Monday, May 2, 2011

കാരണവന്മാരെ തേടി ഒരിക്കൽ കൂടി

2011 ഏപ്രില്‍ 3 ന്ന് മഞ്ചേരിയില്‍ നടന്ന കോര്‍മത്ത് സംഗമത്തില്‍ ആദരിക്കപ്പെടുകയും ശാരീരികാസ്വസ്ഥ്യങ്ങള്‍ കാരണം പരിപാടിയിലെത്താന്‍ കഴിയാതിരിക്കുകയും ചെയ്ത ചില കോര്‍മത്ത് കാരണവന്മാരെ സന്ദര്‍ശിക്കുകയെന്ന ലക്ഷ്യത്തോടെ, 2011 മെയ് 2 ന്ന് ഒരു സംഘം പ്രവര്‍ത്തകര്‍ പുറപ്പെട്ടു. കോര്‍മത്ത് സത്താര്‍ ഹാജി, മുഹമ്മദ് എന്ന കുഞ്ഞാന്‍, അബ്ദുല്‍ ഖാദര്‍ ഫൈസി, അബ്ദുന്നാസര്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.




കോര്‍മത്ത് അബ്ദുല്‍ഖാദര്‍ എന്ന ബാപ്പു മുസ്ലിയാര്‍
കോട്ടക്കല്‍ പറപ്പൂരില്‍ താമസിക്കുന്ന കോര്‍മത്ത് അബ്ദുല്‍ഖാദര്‍ എന്ന ബാപ്പു മുസ്ലിയാരുടെ വീട്ടിലാണ് സംഘം ആദ്യമായെത്തിയത്. തിരൂരങ്ങാടിയില്‍ നിന്നും പെരുവള്ളൂരില്‍ കുടിയേറിയ കോര്‍മത്ത് ഉണ്ണീന്‍ മുല്ല എന്ന ഉണ്ണിമുഹ് യദ്ദിന്റെ പുത്രന്‍ അബൂബക്കര്‍ ഹുസാമുദ്ദീന്‍ എന്ന പോക്കര്‍ ഹാജിയുടെ മകന്‍ അഹ്മദ് കുട്ടി ഹാജിയുടെ പൌത്രനാണിദ്ദേഹം. കോര്‍മത്ത് അബൂബക്കര്‍ മുസ്ലിയാര്‍(പറപ്പൂര്‍) ആണ് പിതാവ്. കോക്കൂരിലെ, തറയില്‍ പൂവത്തു പറമ്പില്‍ കുട്ടുണ്ണി മകള്‍ ഉമ്മാവുട്ടിയുമ്മയാണ് മാതാവ്. പ്രബോധനം പത്രാധിപര്‍ ടി. കെ. ഉബൈദ് ബാപ്പു മുസ്ലിയാരുടെ മാതുല പുത്രനാണ്.
അബൂബക്കര്‍ മുസ്ലിയാരുടെ മൂന്നു മക്കളില്‍ ആദ്യത്തെയാളായ ഇദ്ദേഹം, കോക്കൂരില്‍ വെച്ചാണ് മത വിദ്യാഭ്യാസം നേടിയത്. പണ്ഡിതനും ചികിത്സാരിയുമായ പിതാവിന്റെ മരണ ശേഷം, മുസ്ലിയാരും ചികിത്സാ രംഗത്ത് പ്രവേശിക്കുകയായിരുന്നു. തിരൂര്‍ പുതിയങ്ങാടിയിലെ, ചാലക്കപ്പറമ്പില്‍ ഫാത്വിമ കുട്ടിയാണ് സഹധര്‍മ്മിണി. അബൂബക്കര്‍, അബ്ദുറസാഖ് എന്നീ രണ്ടു പുത്രന്മാരുണ്ട്. ഈയിടെ പരേതനായ കോര്‍മത്ത് സയ്യിദ് അബ്ദുല്ല, കോര്‍മത്ത് ശാഹുല്‍ ഹമീദ് മൌലവി എന്നിവര്‍ സഹോദരങ്ങളാണ്. അബൂബക്കര്‍ മുസ്ലിയാരുടെ മരണ ശേഷം ഉമ്മാവുട്ടിയുമ്മയെ വിവാഹം കഴിച്ച പെരുവള്ളൂരിലെ കോര്‍മത്ത് പോക്കര്‍ മുസ്ലിയാരുടെ മകള്‍ മറിയക്കുട്ടി സഹോദരിയാണ്.



86 കാരനായ മുസ്ലിയാര്‍, പറപ്പൂരിലെ ചോലക്കുണ്ടിലെ സ്വഭവനത്തില്‍ വിശ്രമ ജീവിതം നയിക്കുകയാണിപ്പോള്‍.


കല്പകഞ്ചേരി മാനുക്ക
പറപ്പൂരില്‍ നിന്നും സംഘം തിരിച്ചത് കല്പകഞ്ചേരിയിലേക്കാണ്. മഞ്ചേരിയില്‍ നിന്നും അവിടെ കുടിയേറി പാര്‍ത്ത കോര്‍മത്ത്



അഹ്മദ് എന്ന മാനുക്കയെ കാണുകയായിരുന്നു ലക്ഷ്യം. കഴിവതും സംഗമത്തില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചിരുന്നുവെങ്കിലും ശാരീരികാസ്വസ്ഥ്യങ്ങള്‍ അതിന്ന് തടസ്സമാകുകയായിരുന്നു.


മലബാറിലെ അപൂര്‍വം ആദികാല മുസ്ലിം വിദ്യാസമ്പന്നരില്‍ ഒരാളായ കോര്‍മത്ത് കുഞ്ഞിരായന്‍ റെയ്ഞ്ചറാണ് പിതാവ്. ഭാര്യയും രണ്ടു മക്കളുമൊന്നിച്ച്, കലപകഞ്ചേരിയിലെ പ്രകൃതി രമണീയമായ പ്രദേശത്ത് വിശ്രമിക്കുകയാണ് ഈ തൊണ്ണൂറ്റി രണ്ടുകാരന്‍.

കരുമ്പില്‍ കുഞ്ഞിക്കദിയ ഹജ്ജുമ്മ
കോര്‍മത്ത് സംഗമത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രശംസ പിടിച്ചു പറ്റിയ കരുമ്പില്‍ - ചുള്ളിപ്പാറയിലും സംഘം സന്ദര്‍ശനം നടത്തി. പുരുഷന്മാരിലധികവും പ്രവാസികളാണിവിടെയെങ്കിലും, മൂന്നു ബസ്സുകളാണ്




സംഗമത്തിനെത്തിയത്. സംഗമത്തില്‍ പങ്കെടുക്കാനുള്ള സ്ത്രീകളുടെ ആവേശം ആദ്യമേ തന്നെ പ്രകടമായിരുന്നു. എന്നാല്‍, വെറും 35 ശതമാനം മാത്രമാണ് സംഗമത്തിനെത്തിയതെന്നും, ബഹുഭൂരിഭാഗമാളുകളും പിന്നീടാണ് വിവരമറിഞ്ഞതെന്നുമാണ് സ്ഥലം പഞ്ചായത്ത് മെമ്പറും സാമൂഹിക പ്രവര്‍ത്തകനുമായ കോര്‍മത്ത് മന്‍സൂര്‍ പറയുന്നത്. ഒരിക്കല്‍ കൂടി ഇത്തരമൊരു സംഗമത്തില്‍ പങ്കെടുക്കാനും പ്രിയപ്പെട്ടവരെ കാണാനും അല്ലാഹു ആയുസ്സ് നല്‍കട്ടെയെന്നാണ് സംഗമത്തില്‍ പങ്കെടുത്ത, എമ്പതുകളിലെത്തിയ കുഞ്ഞിക്കദിയ ഹജ്ജുമ്മയുടെ പ്രാര്‍ത്ഥന.

പാലത്തിങ്ങല്‍ കുഞ്ഞിക്കദിയ ഹജ്ജുമ്മ
1921ല്‍, ഇംഗ്ലീഷുകാരുടെ തീജ്വാലയില്‍ നിന്നും മുടിനാരിഴക്ക് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചു വരികയും ഇപ്പോഴും ആ



ഭീകര സംഭവം അയവിറക്കുകയും ചെയ്യുന്ന പാലത്തിങ്ങലെ കുഞ്ഞിക്കദിയ ഹജ്ജുമ്മയായിരുന്നു അടുത്ത ലക്ഷ്യം. ഉറ്റവരില്‍ നിന്നും സംഗമവിവരങ്ങള്‍ കേട്ട ഹജ്ജുമ്മ, അനാരോഗ്യം കാരണം പരിപാടിയിലെത്താന്‍ കഴിയാത്തതില്‍ അതീവ ദു:ഖിതയാണ്. പക്ഷെ, ദൈവിക വിധിയില്‍ സ്വയം സമാധാനം കണ്ടെത്തുകയാണവര്‍.

No comments:

Post a Comment