Wednesday, March 2, 2011
അക്ഷരങ്ങളുടെ പാതയിൽ രണ്ടു സഹോദരങ്ങൾ
അക്ഷരത്തിന്റെ പ്രാധാന്യം ഊന്നിപറഞ്ഞു കൊണ്ടാണ്, ഖുര്‍ ആനിലെ പ്രഥമ സൂക്തം തിരുമേനി(സ)ക്ക് അവതരിച്ചത്. മുസ്ലിം ലോകം അതിന്ന് വലിയ പ്രാധാന്യം കല്പിച്ചു പോരുന്നത് ഇതു കൊണ്ടത്രെ. ഇസ്ലാമിന്റെ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖി(സ)ന്റെ പിന്മുറക്കാര്‍ക്ക്, അതിനാല്‍ തന്നെ, ഇതില്‍ നിന്നു പിന്തിരിഞ്ഞു നില്‍ക്കാനാവുകയില്ലല്ലോ. കോര്‍മത്ത് തറവാട്ടിലെ രണ്ടു സഹോദരങ്ങള്‍ ഈ പാതയിലേക്ക് കാലെടുത്തു വെച്ചതിന്റെ രഹസ്യവും ഇതത്രെ. മലപ്പുറം ജില്ലയിലെ, തിരൂരങ്ങാടി ചന്തപ്പടിയിലെ കോര്‍മത്ത് ഉമര്‍ ഹാജിയും അബ്ദുറഹ്മാന്‍ ഹാജിയുമാണ് ഈ അനുകരണീയ വ്യക്തിത്വങ്ങള്‍. ഇവരുടെ സ്ഥാപനങ്ങളായ, കെ. മുഹമ്മദ് കുട്ട്യ് ആന്റ് സണ്‍സ്, തിരൂരങ്ങാടി ബുക്ക് സ്റ്റാള്‍ എന്നിവ, ഇന്ന് കേരളത്തിലെ, അക്ഷര ലോകത്തെ പ്രശസ്ത കേന്ദ്രങ്ങളാണ്.
ചരിത്രം
കോര്‍മത്ത് മൊയ്തീന്‍ കുട്ടി, വരമ്പനാലുങ്ങല്‍ ഇബ്രാഹിം, വരമ്പനാലുങ്ങല്‍ കുഞ്ഞിപ്പോക്കര്‍ മുസ്ലിയാര്‍ എന്നീ മൂവര്‍ സംഘം ചേര്‍ന്നു ‘മിസ്ബാഹുല്‍ ഹുദാ’ എന്ന പേരില്‍ ഒരു പ്രസ്സും പ്രസിദ്ധീകരണാലയവും സ്ഥാപിക്കുകയുണ്ടായി. ഇബ്രാഹിം മാനേജറും മറ്റു രണ്ടു പേരും ഫീല്‍ഡ് വര്‍ക്കര്‍മാരുമായായിരുന്നു പ്രവര്‍ത്തനമാരംഭിച്ചത്. പറപ്പൂര്‍ അഹ്മദ് മൌലവി എഴുതിയ ‘തുഹ്ഫത്തുസ്സിബിയാന്‍’ എന്ന കൃതി അച്ചടിച്ചു പ്രസിദ്ധീകരിച്ചത് ഇവരായിരുന്നു. കേരളത്തിലെ മദ്രസകളില്‍ ഈ പുസ്തകമായിരുന്നു പാഠപുസ്തകമായി അംഗീകരിച്ചു പോന്നിരുന്നത്. ഫീല്‍ഡ് വര്‍ക്കര്‍മാരായ മൊയ്തീങ്കുട്ടിയും കുഞ്ഞിപ്പൊക്കര്‍ മുസ്ലിയാരും, മഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ, പാണ്ടിക്കാട്, നിലമ്പൂര്‍, എടവണ്ണ, വണ്ടൂര്‍, വഴിക്കടവ് തുടങ്ങിയ പ്രമുഖ ചന്തകളില്‍ വില്പന നടത്തിപ്പോന്നു. തിരൂരങ്ങാടിയില്‍ വന്നു നേരിട്ട് വാങ്ങുന്നവര്‍ വേറെയുമുണ്ടായിരുന്നു. സ്ഥാപനം ഉത്തരോത്തരം പുരോഗമിച്ചു കൊണ്ടിരുന്നുവെങ്കിലും, ചില പ്രത്യേക കാരണങ്ങളാല്‍, പിന്നീട് മൂവര്‍ സംഘം ബിസിനസ്സ് നിറുത്തി, സൌഹാര്‍ദ്ദത്തോടെ പിരിയുകയായിരുന്നു.
കെ. മുഹമ്മദ് കുട്ടി ആന്റ് സണ്‍സ്
അക്ഷരലോകത്തേക്ക് വീണ്ടും
56 വര്‍ഷം കഴിഞ്ഞാണ്, മൊയ്തീന്‍ കുട്ടിയുടെ മകന്‍ മുഹമ്മദ് കുട്ടിയുടെ കാലത്ത്, അദ്ദേഹത്തിന്റെ പുത്രന്മാരായ കോര്‍മത്ത് ഉമര്‍ ഹാജിയും, കോര്‍മത്ത് അബ്ദുറഹ്മാന്‍ ഹാജിയും ഈ രംഗത്തേക്ക് കാലെടുത്തു വെച്ചത്. തിരൂരങ്ങാടിയിലെ ചാലിലകത്ത്
അലിഹസ്സന്‍ ഹാജിയില്‍ നിന്നും അച്ചടി – പ്രസിദ്ധീകരണ രംഗത്ത് പരിചയം നേടിയ അബ്ദുറഹ്മാന്‍ ഹാജിയും സഹോദരന്‍ ഉമര്‍ ഹാജിയും ചേര്‍ന്നു ‘നൂറുല്‍ ഇസ്ലാം’ എന്ന പേരില്‍ ഒരു പ്രസ്സും, ‘മുഹമ്മദ് കുട്ടി ആന്റ് സണ്‍സ്’ എന്ന പേരില്‍ ഒരു പ്രസിദ്ധീകരണാലയവും ആരംഭിച്ചു. കേവലം 16 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന അബ്ദുറഹ്മാന്‍ ഹാജി, കോഴിക്കോട് കലക്ട്രേറ്റില്‍ നിന്നായിരുന്നു ഡിക്ലറേഷന്‍ സമ്പാദിച്ചത്. ശംസുല്‍ ഉലമാ ഇ. കെ. അബൂബക്കര്‍ മുസ്ലിയാരായിരുന്നു സ്ഥാപനത്തിന്നു നാമകരണം ചെയ്തത്. മഞ്ചേരി, മലപ്പുറം, കോട്ടക്കല്‍, വേങ്ങര, ചേളാരി, കടുങ്ങാംചിറ, കോഴിക്കൊട്, കൊടുവള്ളി, പൂനൂര്‍, താമരശ്ശേരി, ബാലുശ്ശേരി, മുക്കം, നായര്‍കൊല്ലി, ഓമശ്ശേരി, അരീക്കോട്, എടവണ്ണ, നിലമ്പൂര്‍, മമ്പാട്, ഏടക്കര, ചുങ്കത്തറ, വഴിക്കടവ്, വണ്ടൂര്‍, കാളികാവ്, പുല്ലങ്കോട്, പൂക്കോട്ടുമ്പാടം, കരുളായി, മൂത്തേടം, കരുവാരക്കുണ്ട്, മേലാറ്റൂര്‍, അലനല്ലൂര്‍ തുടങ്ങിയ, കേരളത്തിലെ പ്രശസ്ത ചന്തകളില്‍, പുസ്തകക്കെട്ടും ചുമന്നു ഈ സഹോരങ്ങള്‍ പുസ്തകവ്യാപാരം നടത്തിയിരുന്നു.
വീതിക്കപ്പെടുന്നു
മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷം, ഹി. 1392 റജബ് 14ന്ന്, പിതാവ് മുഹമ്മദ് കുട്ടി മരണപ്പെട്ടതോടെ, സ്ഥാപനം വീതിക്കപ്പെടുകയായിരുന്നു. അങ്ങനെ, ‘നൂറുല്‍ ഇസ്ലാം’ പ്രസ്സും ‘മുഹമ്മദ് കുട്ടി ആന്റ് സണ്‍സും’ ഉമര്‍ ഹാജിയും, ‘തിരൂരങ്ങാടി ബുക്ക് സ്റ്റാള്‍’, ‘തിരൂരങ്ങാടി പ്രിന്റേഴ്സ്’ എന്ന പേരില്‍ സ്ഥാപിതമായ രണ്ടു സ്ഥാപനങ്ങള്‍ അബ്ദുറഹ്മാന്‍ ഹാജിയും നടത്തിവരുന്നു.
മുസ് ഹഫുകളടക്കം നൂറുക്കണക്കില്‍ പ്രസിദ്ധീകരണങ്ങള്‍ വര്‍ഷം തോറും ഇറക്കിക്കൊണ്ടിരിക്കുന്ന ഇരു സ്ഥാപനങ്ങളും, കേരളത്തിനകത്തും പുറത്തും ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കോഴിക്കോട്, മഞ്ചേരി, തിരൂരങ്ങാടി, വളാഞ്ചേരി എന്നിവിടങ്ങളിലായി ഇവക്ക് നിരവധി ശാഖകളുണ്ട്. അബ്ദുറഹ്മാന്‍ ഹാജിയുടെ സ്ഥാപനം, ‘എജ്യൂമാര്‍ട്ട്’ എന്ന പേരില്‍, കേരളത്തിലെ, പ്രഥമ അക്കാദമിക് ഹൈപ്പര്‍ മാര്‍ക്കറ്റായി വളര്‍ന്നിരിക്കുന്നു. കോഴിക്കൊടാണ് ആസ്ഥാനം.
Subscribe to:
Post Comments (Atom)
No comments:
Post a Comment