Saturday, April 9, 2011

പെരുവള്ളൂരിലെയും തിരൂരങ്ങാടിയിലെയും കോർമത്തുകാർ ഖാദി അറബിയുടെ പുത്രനിൽ സംഗമിക്കുന്നു.

ഖാദി അറബി തിരൂരങ്ങാടിയിലാണെത്തിയതെന്നും അവിടെനിന്നാണ് അദ്ദേഹത്തിന്റെ പരമ്പര പെരുവള്ളൂര്‍, കൊടുങ്ങല്ലൂര്‍, കൊടിയത്തൂര്‍ എന്നീ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതെന്നും അംഗീകരിക്കപ്പെട്ട കാര്യമാണ്. എന്നാല്‍, തിരൂരങ്ങാടിയില്‍ നിലവിലുള്ള കോര്‍മത്ത് കുടുംബത്തെക്കുറിച്ച് പൂര്‍ണ്ണമായൊരു ചിത്രം ലഭിച്ചിരുന്നില്ല. വേരുകള്‍ തേടിയുള്ള ഞങ്ങളുടെ യാത്രക്കിടയില്‍, തിരൂരങ്ങാടിയില്‍ നിന്നു തന്നെ അത് കണ്ടെത്താനായി എന്നത് ഒരു സന്തോഷ വാര്‍ത്ത തന്നെയാണ്. 5-4-2011 ന്ന്, തിരൂരങ്ങാടിയിലെ കുഞ്ഞിക്കദിയയെ കണ്ടുമുട്ടിയതോടെയാണ് ഈ രഹസ്യം അനാവരണം ചെയ്യപ്പെട്ടത്.
കക്കാട്ടെ കോടിയാട്ട് രായങ്കുട്ടി മകന്‍ കുഞ്ഞിമൊയ്തീന്‍ കുട്ടിയുടെ മകളാണ് 86 കാരിയായ കുഞ്ഞിക്കദിയ. ചന്തപ്പടിയിലെ അഷ് റഫി ബുക്ക് സെന്റര്‍, തിരൂരങ്ങാടി ബുക്ക് സ്റ്റാള്‍, കോഴിക്കോട്ടെ എജ്യുമാര്‍ട്ട് എന്നിവയുടെ ഉടമ കോര്‍മത്ത് അബ്ദുറഹ്മാന്‍ ഹജിയുടെയും, കെ. മുഹമ്മദ് കുട്ടി ആന്റ് സണ്‍സ് ഉടമ ഉമര്‍ ഹാജിയുടെയും പിതാവ് മുഹമ്മദ് കുട്ടിയുടെ സഹോദരന്‍ മമ്മദ് കുട്ടിയുടെ ഭാര്യയാണ് ഇവര്‍. ‘തുടക്കം മുതല്‍ തന്നെ പറയാമല്ലോ‘ എന്ന മുഖവുരയോടെയാണ് കുഞ്ഞിക്കദിയ ചരിത്ര വിശദീകരണമാരംഭിച്ചത്.
കുടുംബത്തിലെ പിതാമഹനായ മൊയ്തീന്‍ കുട്ടിയിലാണ് കുഞ്ഞിക്കദിയയുടെ അറിവ് എത്തിപ്പെടുന്നത്. അബ്ദുറഹ്മാന്‍ ഹാജിയുടെ പുത്രന്‍ മുജീബ് കോര്‍മത്ത് ഇപ്പോള്‍ താമസിക്കുന്ന വീടിന്‍ തൊട്ടടുത്ത വീട്ടിലാണിപ്പോള്‍ കുഞ്ഞിക്കദിയ താമസിക്കുന്നത്.


ഈ വീട്ടിലായിരുന്നു മൊയ്തീന്‍ കുട്ടി ഹാജി താമസിച്ചിരുന്നതെന്നും, അബ്ദുറഹ്മാന്‍ ഹാജിയും ഭാര്യ കദിയുമ്മുവും ജനിച്ചത് ഈ വീട്ടിലായിരുന്നുവെന്നും അവര്‍ ഓര്‍ക്കുന്നു. മൊയ്തീങ്കുട്ടി ഹാജി വീട് പുനര്‍ നിര്‍മ്മിക്കുമ്പോള്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചത് മമ്പുറം സയ്യിദ് അലവി തങ്ങളായിരുന്നു. വീട്ടില്‍ നിന്നും ഹജ്ജിന്നിറങ്ങിയ അദ്ദേഹം മക്കയിലെത്തിയപ്പോഴെക്കും ഹജ്ജു കര്‍മം കഴിഞ്ഞു ജനങ്ങളെല്ലാം സ്ഥലം വിട്ടു കഴിഞ്ഞിരുന്നു. ദു:ഖിതനും നിരാശനുമായ മൊയ്തീങ്കുട്ടി ഹാജി വിവരം മമ്പുറം തങ്ങളെ അറിയിക്കുകയുണ്ടായി. ‘സാരമില്ല, അടുത്ത വര്‍ഷം ഹജ്ജ് കഴിഞ്ഞു മടങ്ങിയാല്‍ മതി’ എന്നായിരുന്നു തങ്ങളുടെ പ്രതികരണം. ഇതനുസരിച്ച് അടുത്ത വര്‍ഷം ഹജ്ജു കഴിഞ്ഞാണ് അദ്ദേഹം തിരിച്ചു പോന്നത്.
കുഞ്ഞിമുഹമ്മദ്, മമ്മുട്ടി, കുഞ്ഞിപ്പാത്തുമ്മ എന്നീ മക്കളണ് മൊയ്തീന്‍ കുട്ടി ഹാജിക്കുണ്ടായിരുന്നത്. ഇവരില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മൊയ്തീന്‍ കുട്ടിയും മമ്മുട്ടിയുടെ മകള്‍ കദിയുമ്മക്കുട്ടിയും തമ്മില്‍ വിവാഹിതരാവുകയും അവര്‍ക്ക് മുഹമ്മദ് കുട്ടി, മമ്മദ് കുട്ടി, പാത്തുമ്മു, അബൂബക്കര്‍, പേരോര്‍മയില്ലാത്ത മറ്റൊരു സ്ത്രീ എന്നിവര്‍ ജനിക്കുകയും ചെയ്തു. മോരിയയിലേക്കാണ് ഇവരെ വിവാഹം കഴിച്ചത്. അബൂബക്കര്‍ 22 വയസ്സുള്ളപ്പോള്‍ മരണപ്പെട്ടു. സിയാമു എന്നൊരാള്‍ കൂടിയുണ്ടെന്നും അയാളെ കുറിച്ച് യാതൊരു വിവര്‍4അവുമില്ലെന്നും കുഞ്ഞിക്കദിയ പറയുന്നു.
മുഹമ്മദ് കുട്ടിയുടെ മക്കളാണ് കോര്‍മത്ത് ഉമര്‍ ഹാജി, അബ്ദുറഹ്മാന്‍ ഹാജി, കുഞ്ഞിക്കദിയ എന്നിവര്‍.
അബ്ദുറഹ്മാന്‍, മൊയ്തീന്‍ കുട്ടി, റുഖിയ്യ, ഫാത്വിമ എന്നിവര്‍ മമ്മദ് കുട്ടിയുടെ മക്കളാണ്.
പാത്തുമ്മുവിന്റെ പുത്രി കദിയുമ്മുവായിരുന്നു അബ്ദുറഹ്മാന്‍ ഹാജിയുടെ സഹധര്‍മ്മിണി.
മൊയ്തീന്‍ കുട്ടി ഹാജിയുടെ മകള്‍ കുഞ്ഞിപ്പാത്തുമ്മയുടെ മകള്‍ കുഞ്ഞിക്കദിയയുടെ മകന്‍ കുഞ്ഞിമൊയ്തീന്‍ കുട്ടിയുടെ മകളാണ് നമ്മുടെ കുഞ്ഞിക്കദിയ.
മൊയ്തിന്‍ കുട്ടിയുടെ ഭാര്യ കദിയുമ്മക്കുട്ടിയുടെ സഹോദരങ്ങളും പിതാവുമെല്ലാം മമ്പുറം തങ്ങളുടെ മൊല്ലമാരായിരുന്നുവെന്ന് കേട്ടിട്ടുണ്ടെന്ന് കുഞ്ഞിക്കദിയ ഓര്‍ക്കുന്നു. മൊയ്തീന്‍ കുട്ടി ഹാജി അത്തരമൊരു മൊല്ലയായിരുന്നുവെന്നാണല്ലൊ ഇത് വിളിച്ചോതുന്നത്.
ഇവിടെയാണ് ഖാദി അറബിയിലേക്കൊരു തിരിച്ചു പോക്കു അനിവാര്യമായി തീരുന്നത്. ഖാദി അറബിയുടെ പുത്രന്‍ അബൂബക്കറിന്റെ മകന്‍ ഉണ്ണീന്‍ മൊല്ല എന്ന ഉണ്ണീമൊഹ്യദ്ദീനെയാണല്ലോ, പെരുവള്ളൂരിലെ അരീക്കാട്ട് പള്ളിയിലെ മതനേതൃത്വത്തിന്നായി മമ്പുറം തങ്ങള്‍ അയച്ചു കൊടുത്തത്. അദ്ദേഹത്തിന്റെ പരമ്പരയാണല്ലൊ ഇന്ന് പെരുവള്ളൂര്‍, കൊടിയത്തൂര്‍, കൊടുങ്ങല്ലൂര്‍ എന്നീ പ്രദേശങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന കോര്‍മത്ത് കുടുംബം. അപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരനായിരിക്കണം ഈ മൊയ്തീന്‍ കുട്ടി ഹാജി. അതെ, ഖാദി അറബിയുടെ മകന്‍ അബൂബക്കറിന്റെ മറ്റൊരു പുത്രനാണ് അദ്ദേഹം. അബൂബക്കർ എന്നാൾക്ക് മൂന്ന് പുത്രന്മാരുണ്ടായിരുന്നുവെന്നും ഒരാൾ പെരുവള്ളൂരിലേക്കും മറ്റൊരാൾ മഞ്ചേരിയിലെക്കും പോവുകയും മൂന്നാമൻ തിരൂരങ്ങാടിയിൽ തന്നെ കൂടുകയും ചെയ്തതായി തന്റെ പിതാവിന്റെ മാതാവ് പറയുന്നതായി കേട്ടിട്ടുണ്ടെന്ന് അബ്ദുറഹ്മാൻ ഹാജിയും പറയുന്നു. അങ്ങനെ, പെരുവള്ളൂരിലെയും തിരൂരങ്ങാടിയിലെയും കോര്‍മത്ത് പരമ്പര, ഖാദി അറബിയുടെ മകന്‍ അബൂബക്കറില്‍ ഒരുമിക്കുനു.

No comments:

Post a Comment