Wednesday, February 16, 2011

കോർമത്തിന്റെ ശാഖകൾ തേടി

കോർമത്തു പോക്കർ, മഞ്ചേരി

[കോർമത്ത് തറവാട്ടിലെ അറ്റുപോയ കണ്ണികളെ വിളക്കിച്ചേർക്കാനായി എഴുപതുകൾ പിന്നിട്ട കോർമത്ത് പോക്കർക്ക നടത്തിയ സാഹസിക യാത്രകളുടെ ഡയറികുറിപ്പുകളാണിവിടെ പ്രസിദ്ധീകരിക്കുന്നത്. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ, മുമ്പത്തെ പോലെ ഫീൽഡിലിറങ്ങി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലൊന്നായ കൊർമത്ത് സംഗമ പ്രവർത്തനങ്ങളിൽ, അദ്ദേഹത്തിന്റെ നിറഞ്ഞ സാന്നിദ്ധ്യം പ്രവർത്തകരിൽ ആവേശം പകരുന്നു.]






11 – 10 – 2000
കോർമത്ത് കുടുംബത്തിന്റെ ശാഖകൾ തേടി, രാവിലെ, ഞാനും ഹൈദരലിയും മഞ്ചേരിയിൽ നിന്നും പുറപ്പെട്ടു. പെരുവള്ളൂർ, കൊയപ്പ എന്നീ സ്ഥലങ്ങളായിരുന്നു ലക്ഷ്യം. കൊണ്ടോട്ടിയിൽ നിന്നും സിദ്ദീഖാബാദ് എന്ന സ്ഥലത്തെത്തിയ ഞങ്ങൾ അവിടെയുള്ള കോർമത്ത് കാരണവന്മാരിലൊരാളായ കോയാമു മുസ്ലിയാരെയും കൂട്ടി പറമ്പിൽ പീടിക എത്തി. അവിടെ , പുന്നത്തൊടിയിൽ അബൂബക്കർ എന്ന കോർമത്തുകാരന്റെ വീട്ടിലേക്കാൺ പോയത്. തൊട്ടടുത്ത് തന്നെയാൺ അദ്ദേഹത്തിന്റെ അനുജന്റെ വീടും സ്ഥിതി ചെയ്യുന്നത്. മാനസികമായി വളരെ അടുപ്പത്തോടെ കഴിയുന്ന ഇരുവരും സാമ്പത്തികമായും തരക്കേടില്ലാത്ത കൂട്ടത്തിലാണെന്നു മനസ്സിലായി.
കോർമത്ത് കുടുംബ സംബന്ധമായ ചർച്ചയിൽ പുതിയ പല വിവരങ്ങളും ലഭിച്ചു. അമ്മാവൻ ആലിക്കാക്കയും ചർച്ചയിൽ പങ്കെടുത്തിരുന്നു. ചെറുപ്പത്തിൽ, കോർമത്തുകാരിയായ മാതാവിന്റെ കൂടെ മഞ്ചേരിയിൽ വിരുന്നു പോവുകയും മഞ്ചേരിയിലെ കുടുംബക്കാരുടെ വീടുകളിൽ, മൂന്നോ നാലോ ദിവസങ്ങൾ വിരുന്നു പാർത്ത ശേഷം തിരിച്ചു പോരുകയും ചെയ്ത സംഭവം അദ്ദേഹം അനുസ്മരിക്കുകയുണ്ടായി.
അവിചാരിതമായ ഈ കൂടിക്കാഴ്ച അവരിൽ വലിയ സന്തോഷവും അത്ഭുതവുമാണുണ്ടാക്ക്കിയത്. ഊണുകഴിക്കാനുള്ള നിർബന്ധപൂർവമായ ക്ഷണം നിരസിച്ചു കൊണ്ട്, ചായ സൽക്കാരത്തിന്നു ശേഷം 12 മണിയോടെ ഞങ്ങൾ അവിടെനിന്നും പുറപ്പെട്ടു. കോയാമു മുസ്ലിയാരുടെ വീട്ടിൽ തിരിച്ചെത്തിയ ഞങ്ങൾ അവിടെ നിന്നു ഊണ് കഴിച്ചു. നമസ്കാരവും അവിടെ നിന്നായിരുന്നു നിർവഹിച്ചത്.
കോയാമു മുസ്ലിയാരുടെ ‘കൊല്ലീരി’ എന്ന തറവാട് വീട്, സിദ്ദീഖാബാദിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയാൺ. അദ്ദേഹത്തിന്റെ, ഏറ്റവുമടുത്ത ഒരു ബന്ധുവായ കോർമത്ത് അബ്ദുൽഖാദർ ഫൈസി( തിരൂർക്കാട് ഇലാഹിയാ കോളജ് അദ്ധ്യാപകൻ)യുടെ വീട്ടിൽ കഴിഞ്ഞ വർഷം ഞങ്ങളൊരു കൂട്ടമാളുകൾ സന്ദർശിച്ച കാര്യം എനിക്കോർമ വന്നു.
കൊയപ്പയിലെ കുടുംബത്തെ കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നു ഞങ്ങൾക്കു തോന്നി. (ആ ശ്രമങ്ങൾക്ക് അല്ലാഹു തൌഫീഖ് നൽകട്ടെ, ആമീൻ).
അത്താഴത്തിന്നു തന്നെ ബഹളം! പിന്നെങ്ങനെ, പഴഞ്ചോറുണ്ടാകും! സ്നേഹം എന്ന കാര്യം ഭൂമിയിൽ അവശേഷിക്കുന്നുണ്ടെന്നു തോന്നിയിരുന്നില്ല. എന്നാൽ, അത് ശരിയല്ലെന്നു ഇപ്പോൾ തോന്നുന്നു. സത്യം പറഞ്ഞാൽ, നാം തേടിപ്പുറപ്പെട്ട കുടുംബം ഇങ്ങോട്ടു വന്നു അന്വേഷിക്കുകയായിരുന്നു.
4 മണിയോടെ മഞ്ചേരിയിൽ തിരിച്ചെത്തി.

തിരൂരങ്ങാടി ബുക് സ്റ്റാൾ
17 – 10 -2000
മഞ്ചേരി പുതിയ ബസ്റ്റാന്റിനടുത്ത ആർക്കെഡിൽ പ്രവർത്തിക്കുന്ന ‘തിരൂരങ്ങാടി ബുക് സ്റ്റാൾ’ ഉടമ മുനീർ, കോർമത്ത് കുടുംബാംഗമാണെന്ന് ഞാൻ മനസ്സിലാക്കിയത് ഇന്നാൺ. ആധുനിക സൌകര്യങ്ങളോടെയുള്ള ഒരു പ്രസ്സ് ഇവരുടേതായി തിരൂരങ്ങാടിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മനസ്സിലായി. മുനീറിന്റെ പിതാവും മുത്താപ്പയും ബുക് സ്റ്റാൾ ഉടമകളാണത്രെ. നിരവധി കോർമത്തുകാർ പരിസരപ്രദേശങ്ങളിലുണ്ടെന്ന് മുനീറിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു. എന്റെ മകൻ ഷാജിയുടെ ഒരു മിത്രം കൂടിയായിരുന്നു മുനീർ. ഒരു ദിവസം തിരൂരങ്ങാടി സന്ദർശിക്കാൻ ഞാൻ മനസാ തീരുമാനിച്ചു.



വീണ്ടും കൊയപ്പയിലേക്ക്
22 – 10 – 2000
മഞ്ചേരിയുടെ കോർമത്ത് ചരിത്രം ‘കൊയപ്പ’യിൽ നിന്നാൺ ആരംഭിക്കുന്നതെന്നതിനാൽ, കൊയപ്പയുടെ പഴയകാല ചരിത്രം മനസ്സിലാക്കുക വളരെ അനിവാര്യമായിരുന്നു. കഴിഞ്ഞ സന്ദർശനത്തിൽ ഇത് സംബന്ധമായി കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അതിനാൽ തന്നെ, വീണ്ടും ഒരു സന്ദർശനം നടത്താൻ തീരുമാനിച്ചതായിരുന്നു. ഇന്ന് അത് നടപ്പാക്കാൻ തീരുമാനിച്ചു. ഇപ്രാവശ്യം ഞാൻ തനിച്ചായിരുന്നു പറമ്പിൽ പീടിക എത്തിയത്. കഴിഞ്ഞ യാത്രയിലെ പരിചയം വെച്ചു പുന്നത്തൊടി അബൂബക്കർ, സഹോദരൻ മുഹമ്മദ് കാക്ക എന്നിവരുടെ വീടുകൾ സന്ദർശിച്ചുവെങ്കിലും ഇരുവരെയും കാണാൻ കഴിയാതെ നിരാശനായി തിരിച്ചു പോരാനൊരുങ്ങവെയാൺ, ഇവരുടെ വീടിനടുത്തുള്ള വി. പി. സയ്ത് എന്ന രാമനാട്ടുകരക്കാരനായ ഒരു പപ്പടവ്യവസായിയെ കണ്ടുമുട്ടിയത്. അയാളുമായുള്ള സംസാരത്തിൽ നിന്നാൺ ഈ പ്രദേശത്തിന്റെ പേർ ‘ഇരുമ്പങ്കുടുക്ക്’ എന്നാണെന്നു മനസ്സിലായത്. അതോടെ, വന്ന ഉദ്ദേശ്യം നേടാനാകാതെ അന്നും തിരിച്ചു പോന്നു.

കൊയപ്പയിലേക്ക് തന്നെ
29 – 10 -2000
എ. ആർ. നഗർ ലക്ഷ്യമാക്കിയാണ് രാവിലെ 7.30ന്ന് ഞാൻ പുറപ്പെട്ടത്. മോട്ടോർ സൈക്കിളായിരുന്നു വാഹനം. തിരൂർക്കാട് ഇലാഹിയ കോളജ് അദ്ധ്യാപകനായ കോർമത്ത് അബ്ദുൽഖാദർ ഫൈസിയെ കാണുകയായിരുന്നു ഉദ്ദേശ്യം. ഇന്നലെ ഫോൺ ചെയ്തു എന്റെ ആഗമനം അറിയിച്ചിരുന്നു. ഒരു മണിക്കൂർ സഞ്ചരിച്ച് കൃത്യം 9.30ന്ന് കക്കാടമ്പുറത്തെ ഊക്കത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചേർന്നു. 34 ക്.മീ ദൂരമാണ് മഞ്ചേരിയിൽ നിന്നവിടേക്കെടുത്തത്. കൊയപ്പ കണ്ടുപിടിക്കണമെന്നതാണുദ്ദേശ്യമെന്ന് ഞാനദ്ദേഹത്തെ അറിയിച്ചു. ഉത്സാഹപൂർവം എന്റെ ആവശ്യം സ്വീകരിച്ച അദ്ദേഹം ഒന്നുരണ്ടാളുകളുമായി ഫോണിൽ ബന്ധപ്പെട്ടു. അല്പം കഴിഞ്ഞു ഒരാൾ അവിടെയെത്തി. അദ്ദേഹത്തിന്റെ അളിയൻ - ഭാര്യയുടെ എളാപ്പയുടെ മകൻ - ആയിരുന്നു അത്.
ഉച്ച ഭക്ഷണത്തിന്നു ശേഷം, ഒരു ഓട്ടോ റിക്ഷയിൽ ഞങ്ങൾ മൂവരും പറമ്പില്പീടികയിലെത്തുകയും അവിടെനിന്നും വലത്തോട്ടുള്ള ഒരു റോഡിലൂടെ, അവരുദ്ദേശിച്ച ഒരു വീട്ടിലെത്തിച്ചേരുകയും ചെയ്തു. അവർ ലക്ഷ്യം വെച്ച വൃദ്ധനായ പണ്ഡിതൻ പറമ്പിൽ പൂളക്ക് മണ്ണിടുന്നതായി കണ്ടപ്പൊൾ എനിക്കത്ഭുതം തോന്നി. ഞങ്ങളെ കണ്ടമാത്രയിൽ, അദ്ദേഹം ജോലി നിറുത്തി കൂനിക്കൂനി അടുത്തേക്കു വന്നു. മീത്തൽ പുര മുഹമ്മദ് മുസ്ലിയാർ. പിതാവ് കുഞഹമ്മദ് ഹാജി. മാതാവ് കുഞ്ഞാമിന മുസ്ലിയാർ. ഞങ്ങൾ സലാം ചൊല്ലി. ഞങ്ങളുടെ ആഗമനം അദ്ദേഹത്തെ വളരെയധികം സന്തോഷിപ്പിച്ചതായി തോന്നി.
ഞങ്ങളൊന്നിച്ച് മുൻ വശത്തെ കട്ടിലിരുന്ന അദ്ദേഹം പറഞ്ഞു: ‘ഒന്നുമില്ല! ഒന്നുമില്ല’. തനിക്ക് നൂറുവയസ്സായെന്നും ഭാര്യ ജീവിച്ചിരിപ്പില്ലെന്നും അദ്ദെഹം പറഞ്ഞു. മുസ്ലിയാർക്ക് 50 വയസ്സുള്ളപ്പോഴാണ് മാതാവ് മരിച്ചത്. കേൾവിക്കുറവുള്ളതിനാൽ ഞങ്ങൾക്ക് ഉച്ചത്തിൽ സംസാരിക്കേണ്ടി വന്നു. രണ്ട് ആണ്മക്കളുണ്ട്. അവർ സ്ഥലത്തില്ല.
കുറച്ചു കഴിഞ്ഞ്, അല്പം അകലെയുള്ള വീട്ടിൽ നിന്നും അദ്ദേഹത്തിന്റെ മകൾ എത്തി. കുഞ്ഞാമിന! വയസ്സ് 62. ഇവരെല്ലാം ഫൈസിയുടെ ബന്ധുക്കളാണെന്ന് സംസാരത്തിൽ നിന്നും മനസ്സിലായി. പിതാവിന്ന് നൂറു വയസ്സായിട്ടില്ലെന്നും ഓർമശക്തി അല്പം കുറവാണെന്നതൊഴിച്ചാൽ, ആരോഗ്യത്തിന്നു കാര്യമായ തകരാറൊന്നുമില്ലെന്നും കുഞ്ഞാമിന ഞങ്ങളോട് പറഞ്ഞു. മാത്രമല്ല, നമസ്കാരം, ഭക്ഷണം എന്നിവ ചിട്ടപോലെ നടത്തുകയും, ചിലപ്പോൾ പറമ്പിൽ പീടിക അങ്ങാടിയിൽ, തനിച്ചു പോയി തിരിച്ചു വരാറുണ്ടെന്നും അവർ പറഞ്ഞപ്പോൾ ഞങ്ങളത്ഭുതപ്പെടുകയായിരുന്നു. കാഴ്ചയിലും ഈ പറഞ്ഞത് ഞങ്ങൾക്കു ബോധ്യപ്പെട്ടു. നാല്പത് വർഷത്തോളം ഇദ്ദേഹം ഒരു പള്ളിയിൽ ഖതീബായി സേവനമനുഷ്ടിച്ചിട്ടുണ്ടെന്ന് ഫൈസിയും അളിയൻ അഹ്മദ് മൌലവിയും പറഞ്ഞു.
വലിയുമ്മ കുഞ്ഞാമിന മുസ്ലിയാരുമായി സംസാരിച്ച കാര്യം പൌത്രിയായ കുഞ്ഞാമിന ഞങ്ങളൊടനുസ്മരിച്ചു. അക്കാലത്ത്, ഫത് വകൾക്കായി ആളുകൾ വീട്ടിൽ വരാറൂണ്ടായിരുന്നുവെന്നും അവർ ഓർക്കുന്നു. കുഞ്ഞാമിന മുസ്ലിയാർ കോർമത്തുകാരിയായിരുന്നുവെന്ന് അഹ്മദ് മൌലവി പറഞ്ഞു.
ഏതായാലും, ഞാനുദ്ദേശിച്ച പോക്കർ ഹാജിയുടെ വീടല്ലാ ഇതെന്നു എനിക്കു മനസ്സിലായി. കൊയപ്പയുടെ മറ്റൊരു ഭാഗമുണ്ടെന്ന് മനസ്സിലായി. മറ്റൊരു ദിവസം അവിടെ പോകാമെന്ന തീരുമാനത്തോടെ ഞങ്ങൾ തിരിച്ചു പൊന്നു. രാത്രി 7 മണിയോടെ ഞാൻ വീട്ടിൽ തിരിച്ചെത്തി.

വെണ്മേനാട്
16 – 10 – 2000
രാവിലെ 8.10ന്ന്, മഞ്ചേരിയിൽ നിന്നും പുറപ്പെടുന്ന ബസ്സിൽ ഞങ്ങൾ ഗുരുവായൂരിലേക്ക് പുറപ്പെട്ടു. തൃശൂർ ജില്ലയിലെ വെണ്മേനാടായിരുന്നു ലക്ഷ്യം. കെ. സി. അബ്ദുല്ല (തുവ്വൂർ), കമ്മുണ്ണി മകൻ ശൌക്കത്ത്, മാനു ഏളാപ്പ മകൻ അഹ്മദ് എന്നിവരായിരുന്നു സഹയാത്രികർ. ഗുരുവായൂരിൽ നിന്നും പാവറട്ടിയിലേക്ക് ലോക്കൽ ബസ്സിലും അവിടെ നിന്ന് ഓട്ടൊയിലുമായി കൃത്യം 11. 15ന്ന് ഞങ്ങൾ നസീബുല്ല മാസ്റ്ററുടെ വീട്ടിലെത്തി. സന്തോഷപൂർവം ഞങ്ങളെ സ്വീകരിച്ചിരുത്തിയ മാസ്റ്ററുമായി ദീർഘനേരം ഞങ്ങൾ സംഭാഷണം നടത്തി. 1969 ൽ, തിരൂരങ്ങാടി പ്രസ്സിൽ അച്ചടിച്ച, ഉണ്ണിമുഹ്യദ്ദീൻ മുസ്ലിയാരുടെ ചരിത്രം അദ്ദേഹം ഞങ്ങൾക്കു തന്നു. തിരൂരങ്ങാടി പ്രസ്സ് നടത്തിപ്പുകാരും, മഞ്ചേരിയ്ലെ തിരൂരങ്ങാടി ബുക് സ്റ്റാൾ നടത്തുന്നവരും കോർമത്തുകാരാണെന്ന് സംസാരത്തിൽ നിന്നു മനസ്സിലായി.
നമസ്കാരവും ഭക്ഷണവും കഴിഞ്ഞ ശേഷവും ഞങ്ങൾ സംഭാഷണം തുടർന്നു. 3മണിക്ക് അവിടെനിന്നിറങ്ങിയ ഞങ്ങൾ തൊട്ടടുത്തു താമസിക്കുന്ന മസ്റ്ററുടെ ശ്വശുരൻ മുഹമ്മദ് ഹാജിയുടെ വീട്ടിൽ കയറി. ഇവരുടെ വിടിനടുത്ത പ്ലസ്റ്റു സ്കൂളിന്റെ മാനെജറാണദ്ദേഹം. അദ്ദേഹത്തിന്റെ കാറിൽ ഗുരുവായൂരെത്തിയ ഞങ്ങൾ 6മണിയൊടെ മഞ്ചേരിയിൽ തിരിച്ചെത്തി.

No comments:

Post a Comment