര് എന്നെ ബോധ്യപ്പെടുത്തി. മാത്രമല്ല, ഒരു പരീക്ഷണവും അദ്ദേഹം നടത്തി. തൊട്ടടുത്ത ആഴ്ച അദ്ദേഹത്തിന്റെ പിതാവ് ഉണ്ണി മുഹ് യദ്ദീന് മുസ്ലിയാരുടെ ആണ്ട് ദിവസമാണ്. അന്ന് വരണം. പക്ഷെ, കുടുംബ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലുറപ്പിക്കുന്നതില് ഈ പരീക്ഷണത്തില് അദ്ദേഹം പരാജയപ്പെടുകയായിരുന്നു. കാരണം, ഞാന് പോയതുമില്ല. പിന്നീടൊരിക്കലും അദ്ദേഹത്തെ കണ്ടതുമില്ല.

കുടുംബ ബന്ധം ഊട്ടിയുറപ്പിക്കുന്നതിലുള്ള അശ്രദ്ധയില് ആമൂലാഗ്രം മുങ്ങിക്കഴിയുകയായിരുന്ന ഈ ഘട്ടത്തിലാണ് വന്ദ്യ പാതാവിന്റെ മരണം സംഭവിക്കുന്നത്. കൊടുങ്ങല്ലൂരിനെയും പെരുവള്ളൂരിനെയും ബന്ധിപ്പിച്ചിരുന്ന കണ്ണി ഇതോടെ അറ്റു പോയിരിക്കുകയാണ്. അവരെ എങ്ങനെ മരണ വാര്ത്തയറിയിക്കും. കുടുംബത്തിലാര്ക്കും അവിടെ പരിചയമില്ല. നാട്ടിലും.

തിരൂരങ്ങാടിയില് നിന്നും പെരുവള്ളൂരിലെത്തിയ കോര്മ്മത്ത് ഉണ്ണി മുഹ് യദ്ദീന് മുസ്ല്യാരുടെ പുത്രന് അബൂബക്കര് ഹുസാമുദ്ദീന് എന്ന പോക്കര് ഹാജിയുടെ പുത്രന് അബ്ദുല്ഖാദിര് മുസ്ല്യാരുടെ മകനാണ് മരണപ്പെട്ട വന്ദ്യപിതാവ് ശംസുദ്ദീന് മുസ്ല്യാര്. പോക്കരാജിയുടെ മറ്റൊരു പുത്രനായ ഉണ്ണി മുഹ് യദ്ദീന് മുസ്ല്യാരുടെ മക്കളാണ് കൊടുങ്ങല്ലൂരിലെ പെരിഞ്ഞനത്ത് താമസിക്കുന്ന ഉബൈദുല്ലാ മുസ്ല്യാരും സഹോദരങ്ങളും. പെരുവള്ളൂരില് നിന്നും ദൂരെ കഴിയുന്ന കോര്മ്മത്തു ശാഖകള്  കൊടുങ്ങല്ലൂരും കൊടിയത്തൂരും മാത്രമാണെന്നായിരുന്നു ഇവിടത്തെ കോര്മ്മത്തുകാരുടെ വിശ്വാസം. തൊട്ടടുത്ത മഞ്ചേരി, കരുന്പില്, ചുള്ളിപ്പാറ, സി. കെ. നഗര്, പാലത്തിങ്ങല്, തുവ്വൂര് തുടങ്ങിയ സ്ഥലങ്ങളില് ഈ കുടുംബം വ്യാപിച്ചു കിടക്കുകയാണെന്ന് ഇവര് സ്വപ്നേപി അറിഞ്ഞരുന്നില്ല. തങ്ങള് പരസ്പരം സഹോദരങ്ങളാണെന്ന് മുന്ചൊന്ന പ്രദേശത്തുകാര്ക്കുമറിയില്ല. 

ഏതായാലും പിതാവ് ഉറ്റ ബന്ധം പുലര്ത്തിയിരുന്ന കൊടുങ്ങല്ലൂര്കാരറിയാതെ, അദ്ദേഹത്തിന്റെ ജനാസ ഖബറടക്കുകയായിരുന്നു. ഇതോടെ മനസ്സില് അസ്വസ്ഥത ഇഴഞ്ഞു കയറാന് തുടങ്ങി. ഇനിയും എന്തെങ്കിലും ചെയ്തില്ലെങ്കില് ഈ ബന്ധം എന്നെന്നേക്കുമയി അറ്റു പോകുമെന്നത് തീര്ച്ച. പിന്നെ കൊടിയത്തൂര് ശാഖ മാത്രം അവശേഷിക്കും. മുന്പ് മര്ഹൂം മഹ്മൂദ് മുസ്ല്യാര് നല്കിയ മഹത്തായ ഉപദേശം ഇപ്പോഴാണ് തലയില് കയറിയത്.

അധികമൊന്നും ആലോചിക്കാന് നില്‌കാതെ പിറ്റേ ദിവസം തന്നെ തൃശൂരിലേക്ക് ബസ്സു കയറി. അവിടെ നിന്ന് കൊടുങ്ങല്ലൂര് ഭാഗത്തേക്കുള്ള ബസ്സിലും. മുന്പ് പോയിരുന്ന ഒരേകദേശ രൂപം മാത്രമാണ് മനസ്സിലുണ്ടായിരുന്നത്. ഭാഗ്യവശാല് അടുത്ത സീറ്റിലുണ്ടായിരുന്ന വ്യക്തി പരിചയപ്പെടുകയും ബസ്സിറങ്ങേണ്ട സ്റ്റോപ്പ് പറഞ്ഞു തരികയും ചെയ്തു. മാത്രമല്ല, ഉറങ്ങിയ ശേഷം പോകേണ്ട വഴിയും ആ നല്ല മനുഷ്യന് വിവരിച്ചു തന്നു. ഉണ്ണി മുഹ് യദ്ദീന് മുസ്ല്യാരുടെ ജാറമായിരുന്നു ഇത്ര പെട്ടെന്ന് സ്ഥലം കണ്ടെത്താന് സഹായമായത്. ദിനംപ്രതി സിയാറത്തിന്നായി അവിടെയെത്തുന്ന നാനാഭാഗങ്ങളില് നിന്നുള്ള ആളുകളിലൊരാളായായിരുന്നു അദ്ദേഹം എന്നെ കരുതിയത്.

പെരിഞ്ഞനം എന്ന സ്ഥലത്ത് ബസ്സിറങ്ങിയ എനിക്ക് വളരെ വേഗം പൊന്മാണിയക്കുടം പള്ളിയിലെത്താന് കഴിഞ്ഞു. ആ വഴികാട്ടിയെ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്.

പള്ളിയില് രണ്ടു പേര് സംസാരിച്ചു കൊണ്ടിരിക്കുന്നു. വൃദ്ധനെങ്കിലും ആരോഗ്യവാനായ ഒരു മുസ്ല്യാര്‌. മുപ്പത്തിയഞ്ചിന്നും നാല്പതിനുമിടക്കുള്ള മറ്റൊരാളും. മുകളില് പറഞ്ഞ ഉബൈദുല്ല മുസ്ല്യാരും സഹോദര പുത്രന് ശംസുദ്ദീന് മുസ്ലിയാരുമായിരുന്നു അത്.

കണ്ട മാത്രയില് തന്നെ കോര്മ്മത്തിന്റെ ഒരു ഛായ എന്റെ മുഖത്ത് കണ്ടതായി ശംസുദ്ധീന് മുസ്ലിയാര് പിന്നീട് എന്നോട് പറയുകയുണ്ടായി.

പരിജയപ്പെട്ടപ്പോള് എല്ലാവര്ക്കും വളരെ സന്തോഷം. ഉബൈദുല്ല മുസ്ലിയാരുടെ സുദീര്ഘ സംസാരത്തില്, പെരുവള്ളൂര്, കൊടിയത്തൂര്, കൊടുങ്ങല്ലൂര് ശാഖകള് മാത്രമല്ല മഞ്ചേരിയും കടന്നു വന്നു. മഞ്ചേരിയെ കുറിച്ചാണ് അദ്ദേഹം കൂടുതല് സംസാരിച്ചതെന്നാണ് തോന്നുന്നത്. (പിതാവിന്റെ സംസാരത്തിലും പലപ്പോഴും മഞ്ചേരി കോര്മ്മത്തുകാര് വന്നിരുന്നതായി അപ്പോള് ഓര്മ്മ വന്നു. അദ്ദേഹം അവിടെ പോവുകയോ, അവിടത്തെ കുടുംബവുമായി ബന്ധപ്പെടുകയോ ചെയ്തിരുന്നില്ലെന്നു മാത്രം).  ഏതായാലും, ഞാന് ഇതേവരെ വെച്ചു പുലര്ത്തിയിരുന്നത് കൂപമണ്ഡൂകത്തിന്റെ നിലപാടായിരുന്നുവെന്നും പലേടത്തും വ്യാപിച്ചു കിടക്കുന്ന കോര്മ്മത്തു ശാഖകളില് ഒന്നു മാത്രമാണ് പെരുവള്ളുര് കോര്മ്മത്തു കുടുംബമെന്നും അദ്ദേഹത്തിന്റെ സംസാരത്തിലൂടെ വ്യക്തമായി.

അദ്ദേഹത്തിന്റെ സഹോദരന് ഫസ് ലുള്ള മുസ്ല്യാരുടെ വീട്ടില് നിന്നും ഭക്ഷണം കഴിഞ്ഞു തിരിച്ചു പോരാനിറങ്ങുന്പോഴായിരുന്നു ഒരു നോട്ടുബുക്കുമായി ഒരു യുവാവ് വരുന്നത്. ഫസ് ലുള്ള മുസ്ല്യാരുടെ മകന് നസീബുല്ല മാസ്റ്റര്. ഇക്കാ, ചില സംശയശങ്ങള്. ഇതൊന്നു പറഞ്ഞു തരണം. ഞാന് അത്ഭുതപ്പെട്ടു. എനിക്ക് തീര്ത്തു കൊടുക്കാന് കഴിയുന്ന എന്തു സംശയമാണ് ഇദ്ദേഹത്തിന്നുള്ളത്.

അദ്ദേഹം നോട്ടു ബുക്ക് വായിക്കാന് തുടങ്ങി. കോര്മ്മത്ത് കുടുംബത്തിന്റെ ചരിത്രമാണ്. പെരുവള്ളൂര്, കൊടിയത്തൂര്, കൊടുങ്ങല്ലൂര് കോര്മ്മത്ത് ശാഖകളെ പരസ്പരം ബന്ധിപ്പിക്കുന്ന ചരിത്രം. ഞാനന്വോഷിച്ചു കൊണ്ടിരുന്ന ചരിത്രം. മൂത്താപ്പ ഉബൈദുല്ല മുസ്ല്യാരുടെ പലപ്പോഴായുള്ള സംസാരത്തില് നിന്നും അദ്ദേഹം എഴുതിയെടുത്തതാണ്. ഞാന് അത്ഭുതപ്പെട്ടു. കോര്മ്മത്തിന്നു ചരിത്രമോ. ഇതോടെ ഞാന് കണ്ണു തുറക്കുകയായിരുന്നു. ഞാന് പറഞ്ഞു. സംശയം തീര്ക്കല് പിന്നെ. ഞാനിതൊന്നു പകര്ക്കട്ടെ. എന്റെ വിവരം വട്ടപൂജ്യമാണ്.

ഇറങ്ങുന്പോള് ഞാന് ഓര്മ്മിപ്പിച്ചു. ബാപ്പ മരിച്ചു. പക്ഷെ, നാം തമ്മിലുള്ള ബന്ധം ഇതോടെ അവസാനിച്ചു കൂടാ. അതാണ് ഞാന് വന്നത്. അടുത്തു തന്നെ നിങ്ങള് പെരുവള്ളൂര് വരണം.

പക്ഷെ, ഈ സന്ദര്ശനം, കോര്മ്മത്ത് കുടുബ ചരിത്രത്തിലെ മഹത്തായൊരു നാഴികക്കല്ലായി തീരുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. നസീബുല്ല മാസ്റ്റരുടെ പെരുവള്ളൂര് സന്ദര്ശനത്തോടെ മഹത്തായ കോര്മ്മത്ത് കുടുംബത്തിന്റെ രണ്ടു വന്സംഗമങ്ങള്ക്ക് അസ്തിവാരമിടുകയായിരുന്നു.

കെ. എ. ഖാദര് ഫൈസി




Thursday, September 10, 2015

ബാപ്പു മുസ്ല്യാര് കോര്മ്മത്ത് സംഗമം പ്രവര്ത്തകരോടൊപ്പം 2010


കോര്മ്മത്ത് അബ്ദുല്ഖാദര് മുഹ്യദ്ദീന് എന്ന ബാപ്പു മുസ്ല്യാര് നിര്യാതനായി.




പറപ്പൂര്. സപ്ത. 10
കോര്മത്ത് കുടുംബത്തിലെ തലമുതിര്ന്ന കാരണവര് കോര്മ്മത്ത് അബ്ദുല്ഖാദര് മുഹ്യദ്ദീന് എന്ന ബാപ്പു മുസ്ല്യാര് നിര്യാതനായി. പുത്രന് അബൂബക്കറിന്റെ പുതിയങ്ങാടിയി (തിരൂര്)ലെ വീട്ടില് വെച്ചായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് പറപ്പൂരിലേക്ക് കൊണ്ടുവരുന്ന മൃതദേഹം 9 മണിക്ക് വീണാലക്കലെ തറവാട് ശ്മശാനത്തില് മറവു ചെയ്യും.

കോര്മത്ത് തറവാടിന്റെ അറിയപ്പെട്ട പിതാമഹന് ഖാദി അറബിയുടെ പൗത്രന് ഉണ്ണി മുഹ് യദ്ദീന് എന്ന ഉണ്ണീന് മുല്ലയുടെ മൂന്നാം തലമുറയില് പെട്ട കോര്മത്ത് അബൂബക്കര് മസ്ല്യാരുടെ (സയ്യിദ് ബക് രി)യുടെ പുത്രനാണ്. പരേതനായ സയ്യിദ് അബ്ദുല്ല എന്ന കൂച്ചി, ശാഹുല് ഹമീദ് മൗലവി, മറിയക്കുട്ടി എന്നിവര് സഹോദരങ്ങളാണ്. അബൂബക്കര്, അബ്ദുര്റസാഖ് എന്നിവര് പുത്രന്മാര്.

2010 ലും 2013 ലും മഞ്ചേരിയില് നടന്ന കോര്മത്ത് സംഗമങ്ങളില് ഇദ്ദേഹം ആദരിക്കപ്പെട്ടിരുന്നു.


പരേതന്ന് അല്ലാഹു മഗ്ഫിറത്ത് നല്കട്ടെ ആമീന്