Tuesday, April 12, 2011

അവർ ഒന്നായി: കോർമത്ത് സംഗമം സമാപിച്ചൂ

updated on 13rd April 2011




സംഘാടകരുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു കൊണ്ട്, കേരളത്തിന്റെ നാനാഭാഗങ്ങളിലെ കോര്‍മത്ത് കുടുംബാംഗങ്ങള്‍ മഞ്ചേരിയിലെ, ശ്രീ സുമോ ഓഡിറ്റോറിയത്തില്‍ സംഗമിച്ചു. രാവിലെ 8 മണി മുതല്‍ തന്നെ, സ്പെഷല്‍ ബസ്സുകളിലും മറ്റു വാഹനങ്ങളിലുമായി നൂറുക്കണക്കില്‍ കോര്‍മത്തുകാരാണ് സംഗമ വേദിയിലേക്ക് ഒഴുകിയത്. ‘അസ്സലാമു അലൈകും’ എന്ന ഇസ്ലാമിക മന്ത്രധ്വനികള്‍ അന്തരീക്ഷത്തെ ഭക്തിനിര്‍ഭരമാക്കുകയും അകന്നു കഴിഞ്ഞിരുന്ന കുടുംബാംഗങ്ങളുടെ നീണ്ട ആലിംഗനവും ഹസ്തദാനവും മനസ്സുകളെ പുളകമണിയിക്കുകയും ചെയ്തുകൊണ്ടിരുന്നു. ജീവിതത്തിലൊരിക്കലും തമ്മില്‍ കണ്ടിട്ടില്ലാത്ത, സിദ്ദീഖിന്റെ പരമ്പരയിലെ ഈ കണ്ണികള്‍ പരസ്പരം വാരിപുണരുന്ന കാഴ്ച അന്തരീക്ഷത്തെ കോള്‍മയിര്‍കൊള്ളിച്ചു കൊണ്ടിരുന്നു. സംഗമ തിയതി പ്രഖ്യാപിച്ചതോടെ, ഏപ്രില്‍ 3 ‘കോര്‍മത്ത് ദിന’മായി കണക്കാക്കിയ ഈ കുടുംബാംഗങ്ങള്‍, അന്നത്തെ കല്യാണങ്ങളും മറ്റു പരിപാടികളും മാറ്റിവെച്ചുകൊണ്ട് ഈ ദിനം കാത്തിരിക്കുകയായിരുന്നു.
കരവലയങ്ങളില്‍ മലര്‍ത്തി പിടിച്ച ചോരക്കുഞ്ഞുങ്ങള്‍ മുതല്‍ തൊണ്ണൂറുകള്‍ പിന്നിട്ട വൃദ്ധജനങ്ങള്‍ വരെ, തികഞ്ഞ അച്ചടക്കത്തോടെ, തുടക്കം മുതല്‍ ഒടുക്കം വരെ ഓഡിറ്റോറിയത്തിനുള്ളില്‍ കഴിയുന്ന ദൃശ്യം, നിത്യമെന്നോണം നിരവധി സംഗമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന ‘ശ്രീ സുമൊ’ക്ക് പുതുമ നല്‍കുന്നതായിരുന്നു.


കൃത്യം 9 മണിക്കു തന്നെ റജിസ്ത്രേഷനാരംഭിച്ചു. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലെ വിവിധ പ്രദേശത്തുകാര്‍ക്ക് പ്രത്യേകം കൌണ്ടറുകള്‍ തന്നെ സംവിധാനിച്ചിരുന്നു. പിന്നീട്, വിവിധ ദേശങ്ങളില്‍ നിന്നെത്തിയ അംഗങ്ങള്‍, തങ്ങള്‍ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത സ്വന്തം സഹോദരങ്ങളെ പരിചയപ്പെടുകയും അഡ്രസ്സും ഫോണ്‍ നമ്പറുകളും പരസ്പരം കൈമാറുകയും ചെയ്തുകൊണ്ടിരുന്നു. ഇനി, ഇത്തരമൊരവസരം ലഭിക്കുമോ എന്ന കാര്യത്തിലുറപ്പില്ലാത്ത വൃദ്ധജനങ്ങള്‍ കണ്ണീര്‍ വാര്‍ക്കുന്നതും പലേടത്തും ദൃശ്യമായിരുന്നു.





പ്രാര്‍ത്ഥനാനന്തരം, അബ്ദുല്ല, കോര്‍മത്ത് സദസ്സിന്നു സ്വാഗതം പറഞ്ഞതോടെ, പരിപാടികള്‍ക്ക് തുടക്കം കുറിക്കപ്പെട്ടു. മഞ്ചേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഇസ് ഹാഖ് കുരിക്കള്‍ സംഗമം ഉദ്ഘാടനം ചെയ്തു. പെരുവള്ളൂരിലെ കോര്‍മത്ത് കാരണവരായ


കോയാമു മുസ്ലിയാരായിരുന്നു അദ്ധ്യക്ഷന്‍. തുടര്‍ന്ന്, കോര്‍മത്ത് കുടുംബത്തിന്റെ മഹത്വവും കുടുംബ ബന്ധം ചേര്‍ക്കുന്നതിന്ന് ഇസ്ലാം കല്പിച്ച പ്രാധാന്യവും വിവരിച്ചു കൊണ്ട്, മഞ്ചേരി ഖാദി വി. പി. മുഹമ്മദ് മൌലവി അല്‍ ഖാസിമി നടത്തിയ


വിജ്ഞാനപ്രദമായ പ്രഭാഷണം സദസ്സിനെ കോരിത്തരിപ്പിച്ചു. തുടര്‍ന്ന്, കോര്‍മത്തു കുടുംബവുമായി ആദികാലം മുതല്‍ തന്നെ ഉറ്റ ബന്ധം പുലര്‍ത്തിയിരുന്ന, പെരുവള്ളൂരിലെ അരീക്കാട്ട് കുടുംബാംഗവും കൊണ്ടോട്ടിയിലെ റിലീഫ് ഹോസ്പിറ്റല്‍ ഉടമയുമായ ഡോ. എ. മൊയ്ദീന്‍ കുട്ടിയുടെ ആശംസ വായിക്കുകയുണ്ടായി. അനിവാര്യമായ ചിലകാരണങ്ങളാല്‍


സംഗമത്തിനെത്താന്‍ കഴിയാത്തതിലുള്ള അതീവ ദുഖവും, കോര്‍മത്ത് കുടുംബവുമായി, പൂര്‍വികര്‍ മുതല്‍ക്കു തന്നെ തന്റെ കുടുംബത്തിനുള്ള ബന്ധവും അതിലദ്ദേഹം വ്യക്തമാക്കിയിരുന്നു. മഞ്ചേരിയിലെ പ്രമുഖ കുടുംബ പ്രതിനിധികളായ കൊരമ്പയില്‍ മുഹമ്മദ് ഹാജി, ഓവുങ്ങല്‍ അബ്ദുല്‍ അലി, കൊല്ലപ്പറമ്പന്‍ അബ്ദുല്‍ ബഷീര്‍, പൂഴിക്കുത്ത് മുഹമ്മദ് ഇസ്മായില്‍, കൊടവണ്ടി അബ്ദുല്‍ ഹമീദ് എന്നിവര്‍ക്കു പുറമെ, പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ അബൂബക്കര്‍ മുസ്ലിയാരും(പട്ടാമ്പി) ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.



പരിപാടിയിലെ പ്രധാന ഇനമായ കോര്‍മത്ത് കുടുംബ ചരിത്ര വിവരണമാണ് പിന്നെ നടന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ, പോക്കര്‍ക്കയുടെ കൂടെ, കോര്‍മത്തുകാരെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ സജീവ സാന്നിധ്യം അര്‍പ്പിച്ച കോര്‍മത്ത് നസീബുല്ല മാസ്റ്റര്‍ (പ്രിന്‍സിപ്പള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍, വെന്മേനാട്) ആയിരുന്നു ശ്രദ്ധേയമായ ഈ ഇനം അവതരിപ്പിച്ചത്. സമയ പരിമിതിയുണ്ടായിരുന്നെങ്കിലും, ഓരൊ കോര്‍മത്തുകാരനും തന്റെ വ്യക്തിത്വത്തെ കുറിച്ചു ബോധ്യപ്പെടുത്താന്‍ പര്യപ്തമായിരുന്നു അദ്ദേഹത്തിന്റെ വിവരണം.



ഒരു മണിയോടെ, ഭക്ഷണത്തിന്നും നമസ്കാരത്തിന്നുമായി പിരിഞ്ഞു. സംഘാടകരുടെ സകല കണക്കുകളും തെറ്റിച്ചു കൊണ്ടെത്തിയ ജനം, പക്ഷെ, അവരെ ഒന്നു അമ്പരപ്പിച്ചു കഴിഞ്ഞിരുന്നു. സജ്ജീകരണങ്ങളില്‍ അല്പം മാറ്റം വരുത്താന്‍ , അതുകൊണ്ട് തന്നെ, അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പക്ഷെ, അത്ഭുതമെന്നു പറയട്ടെ, സാധാരണ ഇത്തരം സംഭവങ്ങളില്‍ അനുഭവപ്പെടാരുള്ളത് പോലെയുള്ള , കശപിശകളൊന്നും അവിടെ കാണാന്‍ കഴിഞ്ഞില്ല. മണിക്കൂറുകളോളം,


ഒട്ടിയ വയറുകളുമായി ഹാളിനകത്തു കഴിഞ്ഞിരുന്ന ആബാലവൃദ്ധം ജനങ്ങളും, അവിചാരിതമായി ലഭിച്ച അവസരം, സ്വന്തം സഹോദരങ്ങളുമായി കുശലം പറയുന്നതിന്നായി വിനിയോഗിക്കുന്ന കാഴ്ചയായിരുന്നു എങ്ങും ദൃശ്യമായിരുന്നത്. പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും ക്ഷമയോടും സഹനത്തോടും നേരിട്ടിരുന്ന പിതാമഹന്‍ അബൂബക്ക സിദ്ദീഖിന്റെ നിസ്തുല സ്വഭാവം പ്രയോഗവല്‍ക്കരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഈ തലമുറ.



കോര്‍മത്ത് കുടുംബാംഗവും ടെലിഫിലിം ഡയറക്ടറും പ്രോഡ്യൂസറുമായ സലാം കൊടിയത്തൂരാണ്, ഉച്ചക്കു ശേഷമുള്ള യുവജനസമ്മേളനം ഉദ്ഘാടനം ചെയ്തത്. ഏഡ്യുമാര്‍ട്ട് (കോഴിക്കോട്) മാനേജിംഗ് ഡയറക്ടര്‍ മുസ്തഫാ കോര്‍മത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രസ്തുത സെഷനില്‍, നിവില്‍ ഇബ്രാഹിം കോര്‍മത്ത് പ്രവര്‍ത്തനപരിപാടി അവതരിപ്പിച്ചു. മുനീര്‍ കോര്‍മത്ത് പ്രതിഭകളെ ആദരിച്ചു. സ്കൌട്ട്സ് ആന്റ് ഗൈഡ്സില് ഈ വര്‍ഷം രാഷ്ട്രപതി അവാര്‍ഡിന്ന് തെരഞ്ഞെടുക്കപ്പെട്ട കോര്‍മത്ത് ശഹര്‍ബാനുവിന്ന്, ഏഡ്യുമാര്‍ട്ട് (കോഴിക്കോട്)വകയായുള്ള പാരിതോഷികവും വേദിയില്‍ വെച്ചു നല്‍കുകയുണ്ടായി. കോര്‍മത്ത് അബ്ദുന്നാസര്‍ സ്വാഗതവും സഹീര്‍ കോര്‍മത്ത് നന്ദിയും പറഞ്ഞു.
കോര്‍മത്ത് കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തികളെ ആദരിക്കുന്ന ചടങ്ങായിരുന്നു പരിപാടിയിലെ ശ്രദ്ധേയമായ മറ്റൊരിനം. കോര്‍മത്ത് അഹ്മദ് എന്ന മാനു(കല്പകഞ്ചേരി), കോര്‍മത്ത് ഹസ്ബുല്ല (ചെറുവണ്ണൂര്‍), കോര്‍മത്ത് അബ്ദുല്‍ഖാദര്‍ മുഹ് യദ്ദീന്‍ (പറപ്പൂര്‍), കോര്‍മത്ത് പോക്കര്‍ (മഞ്ചേരി), കോര്‍മത്ത് കുഞ്ഞിക്കദിയ ഹജ്ജുമ്മ(പാലത്തിങ്ങല്‍), കോര്‍മത്ത് കുഞ്ഞിക്കദിയ(കരുമ്പില്‍) എന്നിവരാണ് ആദരിക്കപ്പെട്ടത്.
തുടര്‍ന്ന്, കോര്‍മത്ത് അബ്ദുറഹ്മാന്‍ ഹാജി (തിരൂരങ്ങാടി), കോര്‍മത്ത് അഡ്വ. സയ്തലവി(പാലത്തിങ്ങല്‍), കോര്‍മത്ത് നാസറുദ്ദീന്‍ ദാരിമി(പെരിഞ്ഞനം), കോര്‍മത്ത് സലാം മാളിയേക്കല്‍ (കൊടിയത്തൂര്‍), കോര്‍മത്ത് ഷാഹുല്‍ ഹമീദ് (പറപ്പൂര്‍), കോര്‍മത്ത് മന്‍സൂര്‍ (കരിമ്പില്‍), കോര്‍മത്ത് ബഷീര്‍ (കൊയപ്പ), കോര്‍മത്ത് സത്താര്‍ ഹാജി (മഞ്ചേരി) എന്നിവര്‍ തങ്ങളുടെ പ്രദേശങ്ങളിലെ കോര്‍മത്ത് കുടുംബങ്ങളെ കുറിച്ചു പരിചയപ്പെടുത്തുകയുണ്ടായി.




പ്രമുഖ മാപ്പിളപ്പാട്ട് ഗായകനും കോര്‍മത്ത് കുടുംബാംഗവുമായ ഷിഫിന്‍ രോഷന്റെ ഗാനത്തോടെ ആരംഭിച്ച, കോര്‍മത്തുകാരായ കൊച്ചുകുട്ടികളുടെ കലാവിരുന്നായിരുന്നു അവസാന ഇനം.



പുതുതായി കണ്ടെത്തിയ തങ്ങളുടെ ഉറ്റവരെ പിരിഞ്ഞുപോകുന്നതിലുള്ള വിമ്മിട്ടത്തോടെയായിരുന്നു സിദ്ദീഖ് പരമ്പരയുടെ ഈ പ്രതിനിധികള്‍ ‘ശ്രീ സുമൊ’ വിട്ടത്. ജീവിതത്തില്‍ മറക്കാനാകാത്ത ഈ ചരിത്രസംഗമത്തിന്റെ മഹത്തായ ഓര്‍മകളുടെ പ്രതീകമായി സംഘാടകര്‍ നല്‍കിയ ക്ലോക്കുമായാണ് ഓരോ കുടുംബവും സ്വദേശങ്ങളിലേക്ക് തിരിച്ചു പോയത്. ഇനി എന്നാണ് ഇത്തരമൊരവസരം കിട്ടുക എന്നായിരുന്നു ഓരോരുത്തരുടെയും ഹൃദയാന്തരങ്ങളില്‍ നിന്നുയര്‍ന്നു വന്ന ചോദ്യം.

Monday, April 11, 2011

കോർമത്ത് പോക്കർ ഹാജി: തലമുറകളുടെ കുലപതി

പെരിഞ്ഞനത്തെ സയ്യിദ് മസ് ഹൂദ് എന്നയാള്‍ തന്റെ മകള്‍ ഫാത്വിമയെ കൂട്ടി മമ്പുറം തങ്ങളുടെ അടുത്തു വന്നു, അവളെ യോജിച്ച ഭര്‍ത്താവിന്ന് വിവാഹം ചെയ്തു കൊടുക്കാനഭ്യര്‍ത്ഥിച്ചു. തദാനുസാരം, തങ്ങള്‍, തിരൂരങ്ങാടി കോര്‍മത്തു പറമ്പില്‍ താമസിക്കുകയായിരുന്ന ഖാദി അറബിയുടെ പൌത്രന്‍ ഉണ്ണിമുഹ്യദ്ദീനെ വരുത്തി അദ്ദേഹത്തിന്നു വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. പിന്നീട്, പെരുവള്ളൂരിലെ അരീക്കാട്ട് പള്ളിയിലേക്ക് തങ്ങള്‍ അദ്ദേഹത്തെ അയക്കുകയും പള്ളിക്കടുത്ത എരണിപ്പുറത്തു


പറമ്പില്‍ ഒരു വീടു വെച്ചു കൊടുക്കുകയും ചെയ്തു. അങ്ങനെ, പെരുവള്ളൂരില്‍ ജീവിച്ച ദമ്പതികള്‍ക്ക് പിറന്ന ആദ്യ സന്താനമാണ് അബൂബക്കര്‍ ഹുസാമുദ്ദീന്‍ എന്ന പോക്കര്‍ ഹാജി. തങ്ങളുടെ ഓമനപുത്രന്നു മമ്പുറം തങ്ങള്‍ തന്നെ നാമകരണം നടത്തണമെന്നത് ഈ മാതാപിതാക്കളുടെ ആഗ്രഹമായിരുന്നു. അങ്ങനെയാണ് കുട്ടിയുടെ പൂര്‍വ പിതാമഹാനായ അബൂബക്കര്‍ സിദ്ദീഖിനെ അനുസ്മരിപ്പിക്കുന്ന അബൂബക്കര്‍ ഹുസാമുദ്ദീന്‍ എന്ന് അദ്ദേഹം നാമകരണം നടത്തിയത്.


മമ്പുറം തങ്ങളുടെ പെരുവിരല്‍ ഊമ്പുന്നു
ഒരിക്കല്‍, കുഞ്ഞിനെ നിലത്തിരുത്തി ഉണ്ണീന്‍ മുല്ല എന്ന ഉണ്ണിമുഹ് യദ്ദീന്‍ മമ്പുറം തങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ കുട്ടി ഇഴഞ്ഞ് തങ്ങളുടെ അടുത്തെത്തുകയും അദ്ദേഹത്തിന്റെ കാലിലെ പെരുവിരല്‍ ഊമ്പാന്‍ തുടങ്ങുകയും ചെയ്തു. ഇത് കണ്ട ഉണ്ണീന്‍ മുല്ല കുട്ടിയെ തടയാന്‍ ശ്രമിച്ചു. പക്ഷെ, ‘അവനെ തടയേണ്ടെന്നും അവന്‍ ‘ഇല്‍മ്’ – ജ്ഞാനം- ആണ് ഊമ്പിയെടുക്കുന്നതെന്നും പറഞ്ഞു കൊണ്ട് തങ്ങള്‍ അദ്ദേഹത്തെ തടയുകയായിരുന്നു.
വിവാഹവും ജോലിയും
ഭക്തിയുടെയും ജ്ഞാനത്തിന്റെയും ഭവനത്തില്‍ വളര്‍ന്ന അബൂബക്കര്‍ പിന്നെ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമിടയില്‍ പോക്കര്‍ എന്നാണറിയപ്പെട്ടത്. കുഞ്ഞാമാക്കാന്റകത്ത് മമ്മാദിയക്കുട്ടിയുമ്മയെ വിവാഹം ചെയ്ത അദ്ദേഹം, പുളിയമ്പറമ്പ്, കണ്ണമംഗലം എന്നീ സ്ഥലങ്ങളില്‍ ഖതീബായി സേവനം ചെയ്തിട്ടുണ്ട്. പുളിയമ്പറമ്പില്‍ ഖതീബായിരിക്കെ, നാട്ടില്‍ കൊടും ക്ഷാമം അനുഭവപ്പെട്ടു. മഴ കിട്ടാതെ ജനം വിഷമിച്ചു. നാട്ടുകാരുടെ അഭ്യര്‍ത്ഥന പ്രകാരം ഖതീബിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടക്കുകയും താമസിയാതെ ശക്തമായ മഴവര്‍ഷിക്കുകയും ചെയ്തു. അവസാനം നനഞ്ഞു കുതിര്‍ന്ന വസ്ത്രങ്ങളുമായാണത്രെ ജുമുഅക്ക് വന്നവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. പുളിയമ്പറമ്പിലെ കാരണവന്മാര്‍ ഈ സംഭവം അനുസ്മരിക്കാറുണ്ടായിരുന്നു.


നടുപ്പറമ്പില്‍ പള്ളി
അദ്ദേഹം മുങ്കൈ എടുത്താണ് നടുപ്പറമ്പില്‍ ഒരു പള്ളി സ്ഥാപിച്ചത്. 1881 ആഗസ്തില്‍ അദ്ദേഹം അവിടെ ഖതീബായിരുന്നുവെന്ന് രേഖകളില്‍ നിന്ന് മനസ്സിലാകുന്നു. പിന്നെ, മരണംവരെ അവിടെ ഖതീബായി തുടര്‍ന്നു. മരണ ശേഷം , മകന്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരാണ് ഈ സ്ഥാനമലംകരിച്ചത്. പള്ളിയുടെ വടക്കു വശത്തെ വെട്ടം പള്ളിയാളി പറമ്പില്‍ താമസമാക്കുകയും ചെയ്തു.
പോക്കര്‍ ഹാജിയുടെ കയ്യൊപ്പ്

മക്കള്‍
അഹ്മദ് കുട്ടി ഹാജി, ഉണ്ണിമുഹ് യദ്ദീന്‍ മുസ്ലിയാര്‍, അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍, മൂസ്സ മുസ്ലിയാര്‍, അബ്ദുല്ല മുസ്ലിയാര്‍, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, പാത്തുമ്മാമ, മുഹമ്മദ്, അവറാന്‍ കുട്ടി ഹാജി എന്നിവരാണ് സന്താനങ്ങള്‍.
പൌത്രന്മാരും പൌത്രികളും
പോക്കര്‍ മുസ്ലിയാര്‍, ശംസുദ്ദീന്‍ മുസ്ലിയാര്‍, മുഹമ്മദ്, ബിരിയുമ്മ, കദിയുമ്മ, മറിയക്കുട്ടി, ഉമ്മുഹാനി, ഫാത്വിമ കുട്ടി എന്നിവര്‍, ഇവരില്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ മക്കളാണ്. മുഹമ്മദ് മുസ്ലിയാര്‍, അബൂബക്കര്‍ മുസ്ലിയാര്‍, അബ്ദുല്ല മുസ്ലിയാര്‍, അഹ്മദ് കുട്ടി മുസ്ലിയാര്‍, ആയിശ, ഖദീജ എന്നിവര്‍ മൂസ്സ മുസ്ലിയാരുടെയും, സയ്യിദ് മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് അബൂബക്കര്‍ മുസ്ലിയാര്‍, ഉബൈദുല്ല മുസ്ലിയാര്‍, റഹ്മത്തുല്ല മുസ്ലിയാര്‍, ഫസ്ലുല്ല മുസ്ലിയാര്‍, മഹ്മൂദ് മുസ്ലിയാര്‍, സ്വിദ്ദീഖ, സ്വാലിഹ, നസ്രുല്ല, ഹസ്ബുല്ല എന്നിവര്‍ ഉണ്ണിമുഹ് യദ്ദീന്‍ മുസ്ലിയാരുടെയും, മുഹമ്മദ് കുട്ടി, ആച്ചുമ്മ എന്നിവര്‍ മുഹമ്മദ് മുസ്ലിയാരുടെയും, മുഹമ്മദ് മുസ്ലിയാര്‍, അബൂബക്കര്‍ മുസ്ലിയാര്‍, സ അദിയ്യ എന്നിവര്‍ അഹ്മദ് കുട്ടി ഹാജിയുടെയും മക്കളാണ്. പെരുവള്ളൂര്‍, കൊടിയത്തൂര്‍, കൊടുങ്ങല്ലൂരിലെ പെരിഞ്ഞനം, പറപ്പൂര്‍, ചെറുവണ്ണൂര്‍ എന്നിവിടങ്ങളിലെ കുടുംബങ്ങളിലെ പിതാമഹന്മാര്‍ ഇവരത്രെ.
മരണം
1910-ല്‍ ആ മഹാന്‍ ഈ ലോകത്തോട് വിട പറഞ്ഞു.

Saturday, April 9, 2011

പെരുവള്ളൂരിലെയും തിരൂരങ്ങാടിയിലെയും കോർമത്തുകാർ ഖാദി അറബിയുടെ പുത്രനിൽ സംഗമിക്കുന്നു.

ഖാദി അറബി തിരൂരങ്ങാടിയിലാണെത്തിയതെന്നും അവിടെനിന്നാണ് അദ്ദേഹത്തിന്റെ പരമ്പര പെരുവള്ളൂര്‍, കൊടുങ്ങല്ലൂര്‍, കൊടിയത്തൂര്‍ എന്നീ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതെന്നും അംഗീകരിക്കപ്പെട്ട കാര്യമാണ്. എന്നാല്‍, തിരൂരങ്ങാടിയില്‍ നിലവിലുള്ള കോര്‍മത്ത് കുടുംബത്തെക്കുറിച്ച് പൂര്‍ണ്ണമായൊരു ചിത്രം ലഭിച്ചിരുന്നില്ല. വേരുകള്‍ തേടിയുള്ള ഞങ്ങളുടെ യാത്രക്കിടയില്‍, തിരൂരങ്ങാടിയില്‍ നിന്നു തന്നെ അത് കണ്ടെത്താനായി എന്നത് ഒരു സന്തോഷ വാര്‍ത്ത തന്നെയാണ്. 5-4-2011 ന്ന്, തിരൂരങ്ങാടിയിലെ കുഞ്ഞിക്കദിയയെ കണ്ടുമുട്ടിയതോടെയാണ് ഈ രഹസ്യം അനാവരണം ചെയ്യപ്പെട്ടത്.
കക്കാട്ടെ കോടിയാട്ട് രായങ്കുട്ടി മകന്‍ കുഞ്ഞിമൊയ്തീന്‍ കുട്ടിയുടെ മകളാണ് 86 കാരിയായ കുഞ്ഞിക്കദിയ. ചന്തപ്പടിയിലെ അഷ് റഫി ബുക്ക് സെന്റര്‍, തിരൂരങ്ങാടി ബുക്ക് സ്റ്റാള്‍, കോഴിക്കോട്ടെ എജ്യുമാര്‍ട്ട് എന്നിവയുടെ ഉടമ കോര്‍മത്ത് അബ്ദുറഹ്മാന്‍ ഹജിയുടെയും, കെ. മുഹമ്മദ് കുട്ടി ആന്റ് സണ്‍സ് ഉടമ ഉമര്‍ ഹാജിയുടെയും പിതാവ് മുഹമ്മദ് കുട്ടിയുടെ സഹോദരന്‍ മമ്മദ് കുട്ടിയുടെ ഭാര്യയാണ് ഇവര്‍. ‘തുടക്കം മുതല്‍ തന്നെ പറയാമല്ലോ‘ എന്ന മുഖവുരയോടെയാണ് കുഞ്ഞിക്കദിയ ചരിത്ര വിശദീകരണമാരംഭിച്ചത്.
കുടുംബത്തിലെ പിതാമഹനായ മൊയ്തീന്‍ കുട്ടിയിലാണ് കുഞ്ഞിക്കദിയയുടെ അറിവ് എത്തിപ്പെടുന്നത്. അബ്ദുറഹ്മാന്‍ ഹാജിയുടെ പുത്രന്‍ മുജീബ് കോര്‍മത്ത് ഇപ്പോള്‍ താമസിക്കുന്ന വീടിന്‍ തൊട്ടടുത്ത വീട്ടിലാണിപ്പോള്‍ കുഞ്ഞിക്കദിയ താമസിക്കുന്നത്.


ഈ വീട്ടിലായിരുന്നു മൊയ്തീന്‍ കുട്ടി ഹാജി താമസിച്ചിരുന്നതെന്നും, അബ്ദുറഹ്മാന്‍ ഹാജിയും ഭാര്യ കദിയുമ്മുവും ജനിച്ചത് ഈ വീട്ടിലായിരുന്നുവെന്നും അവര്‍ ഓര്‍ക്കുന്നു. മൊയ്തീങ്കുട്ടി ഹാജി വീട് പുനര്‍ നിര്‍മ്മിക്കുമ്പോള്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചത് മമ്പുറം സയ്യിദ് അലവി തങ്ങളായിരുന്നു. വീട്ടില്‍ നിന്നും ഹജ്ജിന്നിറങ്ങിയ അദ്ദേഹം മക്കയിലെത്തിയപ്പോഴെക്കും ഹജ്ജു കര്‍മം കഴിഞ്ഞു ജനങ്ങളെല്ലാം സ്ഥലം വിട്ടു കഴിഞ്ഞിരുന്നു. ദു:ഖിതനും നിരാശനുമായ മൊയ്തീങ്കുട്ടി ഹാജി വിവരം മമ്പുറം തങ്ങളെ അറിയിക്കുകയുണ്ടായി. ‘സാരമില്ല, അടുത്ത വര്‍ഷം ഹജ്ജ് കഴിഞ്ഞു മടങ്ങിയാല്‍ മതി’ എന്നായിരുന്നു തങ്ങളുടെ പ്രതികരണം. ഇതനുസരിച്ച് അടുത്ത വര്‍ഷം ഹജ്ജു കഴിഞ്ഞാണ് അദ്ദേഹം തിരിച്ചു പോന്നത്.
കുഞ്ഞിമുഹമ്മദ്, മമ്മുട്ടി, കുഞ്ഞിപ്പാത്തുമ്മ എന്നീ മക്കളണ് മൊയ്തീന്‍ കുട്ടി ഹാജിക്കുണ്ടായിരുന്നത്. ഇവരില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മൊയ്തീന്‍ കുട്ടിയും മമ്മുട്ടിയുടെ മകള്‍ കദിയുമ്മക്കുട്ടിയും തമ്മില്‍ വിവാഹിതരാവുകയും അവര്‍ക്ക് മുഹമ്മദ് കുട്ടി, മമ്മദ് കുട്ടി, പാത്തുമ്മു, അബൂബക്കര്‍, പേരോര്‍മയില്ലാത്ത മറ്റൊരു സ്ത്രീ എന്നിവര്‍ ജനിക്കുകയും ചെയ്തു. മോരിയയിലേക്കാണ് ഇവരെ വിവാഹം കഴിച്ചത്. അബൂബക്കര്‍ 22 വയസ്സുള്ളപ്പോള്‍ മരണപ്പെട്ടു. സിയാമു എന്നൊരാള്‍ കൂടിയുണ്ടെന്നും അയാളെ കുറിച്ച് യാതൊരു വിവര്‍4അവുമില്ലെന്നും കുഞ്ഞിക്കദിയ പറയുന്നു.
മുഹമ്മദ് കുട്ടിയുടെ മക്കളാണ് കോര്‍മത്ത് ഉമര്‍ ഹാജി, അബ്ദുറഹ്മാന്‍ ഹാജി, കുഞ്ഞിക്കദിയ എന്നിവര്‍.
അബ്ദുറഹ്മാന്‍, മൊയ്തീന്‍ കുട്ടി, റുഖിയ്യ, ഫാത്വിമ എന്നിവര്‍ മമ്മദ് കുട്ടിയുടെ മക്കളാണ്.
പാത്തുമ്മുവിന്റെ പുത്രി കദിയുമ്മുവായിരുന്നു അബ്ദുറഹ്മാന്‍ ഹാജിയുടെ സഹധര്‍മ്മിണി.
മൊയ്തീന്‍ കുട്ടി ഹാജിയുടെ മകള്‍ കുഞ്ഞിപ്പാത്തുമ്മയുടെ മകള്‍ കുഞ്ഞിക്കദിയയുടെ മകന്‍ കുഞ്ഞിമൊയ്തീന്‍ കുട്ടിയുടെ മകളാണ് നമ്മുടെ കുഞ്ഞിക്കദിയ.
മൊയ്തിന്‍ കുട്ടിയുടെ ഭാര്യ കദിയുമ്മക്കുട്ടിയുടെ സഹോദരങ്ങളും പിതാവുമെല്ലാം മമ്പുറം തങ്ങളുടെ മൊല്ലമാരായിരുന്നുവെന്ന് കേട്ടിട്ടുണ്ടെന്ന് കുഞ്ഞിക്കദിയ ഓര്‍ക്കുന്നു. മൊയ്തീന്‍ കുട്ടി ഹാജി അത്തരമൊരു മൊല്ലയായിരുന്നുവെന്നാണല്ലൊ ഇത് വിളിച്ചോതുന്നത്.
ഇവിടെയാണ് ഖാദി അറബിയിലേക്കൊരു തിരിച്ചു പോക്കു അനിവാര്യമായി തീരുന്നത്. ഖാദി അറബിയുടെ പുത്രന്‍ അബൂബക്കറിന്റെ മകന്‍ ഉണ്ണീന്‍ മൊല്ല എന്ന ഉണ്ണീമൊഹ്യദ്ദീനെയാണല്ലോ, പെരുവള്ളൂരിലെ അരീക്കാട്ട് പള്ളിയിലെ മതനേതൃത്വത്തിന്നായി മമ്പുറം തങ്ങള്‍ അയച്ചു കൊടുത്തത്. അദ്ദേഹത്തിന്റെ പരമ്പരയാണല്ലൊ ഇന്ന് പെരുവള്ളൂര്‍, കൊടിയത്തൂര്‍, കൊടുങ്ങല്ലൂര്‍ എന്നീ പ്രദേശങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന കോര്‍മത്ത് കുടുംബം. അപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരനായിരിക്കണം ഈ മൊയ്തീന്‍ കുട്ടി ഹാജി. അതെ, ഖാദി അറബിയുടെ മകന്‍ അബൂബക്കറിന്റെ മറ്റൊരു പുത്രനാണ് അദ്ദേഹം. അബൂബക്കർ എന്നാൾക്ക് മൂന്ന് പുത്രന്മാരുണ്ടായിരുന്നുവെന്നും ഒരാൾ പെരുവള്ളൂരിലേക്കും മറ്റൊരാൾ മഞ്ചേരിയിലെക്കും പോവുകയും മൂന്നാമൻ തിരൂരങ്ങാടിയിൽ തന്നെ കൂടുകയും ചെയ്തതായി തന്റെ പിതാവിന്റെ മാതാവ് പറയുന്നതായി കേട്ടിട്ടുണ്ടെന്ന് അബ്ദുറഹ്മാൻ ഹാജിയും പറയുന്നു. അങ്ങനെ, പെരുവള്ളൂരിലെയും തിരൂരങ്ങാടിയിലെയും കോര്‍മത്ത് പരമ്പര, ഖാദി അറബിയുടെ മകന്‍ അബൂബക്കറില്‍ ഒരുമിക്കുനു.

ചുള്ളിപ്പാറ വഴി സി. കെ. നഗറിലേക്ക്


കോര്‍മത്ത് മമ്മുട്ടി താമസിച്ചിരുന്ന വീട് ഇന്ന്

ചെമ്മാടിനടുത്ത സി. കെ. നഗറിലെ കോര്‍മത്ത് സാന്നിധ്യത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ അറിവുണ്ടായിരുന്നുവെങ്കിലും അവിടെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈയിടെ, മഞ്ചേരിയില്‍ നടന്ന കോര്‍മത്ത് സംഗമത്തിലെത്തിയ സി. കെ. നഗര്‍ സ്വദേശി കോര്‍മത്ത് അബൂബക്കറുമായി പരിചയപ്പെട്ടതോടെയാണ് സന്ദര്‍ശനം ഒരു യാഥാര്‍ത്ഥ്യമായത്.
കോഴിക്കോട്ടെ എജ്യുമാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ മുസ്തഫാ കോര്‍മത്തായിരുന്നു സഹയാത്രികന്‍. ആദ്യം അബ്ദുല്ലക്കുട്ടിയുടെയും പിന്നെ, അബൂബക്കറിന്റെയും വീടുകള്‍ സന്ദര്‍ശിച്ചു.
ചുള്ളിപ്പാറയില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത കുട്ട്യാമു മകന്‍ മമ്മുട്ടിയായിരുന്നു സി. കെ. നഗറിലെ കോര്‍മത്ത് കുടുംബത്തിന്നു തുടക്കം കുറിച്ചത്. വെറ്റില വ്യാപാരിയായ ഇദ്ദേഹത്തിന്റെ ഭാര്യ ചേളാരി പടിക്കലെ മമ്മാത്തുവായിരുന്നു. ഏകദേശം 60 വര്‍ഷം മുമ്പാണ് ഇദ്ദേഹം മരണമടഞ്ഞത്.
മമ്മുട്ടി – മമ്മാത്തു ദമ്പതികള്‍ക്ക് 7 മക്കളാണുണ്ടായിരുന്നത്. മുഹമ്മദ്, കുട്ട്യാമു, കോയാമു, സൈദലവി, സൈനുദ്ദീന്‍, ഖദീജ, ബിയ്യുട്ടി എന്നിവരാണവര്‍.

മുഹമ്മദിന്റെ ഭാര്യ ചോനാരി സുലൈഖ (മൂന്നിയൂര്‍)

മുഹമ്മദിന്റെ മക്കള്‍: അബൂബക്കര്‍, ഫാത്വിമ, അബ്ദുല്ലക്കുട്ടി, നഫീസ, സുഹ് റാബി


മുഹമ്മദിന്റെ പുത്രന്മാരായ അബൂബക്കറും അബ്ദുല്ലക്കുട്ടിയും





പാരമ്പര്യം കാക്കാൻ ഇനി ഇവർ

കുട്ട്യാമു: നഫീസ, ഖദീജ, മമ്മുട്ടി
കോയാമു: കുഞ്ഞിമുഹമ്മദ്, അബു, നഫീസ, ഖദീജ
സൈദലവിക്ക് 5 മക്കളുണ്ട്. പേരുവിവരങ്ങള്‍ ലഭിച്ചിട്ടില്ല
സൈനുദ്ദീന്‍: ജമീല, ബഷീര്‍, ഹഫ്സത്ത്, സുഹ് റാബി, സൈറാബാനു

Sunday, April 3, 2011

നന്ദി! നന്ദി!

അല്‍ ഹംദു ലില്ലാഹ്!
നാം പ്രതീക്ഷിച്ചതിലധികം മടങ്ങ് മംഗളമായി കോര്‍മത്ത് സംഗമ പരിപാടി സമാപിക്കാന്‍ തൌഫീഖ് നല്‍കിയ സര്‍വ ശക്തന്ന് നന്ദി! അല്‍ ഹംദു ലില്ലാഹ്!
രാവിലെ എട്ടുമണി മുതല്‍ തന്നെ ശ്രീ സുമോ ഓഡിറ്റോറിയത്തിലേക്ക് ഒഴുകിയെത്തി പരിപാടിയില്‍ ആദ്യന്തം പങ്കെടുത്തു കൊണ്ട് സംഗമം മഹാവിജയ മാക്കിയ, കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി എത്തിയ കോര്‍മത്ത് കുടുംബാംഗങ്ങള്‍, മുഖ്യാതിഥികള്‍, ആശംസകള്‍ നേര്‍ന്നു സഹകരിച്ച പ്രമുഖ കുടുംബ പ്രതിനിധികള്‍, സംഗമത്തിന്റെ വിജയത്തിന്നു വേണ്ടി മാസങ്ങളോളം ഓടി നടന്നു പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകര്‍, വിവിധ രീതികളില്‍ സഹകരിച്ച മറ്റു സഹൊദരങ്ങള്‍- എല്ലാവര്‍ക്കും ആയിരമായിരം നന്ദി!
കോര്‍മത്ത് കുടുംബ സംഗമം സംഘാടക സമിതി

Friday, April 1, 2011

കോർമത്തുകാരിക്ക് രാഷ്ട്രപതി അവാർഡ്



തിരൂരങ്ങാടി:
മനുഷ്യ സേവനത്തിന്നു പരിശീലനം നല്‍കുന്ന ഭാരത് സ്കൌട്സ് ആന്റ് ഗൈഡ്സില്‍ മികവ് തെളിയിച്ചതിന്റെ പേരില്‍, ഒരു കോര്‍മത്തുകാരി രാഷ്ട്രപതിയുടെ അവാര്‍ഡിന്ന് അര്‍ഹയായി. തിരൂരങ്ങാടി ചന്തപ്പടിയിലെ കോര്‍മത്ത് ഹൌസില്‍ താമസിക്കുന്ന കോര്‍മത്ത് അബ്ദുറഹ്മാന്റെയും സുഹ്രയുടെയും മകളായ കോര്‍മത്ത് ശഹര്‍ബാനുവാണ് ഈ ഭാഗ്യവതി.
കായികമായ ആരോഗ്യത്തിന്നു പുറമെ, മാനസികവും സാംസ്കാരികവും, വൈകാരികവും, അദ്ധ്യാത്മികവും സാമൂഹികവും സദാചാരപരവുമായ ഉദ്കര്‍ഷം വ്യക്തികളില്‍ കൈവരുത്താന്‍ ശ്രമിക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്നത് ശ്രദ്ധേയമാണ്. 1950 നവ. 7ന്ന് രൂപം കൊണ്ട ഈ പ്രസ്ഥാനത്തില്‍, അദ്ധ്യ്യാത്മികമായൊരന്തരീക്ഷം വളരെ പ്രധാനമാകയാല്‍, നിരീശ്വരവാദികള്‍ക്കിതില്‍ സ്ഥാനമില്ലെന്ന് അതിന്റെ ഭരണഘടന അനുശാസിക്കുന്നുണ്ട്.
തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പതിനൊന്നാം ക്ലാസ്സുകാരിയായ ശഹര്‍ബാനു, 2010ല്‍, കൊയിലാണ്ടിയിലെ നടുവത്തൂര്‍ ആര്‍. ടി. സിയിലാണ് യോഗ്യതാ ടെസ്റ്റിന്ന് ഹാജറായത്. മാര്‍ച്ചിലാണ് ഫലം പുറത്തുവന്നത്.