Thursday, March 31, 2011

1894-1956
കോര്‍മത്ത് കുഞ്ഞഹമ്മദ് ഹാജി s/o ഉണ്ണിമോയിന്‍ ഹാജി (മഞ്ചേരി)- അബ്ദുല്ല കോര്‍മത്തിന്റെ പിതാവ്

Wednesday, March 30, 2011

ഉണ്ണിമുഹ് യദ്ദീൻ - ഫാതിമ ഹജ്ജുമ്മ ദമ്പതികൾ: പെരുവള്ളൂരിലെത്തിയ ആദ്യ കോർമത്തുകാർ

മക്കയില്‍ നിന്നും തിരൂരങ്ങാടിയില്‍ എത്തിയ ഖാദി അറബി എന്നയാള്‍ അവിടത്തെ ‘കോര്‍മത്ത് പറമ്പി’ല്‍ താമസിച്ചിരുന്നു. അബൂബക്കര്‍ സിദ്ദീഖിന്റെ മകന്‍ അബ്ദുറഹ്മാന്റെ സന്താന പരമ്പരയില്‍ പെട്ട ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരെന്താണെന്നറിയപ്പെട്ടിട്ടില്ല. തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയുടെ വടക്ക് വശത്ത് പുഴയോടടുത്താണ് ഇദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.
ഇദ്ദേഹത്തിന്റെ പൌത്രന്മാരിലൊരാളായ ഉണ്ണിമുഹ്യദ്ദീന്‍ എന്ന ഉണ്ണീന്‍ മൊല്ല പിന്നീട് ഈ സ്ഥലത്ത് താമസിക്കുകയുണ്ടായി.


പ്രസ്തുത സ്ഥലം ഇന്നും കോര്‍മത്ത് പറമ്പ് എന്നാണറിയപ്പെടുന്നത്. ഈ പറമ്പില്‍ താമസിച്ചതിനാലാണ് അദ്ദേഹത്തിന്റെ സന്താന പരമ്പര ‘കോര്‍മത്ത്കാര്‍’ എന്നറിയപ്പെടുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്നിത് മറ്റൊരാളുടെ ഉടമസ്ഥതയിലാണുള്ളത്. പക്ഷെ, അതില്‍ സ്ഥിതി ചെയ്യുന്ന വീടിന്ന് ഇപ്പോഴും കോര്‍മത്ത് ഹൌസ് എന്നാണ് നാമകരണം



ചെയ്യപ്പെട്ടിരിക്കുന്നതെന്നത് ഒരത്ഭുതം തന്നെ. മമ്പുറം സയ്യിദ് അലവി തങ്ങളുടെ സമകാലീനനായിരുന്നു ഉണ്ണിമുഹ്യദ്ദീന്‍.
ഇക്കാലത്ത്, കൊടുങ്ങല്ലൂരിന്ന് വടക്കു ഭാഗത്ത് സാഹിബിന്റെ പള്ളിയില്‍, മുനവ്വര്‍ ഷാഹ് എന്നൊരാള്‍ വന്നു താമസിച്ചിരുന്നു. ഒരിക്കല്‍, അജ്മീറില്‍ പോയുഇ തിരിച്ചു വന്നപ്പോള്‍ സയ്യിദ് മര്‍ജാന്‍ എന്നൊരാള്‍ കൂടെയുണ്ടായിരുന്നു. മുനവ്വര്‍ ഷായുടെ ഒരു ബന്ധുവായിരുന്നു ഇദ്ദേഹം. അവിടെ നിന്ന് വിവാഹം കഴിച്ച അദ്ദേഹത്തിന്നു സയ്യിദ് മസ് ഊദ് എന്നൊരു മകന്‍ ജനിച്ചു. പെരിഞ്ഞനത്തിന്റെ തെക്കു ഭാഗത്തുള്ള ‘ചെമ്പിട്ട വീട്ടിലാ’യിരുന്നു മാതാവിനോടൊപ്പം ഈ കുട്ടി ജീവിച്ചത്.
ഈ കുട്ടി വളര്‍ന്നു വലുതായ ശേഷം, തിരൂരങ്ങാടിക്കടുത്ത പാലമഠത്തില്‍ ചെന പള്ളിയില്‍ ഓത്തു പള്ളി കെട്ടി കുട്ടികളെ പഠിപ്പിച്ചു പോരികയായിരുന്നു. ഒരിക്കല്‍, വീട്ടില്‍ പോയി തിരിച്ചു വന്നത് സ്വന്തം മകളുമൊന്നിച്ചായിരുന്നു. ഫാത്വിമ എന്നായിരുന്നു ഈ കുട്ടിയുടെ പേര്‍. അനുയോജ്യനായൊരു വരന്നു തന്റെ കുട്ടിയെ കല്യാണം കഴിച്ചു കൊടുക്കണമെന്ന് മമ്പുറം തങ്ങളോടാവശ്യപ്പെട്ടു കൊണ്ടാണ് സ്വന്തം മകളെ കൊണ്ടു വന്നത്. തങ്ങളാകട്ടെ, അന്നു തന്നെ, ഖാളി അറബിയുടെ പൌത്രനായ ഉണ്ണി മുഹ് യദ്ദീനെ വിളിച്ചുവരുത്തി കുട്ടിയെ അദ്ദേഹത്തിന്നു വിവാഹം കഴിച്ചു കൊടുക്കുകയായിരുന്നു.
പെരുവള്ളൂരിലെ പൌരപ്രധാനിയും മതഭക്തനുമായിരുന്നു അരീക്കാട്ട് മൊയ്തീങ്കുട്ടി ഹാജി. കൊണ്ടോട്ടിയിലെ റിലീഫ് ഹോസ്പിറ്റല്‍ ഉടമ ഡോ. എ. മൊയ്തീങ്കുട്ടിയുടെ പിതാമഹന്മാരിലൊരാളാണിദ്ദേഹം. അദ്ദേഹം, തന്റെ ഉടമസ്ഥതയിലുള്ള അരീക്കാട്ട് പറമ്പില്‍


ഒരു പള്ളിയുണ്ടാക്കി വഖ്ഫ് ചെയ്യുകയുണ്ടായി. അരീക്കാട്ട് പള്ളി എന്ന പേരില്‍ ഇന്നും ഇത് നിലകൊള്ളുന്നു. മമ്പുറം തങ്ങളുടെ ഉറ്റ അനുയായികളിലൊരാളായിരുന്ന ഇദ്ദേഹം, സ്വാഭാവികമായും പള്ളിയുടെ മതപരമായ നേതൃത്വത്തിന്നു അര്‍ഹനായൊരാളെ അയച്ചു തരാന്‍ തങ്ങളോടാവശ്യപ്പെട്ടു. ഇങ്ങനെയായിരിക്കാം മുഹ്യദ്ദീന്‍ - ഫാത്വിമാ ദമ്പതികള്‍ക്ക് മമ്പുറം തങ്ങള്‍,


പള്ളിയോട് തൊട്ടടുത്തുള്ള ‘എരണിപ്പുറത്ത് പറമ്പില്‍’ സ്വന്തമായൊരു വീടു വെച്ചു കൊടുത്തത്. ഈ പള്ളിയുടെ മതപരമായ നേതൃത്വം ഇന്നു വരെ കോര്‍മത്തു കുടുംബത്തില്‍ പെട്ടവരാണ് നടത്തിവരുന്നതെന്നത് ശ്രദ്ധേയമാണ്.
പെരുവള്ളൂരില്‍ താമസിച്ചു വരികയായിരുന്ന മുഹ്യദ്ദീന്‍ - ഫാത്വിമാ ദമ്പതികള്‍ക്ക് അഞ്ചു കുട്ടികളുണ്ടായി. അബൂബക്കര്‍ ഹുസാമുദ്ദീന്‍ എന്ന പോക്കര്‍ ഹാജി, മസ് ഊദ് ഹാജി, കുഞ്ഞഹമ്മദ്, അഹ്മദ്, കമ്മദ് അഥവാ കമ്മു മുസ്ലിയാര്‍ എന്നിവരാണവര്‍.
മതഭക്തിയില്‍, ഉണ്ണിമുയദ്ദീന്റെ ഒട്ടും പിന്നിലായിരുന്നില്ല ഫാത്വിമ. ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുക അവരുടെ ഒടുങ്ങാത്ത ആഗ്രഹമായിരുന്നു. അതിനായി ഭര്‍ത്താവിനെ പ്രേരിപ്പിക്കുന്ന യത്നത്തില്‍ അവസാനം ആ സ്ത്ര്രി രത്നം വിജയിക്കുകയായിരുന്നു. അന്നത്തെ പ്രാരാബ്ധങ്ങളും പ്രതിസന്ധികളുമൊന്നും ഈ യത്നത്തില്‍ നിന്നവരെ പിന്തിരിപ്പിക്കാന്‍ പര്യപ്തമായിരുന്നില്ല. അങ്ങനെ, ഹജ്ജിന്നായി പുറപ്പെട്ട ഇരുവരും കോഴിക്കോട്ടെ സയ്യിദ് കുടുംബത്തിലെത്തുകയായിരുന്നു. പക്ഷെ, ഇരുവരും തനിച്ചു പോകുന്നത് ആ കുടുംബം ഇഷ്ടപ്പെട്ടില്ല. അവസാനം നാട്ടില്‍ നിന്നും മസ് ഊദിനെ വരുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്. പക്ഷെ, യാത്രക്കിടയില്‍ ഉണ്ണിമുഹ്യദ്ദീന്‍ മരണപ്പെടുകയായിരുന്നു.
ഫാത്വിമ ഹജ്ജുമ്മയുടെ സഹോദരി കുഞ്ഞീമയും വിവാഹിതയായി പെരുവള്ളൂരിലെത്തിയിരുന്നു. മമ്പുറം തങ്ങളുടെ ശിഷ്യനായിരുന്ന ചെമ്പന്‍ മൊയ്തീങ്കുട്ടി മുസ്ലിയാരായിരുന്നു വരന്‍. മുടക്കീല്‍, ഒളകര എന്നീ മഹല്ലുകളുടെ നേതൃത്വം തങ്ങള്‍ ഇദ്ദേഹത്തെയായിരുന്നു ഏല്പിച്ചിരുന്നത്.
എന്നാല്‍, ഈ സഹോദരിയുടെ മരണത്തോടെ, വിധവയായ ഫാത്വിമ ഹജ്ജുമ്മയെ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ വിവാഹം കഴിച്ചു. ഹജ്ജുമ്മ വീണ്ടും ഹജ്ജുകര്‍മ്മത്തിന്നു ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഏകദേശം, ഹിജ്ര 1326 ലാണ്‍ ഹജ്ജുമ്മ മരണപ്പെട്ടതെന്നു കരുതപ്പെടുന്നു. പെരുവള്ളൂരിലെ, നടുപ്പറമ്പ് പള്ളി ഖബറിസ്ഥാനിലാണിവര്‍ അന്ത്യ വിശ്രമം കൊള്ളുന്നത്. ഹജ്ജിന്നു പോകുമ്പോള്‍ അവര്‍ കൊണ്ടു പോയിരുന്ന ഒരു വലിയ മരപ്പെട്ടി ഇന്നും എരണിപ്പുറത്ത് വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്.

ഏകദേശം ഒന്നേകാൽ നൂറ്റാണ്ടിന്ന് മുമ്പ് ഹജ്ജിന്നു പോകുമ്പോൾ ഫാത്വിമഹജ്ജുമ്മ കൊണ്ടു പോയ മരപ്പെട്ടി

കറപുരളാത്ത കരങ്ങളുമായി ഒരു റവന്യു ഉദ്വോഗസ്ഥൻ



അഴിമതിയില്‍ ആമൂലാഗ്രം ആപതിച്ചു കഴിഞ്ഞൊരു ലോകത്ത്, ധനമോഹികളുടെ കറവപ്പശുവായ റവന്യു വകുപ്പ് കൈയില്‍ വെച്ചു കൊണ്ട് വാടക വീട്ടില്‍ കഴിയുകയും അവിടെ വെച്ചു കൊണ്ടു തന്നെ റിട്ടയര്‍ ചെയ്യുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഉദ്വോഗസ്ഥന്‍! വര്‍ത്തമാന കാല സ്ഥിതിഗതികള്‍ വിലയിരുത്തുന്നവരെ സംബന്ധിച്ചിടത്തോളം, കേവലം മുത്തശ്ശിക്കഥകളില്‍ മാത്രം ജീവിതമുള്ളവനായിരിക്കും അദ്ദേഹം! പക്ഷെ, മലപ്പുറം ജില്ലയിലെ തുവ്വൂര്‍ക്കാരനായ കോര്‍മത്ത് അബ്ദുല്ലയെ സംബന്ധിച്ചിടത്തോളം ഇത് അക്ഷരം പ്രതി സത്യമായിരുന്നു. അഴിമതിയുടെ കറപുലരാത്ത കരങ്ങളുമായാണ് അദ്ദേഹം സര്‍വശക്തനിലേക്ക് യാത്ര തിരിച്ചത്.
കോര്‍മത്ത് അഹ്മദിന്റെയും കല്ലായി മറിയുമ്മയുടെയും മകനായി 1934 ജൂലൈ 1ന്ന് തുവ്വൂരില്‍ ജനിച്ചു. നിലമ്പൂര്‍ മാനവേദന്‍ സ്കൂളില്‍ മേട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയ അബ്ദുല്ല, 1958 ജനുവരി 31ന്ന് സിവില്‍ സപ്ലൈസില്‍, മഞ്ചേരി റേഷനിംഗ് ഇന്‍സ്പെക്ടറായാണ് ഗവര്‍മ്മെന്റ് സര്‍വീസില്‍ പ്രവേശിച്ചത്. തുടര്‍ന്ന് റവന്യു ഡിപ്പാര്‍ട്ട്മെന്റില്‍ 10 വര്‍ഷക്കാലത്തോളം ഏറനാട് താലൂക്ക് ഡെ. താസില്‍ദാറായി സേവനമനുഷ്ടിച്ച അദ്ദേഹത്തിന്ന് വണ്ടൂര്‍ ലാന്റ് ട്രിബൂണില്‍ താസില്‍ദാറയി പ്രമോഷന്‍ ലഭിച്ചു. പിന്നെ, പെരിന്തല്‍മണ്ണ താസില്‍ദാറായി ഒന്നര വര്‍ഷക്കാലത്തോളം സേവനമനുഷ്ടിച്ച ശേഷം, ഏറനാട് താലൂക്ക് താസില്‍ദാറായി,1989 ജൂണ്‍ 30 ന്ന്, റിട്ടയര്‍ ചെയ്തു.
റിട്ടയര്‍മെന്റിന്നു ശേഷം അല്പകാലം, പൊന്നാനി മ ഊനത്തുല്‍ ഇസ്ലാം സഭ സൂപ്രണ്ടായി സേവനം ചെയ്തിട്ടുണ്ട്. 2006 ഫെബ്രുവരി 7ന്ന് മരണമടഞ്ഞു.

കോർമത്തുകാരെ കോർത്തിണക്കുന്നതിൽ, പരേതനായ അബ്ദുല്ല സാഹെബ് വഹിച്ച പങ്ക് നിസ്സീമമാണ്. പോക്കർക്കയുടെ വലം കയ്യായി എപ്പോഴും എവിടെയും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. അതിനാൽ തന്നെ, ആ മഹദ്കർമ്മത്തിന്റെ മഹത്തായ പ്രതിഫലം അദ്ദേഹത്തിന്നു ലഭിക്കാതിരിക്കില്ല. ആ മഹാത്മാവിന്ന് അല്ലാഹു നിത്യശാന്തി നൽകട്ടെ. ആമീൻ!

വെസ്റ്റു കോടൂരിലെ, ചക്കിങ്ങല്‍തൊടി അബ്ദുറസാക്കിന്റെയും പേരാപ്പുറത്ത് മമ്മാദിയയുടെയും മകളായ സീനത്താണ് സഹധര്‍മ്മിണി. സലീം കോര്‍മത്ത്, ശമീര്‍ കോര്‍മത്ത്, ശഫീഖ് കോര്‍മത്ത്, അഡ്വ. സോണിയ കോര്‍മത്ത്, സോഫിയ ഫിറോസ് എന്നിവരാണ് മക്കള്‍. റുബീനാ സലീം, ലൈലാ ശമീര്‍, ഫിറോസ് എന്നിവര്‍ മരുമക്കളാണ്. ജാസിം സലീം, ജിയാ സലീം, ആയിഷ ലേന ഫിറോസ്, ഇഷല്‍ ശമീര്‍ എന്നിങ്ങനെ 4 പേരമക്കളുണ്ട്.

Saturday, March 19, 2011

തൊണ്ണൂറുകളുടെ മികവിൽ ‘മാനുക്ക’

മാനുക്ക

2011 ജന 26 ന്നു, കോട്ടക്കല്‍ പറപ്പൂരിലെ കോര്‍മത്ത് സയ്യിദ് അബ്ദുല്ല എന്ന കൂച്ചിക്കയുടെ ജനാസ സംസ്കരണ ശേഷം ഞങ്ങള്‍ നേരെ പോയത് കല്പകഞ്ചേരി എന്ന സ്ഥലത്തേക്കായിരുന്നു. മഞ്ചേരിയില്‍ നിന്നും അവിടെ കുടിയേറി പാര്‍ത്ത കോര്‍മത്ത് അഹ്മദ് എന്ന മാനുക്കയെ കാണുകയായിരുന്നു ലക്ഷ്യം. തിരൂരങ്ങാടിയിലെ കോര്‍മത്ത് അബ്ദുറഹ്മാന്‍ ഹാജി,കൊടുങ്ങല്ലൂരിലെ നസീബുല്ല മാസ്റ്റര്‍, ചെറൂപ്പയിലെ അബുല്‍ ഖൈര്‍ മൌലവി, മഞ്ചേരിയിലെ കോര്‍മത്ത് അബ്ദുല്ല, കോര്‍മത്ത് അലവിക്കുട്ടി ഹാജി, കോര്‍മത്ത് സത്താര്‍ ഹാജി, കോര്‍മത്ത് മുഹമ്മദ് എന്ന കുഞ്ഞാന്‍, കോര്‍മത്ത് ഷാജി എന്നിവരടങ്ങുന്നതായിരുന്നു സംഘം. രണ്ടു കാറുകളും ഒരു മോട്ടോര്‍ സൈക്കിളുമായി അഞ്ചരിച്ച സംഘത്തിന്റ്റെ യാത്ര, ഇടുങ്ങിയ റോഡിലൂടെ വഴിയറിയാതെ കുറെ നേരം വട്ടം കറങ്ങുകയുണ്ടായി എന്നതൊഴിച്ചാല്‍, രസകരമായിരുന്നു. അവസാനം, ആടിനെ മേച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു സ്ത്രീ ‘പൈലറ്റാ‘യി സഞ്ചരിച്ചു കൊണ്ടാണ് ലക്ഷ്യ സ്ഥാനത്തെത്താന്‍ കഴിഞ്ഞത്. [അവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ എന്ന് സംഘം ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.]



നട്ടുച്ച സമയത്താണ് ഞങ്ങള്‍ ലക്ഷ്യ സ്ഥാനത്തെത്തിയത്. അല്പ നേരത്തെ കാത്തിരിപ്പിന്നു ശേഷം, മാനുക്ക പുറത്തു വന്നു. വാക്കറുടെ സഹായത്തോടെ മന്ദം മന്ദം നടന്നു വന്ന ആ തൊണ്ണൂറ്റി രണ്ടുകാരന്റെ മുഖം കുലീനതയും ഗാംഭീര്യവും സ്ഫുരിക്കുന്നതായിരുന്നു. കേള്‍വിക്ക് അല്പം കുറവുണ്ടെന്നതൊഴിച്ചാല്‍ കാര്യമായ ആരോഗ്യപ്രശ്നമൊന്നും ഉള്ളതായി തോന്നിയില്ല.

മലബാറിലെ അംഗുലീപരിമിതരായ അഭ്യസ്തവിദ്യരിലും ഉയര്‍ന്ന ഉദ്യ്യോഗസ്ഥരിലും എടുത്തു പറയത്തക്ക ദേഹമായിരുന്ന കോര്‍മത്ത് കുഞ്ഞിരായിന്‍ റൈഞ്ചറായിരുന്നു പിതാവ്. മുസ്ലിംകള്‍ ഭൌതിക വിദ്യാഭ്യാസം നിഷിദ്ധമായി കണക്കാക്കിയിരുന്ന അക്കാലത്ത്, ഭൌതിക വിദ്യാഭ്യാസത്തിലേക്ക് സധീരം കാലെടുത്തു വെക്കുക മാത്രമല്ല, ആജീവനാന്തം പേരിനൊപ്പം, ഒരു ഇംഗ്ലീഷ് പദം- ‘റൈഞ്ചര്‍’ - കൊണ്ടു നടക്കുക പോലും ചെയ്ത ‘റൈഞ്ചര്‍’ മലബാര്‍ മേഖലയിലെ ഒരത്ഭുതം തന്നെയായിരുന്നു.
കോര്‍മത്ത് കുഞ്ഞിരായന്‍ റൈഞ്ചര്‍, മഞ്ചേരി

അദ്ദേഹത്തിന്റെ പതിനാറുമക്കളില്‍ മൂത്ത മകനാണ് കോര്‍മത്ത് അഹ്മദ് എന്ന മാനുക്ക. ലത്തീഫ്, അബ്ദുറഹ്മാന്‍, അബൂബക്കര്‍, മറിയുമ്മ, ആമിന, പാത്തുണ്ണി, നഫീസ, റുഖിയ, സുഹ്ര , പരേതരായ അബ്ദുല്‍ അലി, അബ്ദുല്‍ ഖാദര്‍, ഉണ്ണിപാത്തു, ഉണ്ണി ആയിശ, ആസ്യ, റാബിയ, എന്നിവരാണ് സഹോദരീ സഹോദരങ്ങള്‍.



അബുല്‍ ഖൈര്‍ മൌലവിയും മാനുക്കയും

കോര്‍മത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ ഒരു പുസ്തകം പിതാവിന്റെ കൈവശമുണ്ടായിരുന്നുവെന്നും, പക്ഷെ, ഇപ്പൊഴത് നഷ്ടപ്പെട്ടിട്ടുണ്ടെന്നും മാനുക്ക പറയുന്നു. താനൂരിലെ കോര്‍മന്‍ കടപ്പുറത്തെത്തിയ മൂന്നു പേരില്‍ നിന്നാണ് കോര്‍മത്ത് കുടുംബം ഉത്ഭവിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇസ്ലാമിക പ്രചാരണാര്‍ത്ഥം അവിടെ എത്തിയ മൂവര്‍ സംഘം തങ്ങളുടെ ദൌത്യ നിര്‍വഹണ ശേഷം മൂന്നു ദിശകളിലേക്കായി പിരിഞ്ഞു പോവുകയായിരുന്നുവത്രെ. ഇതു കേട്ടപ്പോള്‍, പ്രസ്തുത മൂന്നുപേരില്‍ ഒരാളായിരിക്കാം തിരൂരങ്ങാടിയിലെത്തിയതെന്നും അങ്ങനെയായിരിക്കാം അദ്ദേഹം താമസിച്ച സ്ഥലത്തിന്നു ‘കോര്‍മത്ത് പറമ്പ്’ എന്ന പേര്‍ ലഭിച്ചതെന്നും, ഒരുവേള, സംഘത്തിന്നു തോന്നി. പക്ഷെ, പിന്നീട് കോര്‍മ്മന്‍ കടപ്പുറത്തെത്തി നടത്തിയ അന്വേഷണത്തില്‍, ഉപോല്‍ബലകമായ തെളിവുകളൊന്നും ലഭിക്കുകയുണ്ടായില്ല.


മഞ്ചേരിയിലെ പ്രമുഖ ബാരിസ്റ്ററായ അഡ്വ. അശ് റഫ് മാനുക്കയുടെ പുത്രനാണ്. കല്പകഞ്ചേരിയില്‍, ഭാര്യയും രണ്ടു മക്കളുമായി കഴിയുകയാണ്, കോര്‍മത്തു തറവാട്ടിലെ ഏറ്റവും പ്രായം കൂടിയ ഇദ്ദേഹം.

Tuesday, March 15, 2011

കോർമത്ത് സംഗമം : കലാപ്രതിഭകൾക്ക് അവസരം

മഞ്ചേരി:
മഞ്ചേരിയിൽ ഏപ്രിൽ 3ന്ന് നടക്കുന്ന കോർമത്ത് സംഗമത്തിൽ, കുടുംബത്തിലെ കലാപ്രതിഭകൾക്ക്, തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന്ന് അവസരം നൽകാൻ തീരുമാനിച്ചു. ഉച്ചക്ക് 2.45 ന്ന് ആരംഭിക്കുന്ന രണ്ടാം സെഷനിലായിരിക്കും ഇതിനവസരം നൽകുക. ഓരോ പ്രദേശത്തു നിന്നും പരിപാടിയിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവരുടെ പേർ വിവരങ്ങൾ, അവതരിപ്പിക്കുന്ന ഇനം എന്നിവ, ഏപ്രിൽ 2ന്നു മുമ്പായി താഴെ വിലാസത്തിൽ അറിയിച്ചിരിക്കേണ്ടതാണ്. മുൻ കൂട്ടി അറിയിക്കുന്ന പരിപാടികൾ മാത്രമെ അവതരിപ്പിക്കാൻ അനുമതി നൽകുകയുള്ളു.
Kormath Abdulla. Kormath house. Mandankode
Po. Manjeri College. Manjeri 2 pin 676122
9495711616. Email: akormath@gmail.com

Sunday, March 13, 2011

കോർമത്ത് സംഗമം : യുവജനവേദി രൂപീകരിക്കുന്നു

ഏപ്രില്‍ 3ന്ന് നടക്കുന്ന കോര്‍മത്ത് സംഗമത്തോടനുബന്ധിച്ച് കുടുംബത്തിലെ യുവനിരയെ ഒരുമിച്ചു ചേര്‍ക്കുന്നതിനായി ഒരു യുവജനവേദിക്കു രൂപം നല്‍കാന്‍ തീരുമാനിച്ചു. ജോലി, വിദ്യാഭ്യാസം പോലുള്ള കാര്യങ്ങളില്‍ പരസ്പര സഹായവും സഹകരണവും എളുപ്പമാക്കുകയാണ് ഈ വേദിയുടെ ലക്ഷ്യം. വേദിയില്‍ അംഗത്വമെടുക്കാനുള്ള അപേക്ഷാ ഫോം താഴെ കൊടുത്തിട്ടുണ്ട്. അത് ഡൌണ്‍ലോഡ് ചെയ്തു , പൂരിപ്പിച്ച് സംഗമത്തിന്നു മുമ്പായി താഴെ വിലാസത്തില്‍ അയക്കേണ്ടതാണ്.


Kormath Job Details

ഫോം അയക്കേണ്ട വിലാസം:
Kormath Abdulla
Kormath house. Mandankode
Po. Manjeri College
Manjeri 2 pin 676122
9495711616

Saturday, March 12, 2011

കോർമത്ത് സംഗമം: അന്തിമ രൂപമായി

സംഗമം നടക്കുന്ന ശ്രീ സുമാ ഓഡിറ്റോറിയം

മഞ്ചേരി:
ഏപ്രില്‍ 3ന്ന് മഞ്ചേരിയിലെ, രാജീവ് ഗാന്ധി ബൈപാസ്സിലെ ശ്രീ സുമാ ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കാനിരിക്കുന്ന കോര്‍മത്ത് കുടുംബ സംഗമത്തിന്റെ അന്തിമ രൂപമായി.


കോര്‍മത്ത് അലവിക്കുട്ടി, അബ്ദുല്ല(മാതൃഭൂമി), സത്താര്‍ ഹാജി, നസീബുല്ല (വെന്മേനാട്), ഖാദര്‍ ഫൈസി, അബ്ദുസ്സലാം(കൊടിയത്തൂര്‍), മുഹമ്മദ് എന്ന കുഞ്ഞാന്‍, അബ്ദുന്നാസര്‍, മുനീര്‍(തിരൂരങ്ങാടി) തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Monday, March 7, 2011

കോർമത്ത് പോക്കർക്ക: കുടുംബത്തെ വിളക്കിച്ചേർത്ത മെക്കാനിക്ക്

 
Posted by Picasa


മഞ്ചേരിയിലെ മാത്രമല്ല, മൊത്തം കോര്‍മത്ത് കുടുംബത്തിന്റെ തന്നെ, ചരിത്രത്തില്‍ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെടേണ്ട ഒരു നാമമാണ്, കോര്‍മത്ത് കുഞ്ഞഹമ്മദി(കെ. സി. മാനു)ന്റെ പുത്രന്‍ കോര്‍മത്ത് പോക്കറിന്റെത്.
കോര്‍മത്ത് ചരിത്രം മൊത്തം പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു വസ്തുതയുണ്ട്. വിവാഹം, വ്യാപാരം, അദ്ധ്യാപനം, ബിസിനസ്സ് തുടങ്ങി ഏതെങ്കിലും ഹേതുവായി, കുടുംബത്തില്‍ നിന്നും ഒരു വ്യക്തി മറ്റൊരിടത്തേക്ക് നീങ്ങുന്നു. പിന്നീട്, അവിടെ തന്നെ സ്ഥിരതാമസമാക്കുന്നു. അവിടെ കുടുംബവും പരമ്പരയുമായി കഴിയുന്നു. അവിടെത്തന്നെ മരണമടയുകയും, മൂലകുടുംബവുമായി വല്ലപ്പോഴുമുണ്ടാകാറുള്ള ബന്ധം അയാളുടെ മരണത്തോടെ അവസാനിക്കുകയും ചെയ്യുന്നു. അതോടെ, മൂലകുടുംബവുമായുള്ള സകല ബന്ധങ്ങളും മുറിഞ്ഞു പോകുന്നു. ഇങ്ങനെ, മൂലകുടുംബത്തില്‍ നിന്നും കണ്ണിയറ്റ്, ശാഖയും ശാഖോപശാകകളുമായി കഴിയുന്ന നിരവധി കുടുംബങ്ങളെ കേരളത്തിന്റെ വിവിധ മുക്കുമൂലകളില്‍ ഇന്നു കാണാന്‍ കഴിയും. മൂലകുടുംബത്തെ സംബന്ധിച്ചോ, അതിലെ തങ്ങളുടെ പരമ്പരയെ കുറിച്ചോ, സഹോദരങ്ങളെ കുറിച്ചോ യാതൊന്നുമറിയാതെ, പരിചയപ്പെടാതെ, ബോധമില്ലാതെ.
പോക്കര്‍ക്കയുടെ കുടുംബം മഞ്ചേരിയിലെത്തുന്നതും ഇങ്ങനെ തന്നെയാണ്. കൊയപ്പയില്‍ നിന്നും മഞ്ചേരിയില്‍ കുടിയേറിപ്പാര്‍ത്ത പോക്കര്‍ ഹാജിയും മറിയുമ്മയുമാണ്, മഞ്ചേരിയില്‍ കൂര്‍മത്ത് കുടുംബത്തിന്നു ബീജാവാപം നല്‍കിയതെന്നു മാത്രമെ ഇവിടത്തുകാര്‍ക്കറിയുകയുള്ളു. തങ്ങളുടെ മൂലകുടുംബത്തെ കുറിച്ച യാതൊരു വിവരവും അവര്‍ക്കില്ല.
കലിക്കറ്റ് യൂനിവേഴ്സിറ്റിക്കടുത്ത കൊയപ്പയിലെ ‘ഇരുമ്പന്‍ കുടുക്ക് ‘എന്ന പ്രദേശത്ത് ധാരാളം കോര്‍മത്ത് കുടുംബങ്ങള്‍ താമസിക്കുന്നു. പക്ഷെ, തങ്ങളിവിടെ എത്തിയതെവിടെ നിന്നാണെന്നോ, തങ്ങളുടെ പൂര്‍വികരാരാണെന്നോ ഇവര്‍ക്കറിയുകയില്ല. എന്നാല്‍, തങ്ങളുടെ പൂര്‍വികര്‍ പണ്ഡിതന്മാരായിരുന്നുവെന്നും പെരുവള്ളൂരില്‍ നിന്നു വന്നവരാണെന്നും, പൂര്‍വികരിലാരോ ഒരാള്‍ ഉയര്‍ന്ന ഉദ്വോഗം വഹിച്ചുകൊണ്ട് മഞ്ചേരിയിലേക്ക് പോയിട്ടുണ്ടെന്നും കാരണവന്മാര്‍ക്കിടയില്‍ ശ്രുതിയുണ്ട്. പക്ഷെ, ഇതെ കുറിച്ചൊന്നും കൂടുതലറിയാനോ, മനസ്സിലാക്കാനോ ആരും ശ്രദ്ധിച്ചിട്ടില്ല; മിനക്കെട്ടിട്ടുമില്ല.
എന്നാല്‍, ഇതില്‍ നിന്നും അല്പം വ്യത്യസ്തമാണെന്നു പറയാം, കൊടുങ്ങല്ലൂരിലെയും പെരുവള്ളൂരിലെയും കോര്‍മത്ത് കുടുംബാംഗങ്ങളുടെ സ്ഥിതി. തങ്ങളുടെ പൂര്‍വികരെ കുറിച്ചും ഉറവിടത്തെ കുറിച്ചും ഒരേകദേശ ചിത്രം അവരുടെ പക്കലുണ്ട്. പക്ഷെ, തങ്ങളുടെ പൂര്‍വികരില്‍ പെട്ട പലരുടെയും പില്‍ക്കാല ചരിത്രം അവര്‍ക്കറിഞ്ഞു കൂട. അവരെവിടെ പോയി? അവരുടെ പരമ്പര എവിടെ കഴിയുന്നു? അനന്തര തലമുറ അവശേഷിച്ചിരിപ്പുണ്ടോ? ഇതെല്ലാം ഇപ്പോഴും അജ്ഞാതമായിത്തന്നെ തുടരുകയാണ്. സത്യം പറഞ്ഞാല്‍, അതെ കുറിച്ചു ചിന്തിക്കാനോ, അന്വോഷണം നടത്താനോ അവരിലും കാര്യമായ ശ്രമങ്ങളൊന്നും നടന്നിട്ടില്ല. ഇതാണവരുടെ സ്ഥിതി.



യഥാര്‍ത്ഥത്തില്‍, പോക്കര്‍ക്കയെ പോലുള്ള ഒരു ചരിത്രാന്വേഷകന്റെ അനിവാര്യത പ്രകടമാകുന്നതിവിടെയാണ്.
മഞ്ചേരിയില്‍, സര്‍വത്ര വ്യാപിച്ചു കിടക്കുന്ന കുടുംബമാണ്, അദ്ദേഹം ഉള്‍ക്കൊള്ളുന്ന കോര്‍മത്ത് കുടുംബം. മഞ്ചേരിയുടെ ആദികാല ചരിത്രത്തില്‍ മൂലവേരുള്ള കുടുംബം. ഇന്നത്തെ മഞ്ചേരി നഗരം സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഭൂരിഭാഗത്തിന്റെയും ഉടമകള്‍ അദ്ദേഹത്തിന്റെ കുടുംബ കാരണവന്മാരായിരുന്നു. പ്രശസ്തമായ പള്ളിയുടെയും മറ്റ് ധര്‍മസ്ഥാപനങ്ങളുടെയും സംസ്ഥാപനത്തില്‍ അവരുടെ നിറഞ്ഞ സാന്നിധ്യം പ്രകടമാണ്. മഞ്ചേരിയിലെ, പ്രധാനകുടുംബങ്ങളിലെ ആദ്യ നിരയില്‍ തന്നെ ഈ കുടുംബം സ്ഥാനം പിടിച്ചിട്ടുണ്ട്.


പോക്കർക്കയുടെ ഒരു പഴയ ചിത്രം


എന്നാല്‍, ഈ ‘പോരിശ‘കളെല്ലാം അയവിറക്കി ചാരുകസേരയില്‍ മലര്‍ന്നു കിടന്നു അഭിമാനം കൊള്ളാന്‍ പോക്കര്‍ക്കയുടെ അന്വേഷണബുദ്ധി സമ്മതിച്ചില്ല. തന്റെ, പൂര്‍വികരെ കുറിച്ച്, തന്റെ കുടുംബത്തിന്റെ ഉറവിടത്തെ കുറിച്ച്, ശരിയായൊരു ചിത്രം ശേഖരിക്കാന്‍ അദ്ദേഹത്തിന്റെ ഹൃദയം വെമ്പല്‍ കൊണ്ടു. അങ്ങനെയാണ്, മഞ്ചേരിയില്‍ ആദ്യമായെത്തിയ, പോക്കര്‍ ഹാജി മകന്‍ ഉണ്ണിമോയിന്‍ ഹാജി മകന്‍ കുഞ്ഞഹമ്മദ് മകന്‍ പോക്കര്‍ ഒരു ചരിത്രാന്വേഷകനായി മാറുന്നത്. ആദികാല മഞ്ചേരിക്കാരുടെ ബൈക്കുകളുടെ പാര്‍ട്ട്സുകള്‍ പരസ്പരം വിളക്കിച്ചേര്‍ത്തിരുന്ന ‘മെക്കാനിക്ക് പോക്കര്‍ക്ക’, തന്റെ കുടുംബത്തിന്റെ അറ്റുപോയ കണ്ണികള്‍ വിളക്കിച്ചേര്‍ക്കാനായി രംഗത്തിറങ്ങിയത്.


കോര്‍മത്ത് അബ്ദുല്ല(മാതൃഭൂമി അബ്ദുല്ല), സത്താര്‍ ഹാജി, മുഹമ്മദ് എന്ന കുഞ്ഞാന്‍ തുടങ്ങിയ, സമാന ചിന്താഗതിക്കാരായ ഒരു സംഘം നിസ്വാര്‍ത്ഥ പ്രവര്‍ത്തകരോടൊപ്പം രംഗത്തിറങ്ങിയ അദ്ദേഹം, ആദ്യമായി ശ്രമിച്ചത്, മഞ്ചേരിയില്‍ തന്നെ ചിതറികിടക്കുന്ന കോര്‍മത്തുകാരെ ഒരേ നൂലില്‍ കോര്‍ത്തിണക്കാനാണ്. കോര്‍മത്ത് ചരിത്രത്തില്‍ തന്നെ ആദ്യമായി, ഒരു കുടുംബ വെല്‍ഫയര്‍ കമ്മിറ്റി മഞ്ചേരിയില്‍ നിലവില്‍ വന്നത് അങ്ങനെയാണ്. മാസത്തിലൊരിക്കലെങ്കിലും, കോര്‍മത്തുകാര്‍ക്ക് ഒരുമിച്ചിരിക്കാനുള്ള ഒരു വേദിക്ക് ഇത് വഴി തുടക്കം കുറിക്കപ്പെടുകയായിരുന്നു. കുടുംബത്തില്‍, അഗതികളും അശരണരുമായി കഴിയുന്ന പലര്‍ക്കും സഹായാസ്തം നീട്ടാന്‍ ഈ കമ്മിറ്റി ശ്രദ്ധിച്ചു പോന്നു. കുടുംബ പ്രശ്നങ്ങള്‍ സൌഹാര്‍ദ്ദ മനസ്സോടെ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ഇത് വഴി അവര്‍ക്കു സാധിച്ചു. ഇതോടെ, കോര്‍മത്ത് കണ്ണികള്‍ക്കിടയില്‍, ശാസ്ത്ര്രിയമായൊരു കെട്ടുറപ്പും ഭദ്രതയും നിലവില്‍ വരികയായിരുന്നു.


2001 ഫെബ്രുവരി 18 ന്ന്, പെരുവള്ളൂരിലെ കുറളോട്ടിയില്‍ ചേര്‍ന്ന കോര്‍മത്ത് സംഗമത്തില്‍, കുടുംബാംഗങ്ങളെ അഭിസംബോധന ചെയ്യുന്നു.


പെരുവള്ളൂര്‍ സംഗമത്തിലെ മറ്റൊരു ദൃശ്യം


പക്ഷെ, ഇതെല്ലാം മഞ്ചേരിയുടെ നാലതിരുകള്‍ക്കിടയില്‍ ഒതുങ്ങിയതായിരുന്നു. ഉറവിടം തേടിയുള്ള പോക്കര്‍ക്കയുടെ അന്വോഷണ തൃഷ്ണക്ക് ശമനം വരുത്താന്‍ ഇതിനൊന്നുമായില്ല. ഈയവസരത്തിലാണ്, ചരിത്ര നിയോഗമെന്ന പോലെ, മൂന്ന് പേര്‍ എത്തിച്ചേര്‍ന്നത്. പെരുവള്ളൂരിലെ കോയ മുസ്ലിയാര്‍, അബ്ദുല്‍ഖാദര്‍ ഫൈസി, കൊടുങ്ങല്ലൂരിലെ നസീബുല്ല മാസ്റ്റര്‍ എന്നിവരായിരുന്നു അവര്‍. കുടുംബത്തിലെ, അറ്റുപോയ കണ്ണികള്‍ തേടിക്കൊണ്ട് അലഞ്ഞു തിരിയുകയായിരുന്ന, സമാന ചിന്താഗതിക്കാരയ മൂന്നു കോര്‍മത്തുകാര്‍. ഇവരുടെ ആഗമനത്തോടെ, കോര്‍മത്ത് ചരിത്രത്തിന്റെ സുപ്രധാനമായൊരു കവടം തുറക്കപ്പെടുകയായിരുന്നു. തങ്ങളുടെ യഥാര്‍ത്ഥ ഉറവിടം കേരളമല്ലെന്നും, പ്രത്യുത അറേബ്യയാണെന്നും ഇസ്ലാമിലെ രണ്ടാം ഖലീഫ അബൂബക്കര്‍ സിദ്ദീഖി(റ)ന്റെ പുത്രന്‍ അബ്ദുറഹ്മാനിലാണ് തങ്ങളുടെ പരമ്പര എത്തുന്നതെന്നും, മഞ്ചേരിക്കാര്‍

2001 മാര്‍ച്ച് 18 ന്ന്, തിരൂരങ്ങാടിയില്‍ മുസ്തഫാ കോര്‍മത്തിന്റെ വീട്ടില്‍ ചേര്‍ന്ന കൊര്‍മത്ത് സംഗമത്തില്‍


തിരൂരങ്ങാടി സംഗമത്തിന്റെ മറ്റൊരു ദൃശ്യം


മനസ്സിലാക്കുന്നത് അങ്ങനെയാണ്. പോക്കര്‍ക്കയുടെ യാത്രക്ക് പാതയൊരുക്കുകയായിരുന്നു ഇതോടെ സംഭവിച്ചത്. ‘ശാഖകള്‍ തേടി’ എന്ന പേരില്‍, പോക്കര്‍ക്കയുടെ അന്വേഷണ യാത്ര ഈ ബ്ലോഗില്‍ വിശദമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അങ്ങനെ, കേരളത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന കോര്‍മത്തുകാരെ നേരില്‍ കണ്ട്, പരസ്പരം വിളക്കിച്ചേര്‍ക്കുന്ന ഒരു പ്രധാന ഘടകമായി തീരുകയായിരുന്നു അദ്ദേഹം. പക്ഷെ, അപ്പോഴെക്കും പ്രായം അദ്ദേഹത്തെ അതിക്രമിച്ചു കഴിഞ്ഞു.

മഞ്ചേരിയിലെ തുവ്വൂരില്‍ ചേര്‍ന്ന കോര്‍മത്ത് സംഗമത്തിലെ ഒരു ദൃശ്യം


തുവൂര്‍ സംഗമത്തിലെ മറ്റൊരു ദൃശ്യം


എഴുപതുകള്‍ പിന്നിട്ടിരുന്നുവെങ്കിലും, പ്രായത്തെ പിന്നിലാക്കി മുന്നോട്ട് ഗമിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്നു, ഇനി, പക്ഷെ, അതിനാവുകയില്ല. ഓര്‍മശക്തി ക്ഷയിച്ചു കൊണ്ടിരിക്കുന്നു. ആരോഗ്യം നശിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ, താന്‍ വെട്ടിത്തെളിച്ച പാതയിലൂടെ മുന്നോട്ട് നീങ്ങി ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഒരു സംഘത്തെ ഉത്തരവാദിത്തം ഏല്പിച്ചുകൊണ്ടാണദ്ദേഹം രംഗത്തു


പോക്കര്‍ക്കയുടെ മാര്‍ഗ്ഗത്തില്‍ പുതിയ സാരഥികള്‍


നിന്നും പിന്മാറുന്നത്. സഹോദരന്‍ സത്താര്‍ ഹാജി, കോര്‍മത്ത് അബ്ദുല്ല, മുഹമ്മദ് എന്ന കുഞ്ഞാന്‍ , അബ്ദുന്നാസര്‍ തുടങ്ങി യുവക്കക്കളും കാരണവന്മാരും അടങ്ങിയ ഉര്‍ജ്ജസ്വലരായ ഒരു സംഘം. നാടുനീളെ ഓടി നടന്നു, ഏപ്രില്‍ 3ന്നു നടക്കാനിരിക്കുന്ന ആദ്യത്തെ കോര്‍മത്ത് സംഗമത്തിന്റെ വിജയത്തിന്നു വേണ്ടി അവിശ്രമം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണിന്ന് ഈ സംഘം.
കോര്‍മത്ത് ആസിയയാണ് പൊക്കര്‍ക്കയുടെ മാതാവ്. വല്ലാഞ്ചിറ ഫാത്വിമ സഹധര്‍മ്മിണിയും. ഷാജഹാന്‍, മുഹമ്മദ് ഇസ്മായീല്‍, ഫൈസല്‍, റസ്സല്‍ എന്നിവരാണ് മക്കള്‍.

Sunday, March 6, 2011

ഷിഫീൻ രോഷൻ: കോർമത്തിന്റെ ഗാനകോകിലം



കേരളത്തില്‍ മാത്രമല്ല, ഇന്ത്യക്കകത്തും പുറത്തും ഓടി നടന്നു സംഗീതപ്രേമികളെ ഹരം കൊള്ളിക്കുന്ന കോര്‍മത്തിന്റെ ഗാനകോകിലത്തെ, കാണുകയും കോര്‍മത്തുകാര്‍ക്കു പരിചയപ്പെടുത്തുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ്, മഞ്ചേരിയുടെ പ്രാന്തപ്രദേശമായ വെള്ളാങ്ങരയിലേക്ക് ഞങ്ങളുടെ വാഹനം നീങ്ങിയത്. അവിടെ ഒരു ചെറുകുടിലില്‍ താമസിക്കുന്ന കോര്‍മത്ത് യൂസുഫ് എന്ന ചെറിയാപുവിന്റെയും, അരീക്കോട്ടെ, ഉഗ്രപുരം സ്വദേശി പയനിപ്പറമ്പ് സെയ്തലവിയുടെ മകള്‍ ബേനസീറിന്റെയും പുത്രന്‍ ഷിഫിന്‍ രോഷനായിരുന്നു ആ അപൂര്‍വ പ്രതിഭ.

യൂസുഫും ബേനസീറും

സീറത്തുന്നബി
മഞ്ചേരി ഹിദായത്തുസ്സിബിയാന്‍ യതീംഖാന ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ്റ്റു വിദ്യാര്‍ത്ഥിയായ ഷിഫിന്‍, എട്ടാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു, ‘സീറത്തുന്നബി’ എന്ന പേരില്‍ ഒരു കാസറ്റ് റിക്കാര്‍ഡിങ്ങിലൂടെ, മാപ്പിളപ്പാട്ട്


വേദിയിലേക്ക് കാലെടുത്തു വെച്ചത്. ഈ കാസറ്റ് ജനഹൃദയങ്ങളില്‍ വലിയ സ്വാധീനമാണുണ്ടാക്കിയത്. അതിനാല്‍ തന്നെ, ഗായകനായ ഷിഫീന്‍ പ്രസിദ്ധിയുടെ പടവുകള്‍ കയറാന്‍ തുടങ്ങി. അതോടെ, കേരളത്തിലെ മാപ്പിളപ്പാട്ടു വേദികളില്‍ ഈ കൊച്ചു പ്രതിഭ സംഗീതപ്രേമികളുടെ ഒരു ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു. കേരളത്തിലങ്ങുന്നിങ്ങോളം ഓടിനടന്നു ഷിഫീന്‍ എന്ന ഗാനകോകിലം, സംഗീത സദസ്സുകളെ സജീവമാക്കിക്കൊണ്ടിരുന്നു.


ദുബായില്‍
ഇതിനിടയിലാണ്, കെ. എം. സി. സിയുടെ ക്ഷണപ്രകാരം ഷിഫിന്‍ ദുബൈയിലെത്തുന്നത്. അവിടെ സംഘടിപ്പിച്ച സംഗീത വിരുന്ന്, മലയാളികളെ മാത്രമല്ല, അറബികളടക്കമുള്ള വിദേശികളെയും ഹര്‍ഷോന്മത്തരാക്കുകയായിരുന്നു. ഇതോടെ, യു. എ. ഇയില്‍, ഷിഫിന്റെ പ്രസിദ്ധി വ്യാപിക്കാന്‍ തുടങ്ങി. അവിടെ നിരവധി തവണ പരിപാടികളവതരിപ്പിക്കുകയുണ്ടായി.


ജപ്പാനില്‍
പക്ഷെ, ഷിഫിന്റെ പ്രസിദ്ധി അവിടെയും ഒതുങ്ങിയില്ല. സംസ്ഥാന മാപ്പിളപ്പാട്ട് മത്സരത്തില്‍, തുടര്‍ച്ചയായി മൂന്നു തവണ ‘എ’ ഗ്രൈഡോടെ, ഒന്നാം സ്ഥാനം കരസ്തമാക്കിയ ഷിഫിന്‍ കേന്ദ്രത്തിന്റെ ശ്രദ്ധയും പിടിച്ചു പറ്റുകയുണ്ടായി. അങ്ങനെയാണ്, 2010 ല്‍, ജെ. ഐ. സി. ഇയുടെ ക്ഷണപ്രകാരം ജപ്പാന്‍ സന്ദര്‍ശിക്കാനും അവിടെ, ‘ജപ്പാന്‍ ഈസ്റ്റ് ഏഷ്യ നെറ്റ് വര്‍ക്ക് ഓഫ് എക്സ് ചെയ്ഞ്ച് ഫോര്‍ സ്റ്റുഡന്‍സ് ആന്റ് യൂത്ത്സ് പ്രോഗ്രാമി‘ല്‍ പങ്കെടുക്കാനും അന്താരാഷ്ട്ര

ടോക്കിയോവില്‍




പ്രതിഭകളൊടൊപ്പം പരിപാടികളവതരിപ്പിക്കാനും കഴിഞ്ഞത്. ഇതോടെ, അന്താരാഷ്ട്ര തലത്തില്‍, ഈ കൊച്ചു പ്രതിഭ ശ്രദ്ധിക്കപ്പെടുകയായിരുന്നു. 17 ദിവസം ജപ്പാനില്‍ തങ്ങിയ ഷിഫിന്‍, അന്താരാഷ്ട്ര പ്രതിഭകളെ അമ്പരപ്പിച്ചു കൊണ്ടാണ് നാട്ടിലേക്കു തിരിച്ചത്.



പഠനകര്യത്തില്‍ ആശങ്ക
ഇതെല്ലാമാണെങ്കിലും, തന്റെ പഠനത്തിന്റെ കാര്യത്തില്‍ ഷിഫീന്ന് അല്പം ആശങ്കയില്ലാതില്ല. വിദേശ യാത്രകള്‍, രാജ്യത്തിനകത്തു തന്നെയുള്ള പരിപാടികള്‍ എന്നിവ തന്റെ ഹാജറിനെ കാര്യമായി ബാധിക്കുന്നതായി ഈ പ്രതിഭ ഭയപ്പെടുന്നു. ക്ലാസ്സില്‍, ഏറ്റവും ഹാജര്‍ കുറഞ്ഞ വിദ്യാര്‍ത്ഥി താനാണെന്ന് വളരെ വേദനയോടെയാണ് ഷിഫീന്‍ ഞങ്ങളെ അറിയിച്ചത്. ഏതായാലും, അതെല്ലാം തരണം ചെയ്യാനുള്ള ആത്മവിശ്വാസം ഈ മിടുക്കനുണ്ട്.



പ്രോത്സാഹനം ഗുരുക്കളുടേത്
ഉയരങ്ങള്‍ കീഴടക്കാനുള്ള യത്നത്തില്‍, തനിക്കേറ്റവും താങ്ങും തണലുമായി വര്‍ത്തിക്കുന്നത് ഗുരു വന്ദ്യയായ ഖദീജ ടീച്ചറും ഹെഡ് മാസ്റ്റര്‍ ബഷീര്‍ മാസ്റ്ററുമാണെന്നു ഷിഫീനും മാതാവ് ബേനസീറും അറിയിച്ചത് വളരെ നന്ദിയോടെയായിരുന്നു. പടവുകള്‍ കയറാനുള്ള തങ്ങളുടെ പുത്രന്റെ യത്നത്തില്‍, യൂസുഫും ബേനസീറും എത്രമാത്രം പിന്തുണയാണ് നല്‍കുന്നതെന്നു ഞങ്ങള്‍ അനുഭവത്തിലൂടെ ത്തന്നെ മനസ്സിലാക്കി.

ട്രോഫികള്‍ ഒരു ദൃശ്യം

ട്രോഫികളുടെ കൂമ്പാരം
അരണ്ട വെളിച്ചമുള്ള ഒരു കൊച്ചു മുറിയില്‍, ഷിഫീന്‍ വാരിക്കൂട്ടിയ നൂറുക്കണക്കില്‍ ട്രോഫികള്‍ മിന്നിത്തിളങ്ങുന്നത് ഞങ്ങള്‍ കണ്ടു. ഇത്രയും കുറഞ്ഞ കാലയളവില്‍, ഇത്രമാത്രം സമാനങ്ങള്‍ നേടാന്‍ ഈ പതിനാറുകാരനെങ്ങനെ കഴിഞ്ഞുവെന്ന് ഞങ്ങള്‍ അത്ഭുതപ്പെടുകയായിരുന്നു.

ഷിസ്നാ പര്‍വീണിനോടൊപ്പം

യൂസുഫ് – ബേനസീര്‍ ദമ്പതികളുടെ രണ്ടാമത്തെ സന്തതിയായ ഷിസ്നാ പര്‍വീണും സംഗീതത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഈ കൊച്ചു മിടുക്കിയും മാപ്പിളപ്പാട്ട് മത്സരങ്ങളില്‍, സമ്മാനങ്ങള്‍ വാരിക്കൂട്ടാന്‍ ഇപ്പോള്‍ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.


കോര്‍മത്ത് കുടുംബത്ത്ലെ ഗാനകോകിലത്തെ കാണാനും സംസാരിക്കാനും കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യത്തോടെയാണ്, അടുത്തു തന്നെ സു ഊദി അറേബ്യ സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്ന ഷിഫീന്‍ രോഷിനോടും കുടുംബത്തോടും ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങിയത്.



സയ്യിദ് ശിഹാബ് തങ്ങളെ കുറിച്ചൊരു ഗാനം



ഷിഫീനെ കുറിച്ച് വിധികര്‍ത്താക്കള്‍