Sunday, March 6, 2011

ഷിഫീൻ രോഷൻ: കോർമത്തിന്റെ ഗാനകോകിലം



കേരളത്തില്‍ മാത്രമല്ല, ഇന്ത്യക്കകത്തും പുറത്തും ഓടി നടന്നു സംഗീതപ്രേമികളെ ഹരം കൊള്ളിക്കുന്ന കോര്‍മത്തിന്റെ ഗാനകോകിലത്തെ, കാണുകയും കോര്‍മത്തുകാര്‍ക്കു പരിചയപ്പെടുത്തുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ്, മഞ്ചേരിയുടെ പ്രാന്തപ്രദേശമായ വെള്ളാങ്ങരയിലേക്ക് ഞങ്ങളുടെ വാഹനം നീങ്ങിയത്. അവിടെ ഒരു ചെറുകുടിലില്‍ താമസിക്കുന്ന കോര്‍മത്ത് യൂസുഫ് എന്ന ചെറിയാപുവിന്റെയും, അരീക്കോട്ടെ, ഉഗ്രപുരം സ്വദേശി പയനിപ്പറമ്പ് സെയ്തലവിയുടെ മകള്‍ ബേനസീറിന്റെയും പുത്രന്‍ ഷിഫിന്‍ രോഷനായിരുന്നു ആ അപൂര്‍വ പ്രതിഭ.

യൂസുഫും ബേനസീറും

സീറത്തുന്നബി
മഞ്ചേരി ഹിദായത്തുസ്സിബിയാന്‍ യതീംഖാന ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ്റ്റു വിദ്യാര്‍ത്ഥിയായ ഷിഫിന്‍, എട്ടാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു, ‘സീറത്തുന്നബി’ എന്ന പേരില്‍ ഒരു കാസറ്റ് റിക്കാര്‍ഡിങ്ങിലൂടെ, മാപ്പിളപ്പാട്ട്


വേദിയിലേക്ക് കാലെടുത്തു വെച്ചത്. ഈ കാസറ്റ് ജനഹൃദയങ്ങളില്‍ വലിയ സ്വാധീനമാണുണ്ടാക്കിയത്. അതിനാല്‍ തന്നെ, ഗായകനായ ഷിഫീന്‍ പ്രസിദ്ധിയുടെ പടവുകള്‍ കയറാന്‍ തുടങ്ങി. അതോടെ, കേരളത്തിലെ മാപ്പിളപ്പാട്ടു വേദികളില്‍ ഈ കൊച്ചു പ്രതിഭ സംഗീതപ്രേമികളുടെ ഒരു ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു. കേരളത്തിലങ്ങുന്നിങ്ങോളം ഓടിനടന്നു ഷിഫീന്‍ എന്ന ഗാനകോകിലം, സംഗീത സദസ്സുകളെ സജീവമാക്കിക്കൊണ്ടിരുന്നു.


ദുബായില്‍
ഇതിനിടയിലാണ്, കെ. എം. സി. സിയുടെ ക്ഷണപ്രകാരം ഷിഫിന്‍ ദുബൈയിലെത്തുന്നത്. അവിടെ സംഘടിപ്പിച്ച സംഗീത വിരുന്ന്, മലയാളികളെ മാത്രമല്ല, അറബികളടക്കമുള്ള വിദേശികളെയും ഹര്‍ഷോന്മത്തരാക്കുകയായിരുന്നു. ഇതോടെ, യു. എ. ഇയില്‍, ഷിഫിന്റെ പ്രസിദ്ധി വ്യാപിക്കാന്‍ തുടങ്ങി. അവിടെ നിരവധി തവണ പരിപാടികളവതരിപ്പിക്കുകയുണ്ടായി.


ജപ്പാനില്‍
പക്ഷെ, ഷിഫിന്റെ പ്രസിദ്ധി അവിടെയും ഒതുങ്ങിയില്ല. സംസ്ഥാന മാപ്പിളപ്പാട്ട് മത്സരത്തില്‍, തുടര്‍ച്ചയായി മൂന്നു തവണ ‘എ’ ഗ്രൈഡോടെ, ഒന്നാം സ്ഥാനം കരസ്തമാക്കിയ ഷിഫിന്‍ കേന്ദ്രത്തിന്റെ ശ്രദ്ധയും പിടിച്ചു പറ്റുകയുണ്ടായി. അങ്ങനെയാണ്, 2010 ല്‍, ജെ. ഐ. സി. ഇയുടെ ക്ഷണപ്രകാരം ജപ്പാന്‍ സന്ദര്‍ശിക്കാനും അവിടെ, ‘ജപ്പാന്‍ ഈസ്റ്റ് ഏഷ്യ നെറ്റ് വര്‍ക്ക് ഓഫ് എക്സ് ചെയ്ഞ്ച് ഫോര്‍ സ്റ്റുഡന്‍സ് ആന്റ് യൂത്ത്സ് പ്രോഗ്രാമി‘ല്‍ പങ്കെടുക്കാനും അന്താരാഷ്ട്ര

ടോക്കിയോവില്‍




പ്രതിഭകളൊടൊപ്പം പരിപാടികളവതരിപ്പിക്കാനും കഴിഞ്ഞത്. ഇതോടെ, അന്താരാഷ്ട്ര തലത്തില്‍, ഈ കൊച്ചു പ്രതിഭ ശ്രദ്ധിക്കപ്പെടുകയായിരുന്നു. 17 ദിവസം ജപ്പാനില്‍ തങ്ങിയ ഷിഫിന്‍, അന്താരാഷ്ട്ര പ്രതിഭകളെ അമ്പരപ്പിച്ചു കൊണ്ടാണ് നാട്ടിലേക്കു തിരിച്ചത്.



പഠനകര്യത്തില്‍ ആശങ്ക
ഇതെല്ലാമാണെങ്കിലും, തന്റെ പഠനത്തിന്റെ കാര്യത്തില്‍ ഷിഫീന്ന് അല്പം ആശങ്കയില്ലാതില്ല. വിദേശ യാത്രകള്‍, രാജ്യത്തിനകത്തു തന്നെയുള്ള പരിപാടികള്‍ എന്നിവ തന്റെ ഹാജറിനെ കാര്യമായി ബാധിക്കുന്നതായി ഈ പ്രതിഭ ഭയപ്പെടുന്നു. ക്ലാസ്സില്‍, ഏറ്റവും ഹാജര്‍ കുറഞ്ഞ വിദ്യാര്‍ത്ഥി താനാണെന്ന് വളരെ വേദനയോടെയാണ് ഷിഫീന്‍ ഞങ്ങളെ അറിയിച്ചത്. ഏതായാലും, അതെല്ലാം തരണം ചെയ്യാനുള്ള ആത്മവിശ്വാസം ഈ മിടുക്കനുണ്ട്.



പ്രോത്സാഹനം ഗുരുക്കളുടേത്
ഉയരങ്ങള്‍ കീഴടക്കാനുള്ള യത്നത്തില്‍, തനിക്കേറ്റവും താങ്ങും തണലുമായി വര്‍ത്തിക്കുന്നത് ഗുരു വന്ദ്യയായ ഖദീജ ടീച്ചറും ഹെഡ് മാസ്റ്റര്‍ ബഷീര്‍ മാസ്റ്ററുമാണെന്നു ഷിഫീനും മാതാവ് ബേനസീറും അറിയിച്ചത് വളരെ നന്ദിയോടെയായിരുന്നു. പടവുകള്‍ കയറാനുള്ള തങ്ങളുടെ പുത്രന്റെ യത്നത്തില്‍, യൂസുഫും ബേനസീറും എത്രമാത്രം പിന്തുണയാണ് നല്‍കുന്നതെന്നു ഞങ്ങള്‍ അനുഭവത്തിലൂടെ ത്തന്നെ മനസ്സിലാക്കി.

ട്രോഫികള്‍ ഒരു ദൃശ്യം

ട്രോഫികളുടെ കൂമ്പാരം
അരണ്ട വെളിച്ചമുള്ള ഒരു കൊച്ചു മുറിയില്‍, ഷിഫീന്‍ വാരിക്കൂട്ടിയ നൂറുക്കണക്കില്‍ ട്രോഫികള്‍ മിന്നിത്തിളങ്ങുന്നത് ഞങ്ങള്‍ കണ്ടു. ഇത്രയും കുറഞ്ഞ കാലയളവില്‍, ഇത്രമാത്രം സമാനങ്ങള്‍ നേടാന്‍ ഈ പതിനാറുകാരനെങ്ങനെ കഴിഞ്ഞുവെന്ന് ഞങ്ങള്‍ അത്ഭുതപ്പെടുകയായിരുന്നു.

ഷിസ്നാ പര്‍വീണിനോടൊപ്പം

യൂസുഫ് – ബേനസീര്‍ ദമ്പതികളുടെ രണ്ടാമത്തെ സന്തതിയായ ഷിസ്നാ പര്‍വീണും സംഗീതത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഈ കൊച്ചു മിടുക്കിയും മാപ്പിളപ്പാട്ട് മത്സരങ്ങളില്‍, സമ്മാനങ്ങള്‍ വാരിക്കൂട്ടാന്‍ ഇപ്പോള്‍ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.


കോര്‍മത്ത് കുടുംബത്ത്ലെ ഗാനകോകിലത്തെ കാണാനും സംസാരിക്കാനും കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യത്തോടെയാണ്, അടുത്തു തന്നെ സു ഊദി അറേബ്യ സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്ന ഷിഫീന്‍ രോഷിനോടും കുടുംബത്തോടും ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങിയത്.



സയ്യിദ് ശിഹാബ് തങ്ങളെ കുറിച്ചൊരു ഗാനം



ഷിഫീനെ കുറിച്ച് വിധികര്‍ത്താക്കള്‍

No comments:

Post a Comment