മാനുക്ക
2011 ജന 26 ന്നു, കോട്ടക്കല്‍ പറപ്പൂരിലെ കോര്‍മത്ത് സയ്യിദ് അബ്ദുല്ല എന്ന കൂച്ചിക്കയുടെ ജനാസ സംസ്കരണ ശേഷം ഞങ്ങള്‍ നേരെ പോയത് കല്പകഞ്ചേരി എന്ന സ്ഥലത്തേക്കായിരുന്നു. മഞ്ചേരിയില്‍ നിന്നും അവിടെ കുടിയേറി പാര്‍ത്ത കോര്‍മത്ത് അഹ്മദ് എന്ന മാനുക്കയെ കാണുകയായിരുന്നു ലക്ഷ്യം. തിരൂരങ്ങാടിയിലെ കോര്‍മത്ത് അബ്ദുറഹ്മാന്‍ ഹാജി,കൊടുങ്ങല്ലൂരിലെ നസീബുല്ല മാസ്റ്റര്‍, ചെറൂപ്പയിലെ അബുല്‍ ഖൈര്‍ മൌലവി, മഞ്ചേരിയിലെ കോര്‍മത്ത് അബ്ദുല്ല, കോര്‍മത്ത് അലവിക്കുട്ടി ഹാജി, കോര്‍മത്ത് സത്താര്‍ ഹാജി, കോര്‍മത്ത് മുഹമ്മദ് എന്ന കുഞ്ഞാന്‍, കോര്‍മത്ത് ഷാജി എന്നിവരടങ്ങുന്നതായിരുന്നു സംഘം. രണ്ടു കാറുകളും ഒരു മോട്ടോര്‍ സൈക്കിളുമായി അഞ്ചരിച്ച സംഘത്തിന്റ്റെ യാത്ര, ഇടുങ്ങിയ റോഡിലൂടെ വഴിയറിയാതെ കുറെ നേരം വട്ടം കറങ്ങുകയുണ്ടായി എന്നതൊഴിച്ചാല്‍, രസകരമായിരുന്നു. അവസാനം, ആടിനെ മേച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു സ്ത്രീ ‘പൈലറ്റാ‘യി സഞ്ചരിച്ചു കൊണ്ടാണ് ലക്ഷ്യ സ്ഥാനത്തെത്താന്‍ കഴിഞ്ഞത്. [അവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ എന്ന് സംഘം ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.]
നട്ടുച്ച സമയത്താണ് ഞങ്ങള്‍ ലക്ഷ്യ സ്ഥാനത്തെത്തിയത്. അല്പ നേരത്തെ കാത്തിരിപ്പിന്നു ശേഷം, മാനുക്ക പുറത്തു വന്നു. വാക്കറുടെ സഹായത്തോടെ മന്ദം മന്ദം നടന്നു വന്ന ആ തൊണ്ണൂറ്റി രണ്ടുകാരന്റെ മുഖം കുലീനതയും ഗാംഭീര്യവും സ്ഫുരിക്കുന്നതായിരുന്നു. കേള്‍വിക്ക് അല്പം കുറവുണ്ടെന്നതൊഴിച്ചാല്‍ കാര്യമായ ആരോഗ്യപ്രശ്നമൊന്നും ഉള്ളതായി തോന്നിയില്ല.
മലബാറിലെ അംഗുലീപരിമിതരായ അഭ്യസ്തവിദ്യരിലും ഉയര്‍ന്ന ഉദ്യ്യോഗസ്ഥരിലും എടുത്തു പറയത്തക്ക ദേഹമായിരുന്ന കോര്‍മത്ത് കുഞ്ഞിരായിന്‍ റൈഞ്ചറായിരുന്നു പിതാവ്. മുസ്ലിംകള്‍ ഭൌതിക വിദ്യാഭ്യാസം നിഷിദ്ധമായി കണക്കാക്കിയിരുന്ന അക്കാലത്ത്, ഭൌതിക വിദ്യാഭ്യാസത്തിലേക്ക് സധീരം കാലെടുത്തു വെക്കുക മാത്രമല്ല, ആജീവനാന്തം പേരിനൊപ്പം, ഒരു ഇംഗ്ലീഷ് പദം- ‘റൈഞ്ചര്‍’ - കൊണ്ടു നടക്കുക പോലും ചെയ്ത ‘റൈഞ്ചര്‍’ മലബാര്‍ മേഖലയിലെ ഒരത്ഭുതം തന്നെയായിരുന്നു.
കോര്‍മത്ത് കുഞ്ഞിരായന്‍ റൈഞ്ചര്‍, മഞ്ചേരി
അദ്ദേഹത്തിന്റെ പതിനാറുമക്കളില്‍ മൂത്ത മകനാണ് കോര്‍മത്ത് അഹ്മദ് എന്ന മാനുക്ക. ലത്തീഫ്, അബ്ദുറഹ്മാന്‍, അബൂബക്കര്‍, മറിയുമ്മ, ആമിന, പാത്തുണ്ണി, നഫീസ, റുഖിയ, സുഹ്ര , പരേതരായ അബ്ദുല്‍ അലി, അബ്ദുല്‍ ഖാദര്‍, ഉണ്ണിപാത്തു, ഉണ്ണി ആയിശ, ആസ്യ, റാബിയ, എന്നിവരാണ് സഹോദരീ സഹോദരങ്ങള്‍.
അബുല്‍ ഖൈര്‍ മൌലവിയും മാനുക്കയും
കോര്‍മത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ ഒരു പുസ്തകം പിതാവിന്റെ കൈവശമുണ്ടായിരുന്നുവെന്നും, പക്ഷെ, ഇപ്പൊഴത് നഷ്ടപ്പെട്ടിട്ടുണ്ടെന്നും മാനുക്ക പറയുന്നു. താനൂരിലെ കോര്‍മന്‍ കടപ്പുറത്തെത്തിയ മൂന്നു പേരില്‍ നിന്നാണ് കോര്‍മത്ത് കുടുംബം ഉത്ഭവിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇസ്ലാമിക പ്രചാരണാര്‍ത്ഥം അവിടെ എത്തിയ മൂവര്‍ സംഘം തങ്ങളുടെ ദൌത്യ നിര്‍വഹണ ശേഷം മൂന്നു ദിശകളിലേക്കായി പിരിഞ്ഞു പോവുകയായിരുന്നുവത്രെ. ഇതു കേട്ടപ്പോള്‍, പ്രസ്തുത മൂന്നുപേരില്‍ ഒരാളായിരിക്കാം തിരൂരങ്ങാടിയിലെത്തിയതെന്നും അങ്ങനെയായിരിക്കാം അദ്ദേഹം താമസിച്ച സ്ഥലത്തിന്നു ‘കോര്‍മത്ത് പറമ്പ്’ എന്ന പേര്‍ ലഭിച്ചതെന്നും, ഒരുവേള, സംഘത്തിന്നു തോന്നി. പക്ഷെ, പിന്നീട് കോര്‍മ്മന്‍ കടപ്പുറത്തെത്തി നടത്തിയ അന്വേഷണത്തില്‍, ഉപോല്‍ബലകമായ തെളിവുകളൊന്നും ലഭിക്കുകയുണ്ടായില്ല.
മഞ്ചേരിയിലെ പ്രമുഖ ബാരിസ്റ്ററായ അഡ്വ. അശ് റഫ് മാനുക്കയുടെ പുത്രനാണ്. കല്പകഞ്ചേരിയില്‍, ഭാര്യയും രണ്ടു മക്കളുമായി കഴിയുകയാണ്, കോര്‍മത്തു തറവാട്ടിലെ ഏറ്റവും പ്രായം കൂടിയ ഇദ്ദേഹം.
No comments:
Post a Comment