Tuesday, April 12, 2011

അവർ ഒന്നായി: കോർമത്ത് സംഗമം സമാപിച്ചൂ

updated on 13rd April 2011




സംഘാടകരുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു കൊണ്ട്, കേരളത്തിന്റെ നാനാഭാഗങ്ങളിലെ കോര്‍മത്ത് കുടുംബാംഗങ്ങള്‍ മഞ്ചേരിയിലെ, ശ്രീ സുമോ ഓഡിറ്റോറിയത്തില്‍ സംഗമിച്ചു. രാവിലെ 8 മണി മുതല്‍ തന്നെ, സ്പെഷല്‍ ബസ്സുകളിലും മറ്റു വാഹനങ്ങളിലുമായി നൂറുക്കണക്കില്‍ കോര്‍മത്തുകാരാണ് സംഗമ വേദിയിലേക്ക് ഒഴുകിയത്. ‘അസ്സലാമു അലൈകും’ എന്ന ഇസ്ലാമിക മന്ത്രധ്വനികള്‍ അന്തരീക്ഷത്തെ ഭക്തിനിര്‍ഭരമാക്കുകയും അകന്നു കഴിഞ്ഞിരുന്ന കുടുംബാംഗങ്ങളുടെ നീണ്ട ആലിംഗനവും ഹസ്തദാനവും മനസ്സുകളെ പുളകമണിയിക്കുകയും ചെയ്തുകൊണ്ടിരുന്നു. ജീവിതത്തിലൊരിക്കലും തമ്മില്‍ കണ്ടിട്ടില്ലാത്ത, സിദ്ദീഖിന്റെ പരമ്പരയിലെ ഈ കണ്ണികള്‍ പരസ്പരം വാരിപുണരുന്ന കാഴ്ച അന്തരീക്ഷത്തെ കോള്‍മയിര്‍കൊള്ളിച്ചു കൊണ്ടിരുന്നു. സംഗമ തിയതി പ്രഖ്യാപിച്ചതോടെ, ഏപ്രില്‍ 3 ‘കോര്‍മത്ത് ദിന’മായി കണക്കാക്കിയ ഈ കുടുംബാംഗങ്ങള്‍, അന്നത്തെ കല്യാണങ്ങളും മറ്റു പരിപാടികളും മാറ്റിവെച്ചുകൊണ്ട് ഈ ദിനം കാത്തിരിക്കുകയായിരുന്നു.
കരവലയങ്ങളില്‍ മലര്‍ത്തി പിടിച്ച ചോരക്കുഞ്ഞുങ്ങള്‍ മുതല്‍ തൊണ്ണൂറുകള്‍ പിന്നിട്ട വൃദ്ധജനങ്ങള്‍ വരെ, തികഞ്ഞ അച്ചടക്കത്തോടെ, തുടക്കം മുതല്‍ ഒടുക്കം വരെ ഓഡിറ്റോറിയത്തിനുള്ളില്‍ കഴിയുന്ന ദൃശ്യം, നിത്യമെന്നോണം നിരവധി സംഗമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന ‘ശ്രീ സുമൊ’ക്ക് പുതുമ നല്‍കുന്നതായിരുന്നു.


കൃത്യം 9 മണിക്കു തന്നെ റജിസ്ത്രേഷനാരംഭിച്ചു. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലെ വിവിധ പ്രദേശത്തുകാര്‍ക്ക് പ്രത്യേകം കൌണ്ടറുകള്‍ തന്നെ സംവിധാനിച്ചിരുന്നു. പിന്നീട്, വിവിധ ദേശങ്ങളില്‍ നിന്നെത്തിയ അംഗങ്ങള്‍, തങ്ങള്‍ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത സ്വന്തം സഹോദരങ്ങളെ പരിചയപ്പെടുകയും അഡ്രസ്സും ഫോണ്‍ നമ്പറുകളും പരസ്പരം കൈമാറുകയും ചെയ്തുകൊണ്ടിരുന്നു. ഇനി, ഇത്തരമൊരവസരം ലഭിക്കുമോ എന്ന കാര്യത്തിലുറപ്പില്ലാത്ത വൃദ്ധജനങ്ങള്‍ കണ്ണീര്‍ വാര്‍ക്കുന്നതും പലേടത്തും ദൃശ്യമായിരുന്നു.





പ്രാര്‍ത്ഥനാനന്തരം, അബ്ദുല്ല, കോര്‍മത്ത് സദസ്സിന്നു സ്വാഗതം പറഞ്ഞതോടെ, പരിപാടികള്‍ക്ക് തുടക്കം കുറിക്കപ്പെട്ടു. മഞ്ചേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഇസ് ഹാഖ് കുരിക്കള്‍ സംഗമം ഉദ്ഘാടനം ചെയ്തു. പെരുവള്ളൂരിലെ കോര്‍മത്ത് കാരണവരായ


കോയാമു മുസ്ലിയാരായിരുന്നു അദ്ധ്യക്ഷന്‍. തുടര്‍ന്ന്, കോര്‍മത്ത് കുടുംബത്തിന്റെ മഹത്വവും കുടുംബ ബന്ധം ചേര്‍ക്കുന്നതിന്ന് ഇസ്ലാം കല്പിച്ച പ്രാധാന്യവും വിവരിച്ചു കൊണ്ട്, മഞ്ചേരി ഖാദി വി. പി. മുഹമ്മദ് മൌലവി അല്‍ ഖാസിമി നടത്തിയ


വിജ്ഞാനപ്രദമായ പ്രഭാഷണം സദസ്സിനെ കോരിത്തരിപ്പിച്ചു. തുടര്‍ന്ന്, കോര്‍മത്തു കുടുംബവുമായി ആദികാലം മുതല്‍ തന്നെ ഉറ്റ ബന്ധം പുലര്‍ത്തിയിരുന്ന, പെരുവള്ളൂരിലെ അരീക്കാട്ട് കുടുംബാംഗവും കൊണ്ടോട്ടിയിലെ റിലീഫ് ഹോസ്പിറ്റല്‍ ഉടമയുമായ ഡോ. എ. മൊയ്ദീന്‍ കുട്ടിയുടെ ആശംസ വായിക്കുകയുണ്ടായി. അനിവാര്യമായ ചിലകാരണങ്ങളാല്‍


സംഗമത്തിനെത്താന്‍ കഴിയാത്തതിലുള്ള അതീവ ദുഖവും, കോര്‍മത്ത് കുടുംബവുമായി, പൂര്‍വികര്‍ മുതല്‍ക്കു തന്നെ തന്റെ കുടുംബത്തിനുള്ള ബന്ധവും അതിലദ്ദേഹം വ്യക്തമാക്കിയിരുന്നു. മഞ്ചേരിയിലെ പ്രമുഖ കുടുംബ പ്രതിനിധികളായ കൊരമ്പയില്‍ മുഹമ്മദ് ഹാജി, ഓവുങ്ങല്‍ അബ്ദുല്‍ അലി, കൊല്ലപ്പറമ്പന്‍ അബ്ദുല്‍ ബഷീര്‍, പൂഴിക്കുത്ത് മുഹമ്മദ് ഇസ്മായില്‍, കൊടവണ്ടി അബ്ദുല്‍ ഹമീദ് എന്നിവര്‍ക്കു പുറമെ, പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ അബൂബക്കര്‍ മുസ്ലിയാരും(പട്ടാമ്പി) ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.



പരിപാടിയിലെ പ്രധാന ഇനമായ കോര്‍മത്ത് കുടുംബ ചരിത്ര വിവരണമാണ് പിന്നെ നടന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ, പോക്കര്‍ക്കയുടെ കൂടെ, കോര്‍മത്തുകാരെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ സജീവ സാന്നിധ്യം അര്‍പ്പിച്ച കോര്‍മത്ത് നസീബുല്ല മാസ്റ്റര്‍ (പ്രിന്‍സിപ്പള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍, വെന്മേനാട്) ആയിരുന്നു ശ്രദ്ധേയമായ ഈ ഇനം അവതരിപ്പിച്ചത്. സമയ പരിമിതിയുണ്ടായിരുന്നെങ്കിലും, ഓരൊ കോര്‍മത്തുകാരനും തന്റെ വ്യക്തിത്വത്തെ കുറിച്ചു ബോധ്യപ്പെടുത്താന്‍ പര്യപ്തമായിരുന്നു അദ്ദേഹത്തിന്റെ വിവരണം.



ഒരു മണിയോടെ, ഭക്ഷണത്തിന്നും നമസ്കാരത്തിന്നുമായി പിരിഞ്ഞു. സംഘാടകരുടെ സകല കണക്കുകളും തെറ്റിച്ചു കൊണ്ടെത്തിയ ജനം, പക്ഷെ, അവരെ ഒന്നു അമ്പരപ്പിച്ചു കഴിഞ്ഞിരുന്നു. സജ്ജീകരണങ്ങളില്‍ അല്പം മാറ്റം വരുത്താന്‍ , അതുകൊണ്ട് തന്നെ, അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പക്ഷെ, അത്ഭുതമെന്നു പറയട്ടെ, സാധാരണ ഇത്തരം സംഭവങ്ങളില്‍ അനുഭവപ്പെടാരുള്ളത് പോലെയുള്ള , കശപിശകളൊന്നും അവിടെ കാണാന്‍ കഴിഞ്ഞില്ല. മണിക്കൂറുകളോളം,


ഒട്ടിയ വയറുകളുമായി ഹാളിനകത്തു കഴിഞ്ഞിരുന്ന ആബാലവൃദ്ധം ജനങ്ങളും, അവിചാരിതമായി ലഭിച്ച അവസരം, സ്വന്തം സഹോദരങ്ങളുമായി കുശലം പറയുന്നതിന്നായി വിനിയോഗിക്കുന്ന കാഴ്ചയായിരുന്നു എങ്ങും ദൃശ്യമായിരുന്നത്. പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും ക്ഷമയോടും സഹനത്തോടും നേരിട്ടിരുന്ന പിതാമഹന്‍ അബൂബക്ക സിദ്ദീഖിന്റെ നിസ്തുല സ്വഭാവം പ്രയോഗവല്‍ക്കരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഈ തലമുറ.



കോര്‍മത്ത് കുടുംബാംഗവും ടെലിഫിലിം ഡയറക്ടറും പ്രോഡ്യൂസറുമായ സലാം കൊടിയത്തൂരാണ്, ഉച്ചക്കു ശേഷമുള്ള യുവജനസമ്മേളനം ഉദ്ഘാടനം ചെയ്തത്. ഏഡ്യുമാര്‍ട്ട് (കോഴിക്കോട്) മാനേജിംഗ് ഡയറക്ടര്‍ മുസ്തഫാ കോര്‍മത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രസ്തുത സെഷനില്‍, നിവില്‍ ഇബ്രാഹിം കോര്‍മത്ത് പ്രവര്‍ത്തനപരിപാടി അവതരിപ്പിച്ചു. മുനീര്‍ കോര്‍മത്ത് പ്രതിഭകളെ ആദരിച്ചു. സ്കൌട്ട്സ് ആന്റ് ഗൈഡ്സില് ഈ വര്‍ഷം രാഷ്ട്രപതി അവാര്‍ഡിന്ന് തെരഞ്ഞെടുക്കപ്പെട്ട കോര്‍മത്ത് ശഹര്‍ബാനുവിന്ന്, ഏഡ്യുമാര്‍ട്ട് (കോഴിക്കോട്)വകയായുള്ള പാരിതോഷികവും വേദിയില്‍ വെച്ചു നല്‍കുകയുണ്ടായി. കോര്‍മത്ത് അബ്ദുന്നാസര്‍ സ്വാഗതവും സഹീര്‍ കോര്‍മത്ത് നന്ദിയും പറഞ്ഞു.
കോര്‍മത്ത് കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തികളെ ആദരിക്കുന്ന ചടങ്ങായിരുന്നു പരിപാടിയിലെ ശ്രദ്ധേയമായ മറ്റൊരിനം. കോര്‍മത്ത് അഹ്മദ് എന്ന മാനു(കല്പകഞ്ചേരി), കോര്‍മത്ത് ഹസ്ബുല്ല (ചെറുവണ്ണൂര്‍), കോര്‍മത്ത് അബ്ദുല്‍ഖാദര്‍ മുഹ് യദ്ദീന്‍ (പറപ്പൂര്‍), കോര്‍മത്ത് പോക്കര്‍ (മഞ്ചേരി), കോര്‍മത്ത് കുഞ്ഞിക്കദിയ ഹജ്ജുമ്മ(പാലത്തിങ്ങല്‍), കോര്‍മത്ത് കുഞ്ഞിക്കദിയ(കരുമ്പില്‍) എന്നിവരാണ് ആദരിക്കപ്പെട്ടത്.
തുടര്‍ന്ന്, കോര്‍മത്ത് അബ്ദുറഹ്മാന്‍ ഹാജി (തിരൂരങ്ങാടി), കോര്‍മത്ത് അഡ്വ. സയ്തലവി(പാലത്തിങ്ങല്‍), കോര്‍മത്ത് നാസറുദ്ദീന്‍ ദാരിമി(പെരിഞ്ഞനം), കോര്‍മത്ത് സലാം മാളിയേക്കല്‍ (കൊടിയത്തൂര്‍), കോര്‍മത്ത് ഷാഹുല്‍ ഹമീദ് (പറപ്പൂര്‍), കോര്‍മത്ത് മന്‍സൂര്‍ (കരിമ്പില്‍), കോര്‍മത്ത് ബഷീര്‍ (കൊയപ്പ), കോര്‍മത്ത് സത്താര്‍ ഹാജി (മഞ്ചേരി) എന്നിവര്‍ തങ്ങളുടെ പ്രദേശങ്ങളിലെ കോര്‍മത്ത് കുടുംബങ്ങളെ കുറിച്ചു പരിചയപ്പെടുത്തുകയുണ്ടായി.




പ്രമുഖ മാപ്പിളപ്പാട്ട് ഗായകനും കോര്‍മത്ത് കുടുംബാംഗവുമായ ഷിഫിന്‍ രോഷന്റെ ഗാനത്തോടെ ആരംഭിച്ച, കോര്‍മത്തുകാരായ കൊച്ചുകുട്ടികളുടെ കലാവിരുന്നായിരുന്നു അവസാന ഇനം.



പുതുതായി കണ്ടെത്തിയ തങ്ങളുടെ ഉറ്റവരെ പിരിഞ്ഞുപോകുന്നതിലുള്ള വിമ്മിട്ടത്തോടെയായിരുന്നു സിദ്ദീഖ് പരമ്പരയുടെ ഈ പ്രതിനിധികള്‍ ‘ശ്രീ സുമൊ’ വിട്ടത്. ജീവിതത്തില്‍ മറക്കാനാകാത്ത ഈ ചരിത്രസംഗമത്തിന്റെ മഹത്തായ ഓര്‍മകളുടെ പ്രതീകമായി സംഘാടകര്‍ നല്‍കിയ ക്ലോക്കുമായാണ് ഓരോ കുടുംബവും സ്വദേശങ്ങളിലേക്ക് തിരിച്ചു പോയത്. ഇനി എന്നാണ് ഇത്തരമൊരവസരം കിട്ടുക എന്നായിരുന്നു ഓരോരുത്തരുടെയും ഹൃദയാന്തരങ്ങളില്‍ നിന്നുയര്‍ന്നു വന്ന ചോദ്യം.

No comments:

Post a Comment