Monday, April 11, 2011

കോർമത്ത് പോക്കർ ഹാജി: തലമുറകളുടെ കുലപതി

പെരിഞ്ഞനത്തെ സയ്യിദ് മസ് ഹൂദ് എന്നയാള്‍ തന്റെ മകള്‍ ഫാത്വിമയെ കൂട്ടി മമ്പുറം തങ്ങളുടെ അടുത്തു വന്നു, അവളെ യോജിച്ച ഭര്‍ത്താവിന്ന് വിവാഹം ചെയ്തു കൊടുക്കാനഭ്യര്‍ത്ഥിച്ചു. തദാനുസാരം, തങ്ങള്‍, തിരൂരങ്ങാടി കോര്‍മത്തു പറമ്പില്‍ താമസിക്കുകയായിരുന്ന ഖാദി അറബിയുടെ പൌത്രന്‍ ഉണ്ണിമുഹ്യദ്ദീനെ വരുത്തി അദ്ദേഹത്തിന്നു വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. പിന്നീട്, പെരുവള്ളൂരിലെ അരീക്കാട്ട് പള്ളിയിലേക്ക് തങ്ങള്‍ അദ്ദേഹത്തെ അയക്കുകയും പള്ളിക്കടുത്ത എരണിപ്പുറത്തു


പറമ്പില്‍ ഒരു വീടു വെച്ചു കൊടുക്കുകയും ചെയ്തു. അങ്ങനെ, പെരുവള്ളൂരില്‍ ജീവിച്ച ദമ്പതികള്‍ക്ക് പിറന്ന ആദ്യ സന്താനമാണ് അബൂബക്കര്‍ ഹുസാമുദ്ദീന്‍ എന്ന പോക്കര്‍ ഹാജി. തങ്ങളുടെ ഓമനപുത്രന്നു മമ്പുറം തങ്ങള്‍ തന്നെ നാമകരണം നടത്തണമെന്നത് ഈ മാതാപിതാക്കളുടെ ആഗ്രഹമായിരുന്നു. അങ്ങനെയാണ് കുട്ടിയുടെ പൂര്‍വ പിതാമഹാനായ അബൂബക്കര്‍ സിദ്ദീഖിനെ അനുസ്മരിപ്പിക്കുന്ന അബൂബക്കര്‍ ഹുസാമുദ്ദീന്‍ എന്ന് അദ്ദേഹം നാമകരണം നടത്തിയത്.


മമ്പുറം തങ്ങളുടെ പെരുവിരല്‍ ഊമ്പുന്നു
ഒരിക്കല്‍, കുഞ്ഞിനെ നിലത്തിരുത്തി ഉണ്ണീന്‍ മുല്ല എന്ന ഉണ്ണിമുഹ് യദ്ദീന്‍ മമ്പുറം തങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ കുട്ടി ഇഴഞ്ഞ് തങ്ങളുടെ അടുത്തെത്തുകയും അദ്ദേഹത്തിന്റെ കാലിലെ പെരുവിരല്‍ ഊമ്പാന്‍ തുടങ്ങുകയും ചെയ്തു. ഇത് കണ്ട ഉണ്ണീന്‍ മുല്ല കുട്ടിയെ തടയാന്‍ ശ്രമിച്ചു. പക്ഷെ, ‘അവനെ തടയേണ്ടെന്നും അവന്‍ ‘ഇല്‍മ്’ – ജ്ഞാനം- ആണ് ഊമ്പിയെടുക്കുന്നതെന്നും പറഞ്ഞു കൊണ്ട് തങ്ങള്‍ അദ്ദേഹത്തെ തടയുകയായിരുന്നു.
വിവാഹവും ജോലിയും
ഭക്തിയുടെയും ജ്ഞാനത്തിന്റെയും ഭവനത്തില്‍ വളര്‍ന്ന അബൂബക്കര്‍ പിന്നെ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമിടയില്‍ പോക്കര്‍ എന്നാണറിയപ്പെട്ടത്. കുഞ്ഞാമാക്കാന്റകത്ത് മമ്മാദിയക്കുട്ടിയുമ്മയെ വിവാഹം ചെയ്ത അദ്ദേഹം, പുളിയമ്പറമ്പ്, കണ്ണമംഗലം എന്നീ സ്ഥലങ്ങളില്‍ ഖതീബായി സേവനം ചെയ്തിട്ടുണ്ട്. പുളിയമ്പറമ്പില്‍ ഖതീബായിരിക്കെ, നാട്ടില്‍ കൊടും ക്ഷാമം അനുഭവപ്പെട്ടു. മഴ കിട്ടാതെ ജനം വിഷമിച്ചു. നാട്ടുകാരുടെ അഭ്യര്‍ത്ഥന പ്രകാരം ഖതീബിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടക്കുകയും താമസിയാതെ ശക്തമായ മഴവര്‍ഷിക്കുകയും ചെയ്തു. അവസാനം നനഞ്ഞു കുതിര്‍ന്ന വസ്ത്രങ്ങളുമായാണത്രെ ജുമുഅക്ക് വന്നവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. പുളിയമ്പറമ്പിലെ കാരണവന്മാര്‍ ഈ സംഭവം അനുസ്മരിക്കാറുണ്ടായിരുന്നു.


നടുപ്പറമ്പില്‍ പള്ളി
അദ്ദേഹം മുങ്കൈ എടുത്താണ് നടുപ്പറമ്പില്‍ ഒരു പള്ളി സ്ഥാപിച്ചത്. 1881 ആഗസ്തില്‍ അദ്ദേഹം അവിടെ ഖതീബായിരുന്നുവെന്ന് രേഖകളില്‍ നിന്ന് മനസ്സിലാകുന്നു. പിന്നെ, മരണംവരെ അവിടെ ഖതീബായി തുടര്‍ന്നു. മരണ ശേഷം , മകന്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരാണ് ഈ സ്ഥാനമലംകരിച്ചത്. പള്ളിയുടെ വടക്കു വശത്തെ വെട്ടം പള്ളിയാളി പറമ്പില്‍ താമസമാക്കുകയും ചെയ്തു.
പോക്കര്‍ ഹാജിയുടെ കയ്യൊപ്പ്

മക്കള്‍
അഹ്മദ് കുട്ടി ഹാജി, ഉണ്ണിമുഹ് യദ്ദീന്‍ മുസ്ലിയാര്‍, അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍, മൂസ്സ മുസ്ലിയാര്‍, അബ്ദുല്ല മുസ്ലിയാര്‍, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, പാത്തുമ്മാമ, മുഹമ്മദ്, അവറാന്‍ കുട്ടി ഹാജി എന്നിവരാണ് സന്താനങ്ങള്‍.
പൌത്രന്മാരും പൌത്രികളും
പോക്കര്‍ മുസ്ലിയാര്‍, ശംസുദ്ദീന്‍ മുസ്ലിയാര്‍, മുഹമ്മദ്, ബിരിയുമ്മ, കദിയുമ്മ, മറിയക്കുട്ടി, ഉമ്മുഹാനി, ഫാത്വിമ കുട്ടി എന്നിവര്‍, ഇവരില്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ മക്കളാണ്. മുഹമ്മദ് മുസ്ലിയാര്‍, അബൂബക്കര്‍ മുസ്ലിയാര്‍, അബ്ദുല്ല മുസ്ലിയാര്‍, അഹ്മദ് കുട്ടി മുസ്ലിയാര്‍, ആയിശ, ഖദീജ എന്നിവര്‍ മൂസ്സ മുസ്ലിയാരുടെയും, സയ്യിദ് മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് അബൂബക്കര്‍ മുസ്ലിയാര്‍, ഉബൈദുല്ല മുസ്ലിയാര്‍, റഹ്മത്തുല്ല മുസ്ലിയാര്‍, ഫസ്ലുല്ല മുസ്ലിയാര്‍, മഹ്മൂദ് മുസ്ലിയാര്‍, സ്വിദ്ദീഖ, സ്വാലിഹ, നസ്രുല്ല, ഹസ്ബുല്ല എന്നിവര്‍ ഉണ്ണിമുഹ് യദ്ദീന്‍ മുസ്ലിയാരുടെയും, മുഹമ്മദ് കുട്ടി, ആച്ചുമ്മ എന്നിവര്‍ മുഹമ്മദ് മുസ്ലിയാരുടെയും, മുഹമ്മദ് മുസ്ലിയാര്‍, അബൂബക്കര്‍ മുസ്ലിയാര്‍, സ അദിയ്യ എന്നിവര്‍ അഹ്മദ് കുട്ടി ഹാജിയുടെയും മക്കളാണ്. പെരുവള്ളൂര്‍, കൊടിയത്തൂര്‍, കൊടുങ്ങല്ലൂരിലെ പെരിഞ്ഞനം, പറപ്പൂര്‍, ചെറുവണ്ണൂര്‍ എന്നിവിടങ്ങളിലെ കുടുംബങ്ങളിലെ പിതാമഹന്മാര്‍ ഇവരത്രെ.
മരണം
1910-ല്‍ ആ മഹാന്‍ ഈ ലോകത്തോട് വിട പറഞ്ഞു.

No comments:

Post a Comment