Saturday, May 14, 2011

‘കണ്ണില്ലാത്ത മുഹമ്മദ് കാക്ക‘യെ തേടിചെന്നു; പക്ഷെ…..

എജുമാർട്ട് ഉടമ കോർമത്ത് അബ്ദുറഹ്മാൻ ഹാജി ഹോസ്പിറ്റലിലാണെന്നറിഞ്ഞപ്പോൾ ഞങ്ങൾ സന്ദർശിച്ചു. രോഗവിവരം കുറഞ്ഞ വാക്കുകളിലൊതുക്കിയ അദ്ദേഹം ഉടനെ കടന്നത് കോർമത്ത് കുടുംബ ചരിത്രത്തിലേക്കാണ്. ‘തിരൂരങ്ങാടിയിൽ ഇടക്കിടെ എത്തുന്ന ‘കണ്ണില്ലാത്ത മുഹമ്മദ് കാക്ക‘യെ കുറിച്ച് നമുക്ക് അന്വേഷിക്കണം; അദ്ദേഹത്തിന്ന് കോർമത്ത് കുടുംബത്തെ കുറിച്ച് നന്നായറിയുമെന്നാണ് തോന്നുന്നത്; അഡ്മിറ്റിലല്ലെങ്കിൽ ഞാനും വരുമായിരുന്നു.‘
പല തവണ പറഞ്ഞ കാര്യമായിരുന്നു ഇതദ്ദേഹം. പക്ഷെ, സൌകര്യം ഒത്തു വന്നില്ലെന്ന് മാത്രം. ഈ മുഹമ്മദ് കാക്കാക്ക് ഏകദേശം 75 കഴിഞ്ഞിട്ടുണ്ടെന്നു കൂടി അറിഞ്ഞപ്പോൾ ഉടനെ പുറപ്പെടാൻ തീരുമാനിക്കുകയായിരുന്നു.
തിരൂർ റയിൽ വെ സ്റ്റേഷനടുത്ത പള്ളിയുടെ ഭാഗത്ത് അന്വേഷിച്ചപ്പോഴാണ്, ഇരിങ്ങാവൂരിലാണ് ഇദ്ദേഹത്തിന്റെ വീടെന്നും ഇപ്പോൾ ജീവിച്ചിരിക്കുന്നുവോ എന്ന് സംശയമാണെന്നും മനസ്സിലായത്. ഇരിങ്ങാവൂരിലെ അസ് ഹരി പാറ പള്ളിക്കടുത്തായിരുന്നു വീടെങ്കിലും അടുത്ത കാലത്ത് താമസം അല്പം മാറിയെന്നാണറിഞ്ഞത്. ഇഹ് യാ‍ാഉസ്സുന്ന എന്നൊരു സ്ഥാപനത്തിനടുത്താണ് ഇപ്പോൾ വീടെന്നും , പക്ഷെ, ആറു മാസം മുമ്പ് അദ്ദേഹം മരിച്ചു പോയിട്ടുണ്ടെന്നുമാണ് സ്ഥലത്തെ ഒരു കടക്കാരനിൽ നിന്നും അറിഞ്ഞത്.
അവിചാരിതമായാണ് മുഹമ്മദ് കാക്കായുടെ മൂത്ത മകൻ മൂസ്സ എന്നയാൾ ആ വഴി വന്നത്. പ്രഥമ ദൃഷ്ട്യാ തന്നെ, മാനസിക രോഗത്തിന്റെ അല്പം ശല്യം അയാളെ അലട്ടുന്നുണ്ടെന്നു തോന്നി. വഴി അല്പം വിശമകരമാണെന്നറിഞ്ഞതിനാൽ, വണ്ടി ഒരു ഭാഗത്ത് നിറുത്തി ഞങ്ങൾ അദ്ദേഹത്തെ അനുധാവനം ചെയ്തു, അദ്ദേഹം അറിയാതെ.
സാമാന്യം തരക്കേടില്ലാത്ത ഒരു വീട്. വൃദ്ധയായ ഭാര്യ ബീപാത്തുവാണ് ഞങ്ങളെ സ്വീകരിച്ചത്. മുഹമ്മദ് കാക്കയുടെ മരണ ശേഷം ഇവർക്ക് അല്പം മാനസിക വിശമമുള്ളതിനാൽ വീട് പൂട്ടിയായിരുന്നു മകൾ ഉമ്മു കുത്സൂം പുറത്തു പോയിരുന്നത്. അതിനാൽ, പുറത്തു നിന്നു കൊണ്ടായിരുന്നു സംസാരം. ഇതിൽ വിശമം തോന്നിയ ബീപാത്തുവിനെ ഞങ്ങൾ സമാധാനിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് വഴിയിൽ നിന്ന് വിവരം കേട്ട് ഉമ്മുകുത്സൂം ഓടിയെത്തിയത്. കാലിന്ന് അല്പം വിശമമുണ്ടായിരുന്നുവെങ്കിലും അത് വകവെക്കാതെ, കുതിച്ചെത്തിയതായിരുന്നു.
ഞങ്ങളെ മനസ്സിലാവുകയും ആഗമനോദ്ദേശ്യമറിയുകയും ചെയ്തപ്പോൾ, ഇരുവരുടെയും ദുഖവും സന്തോഷവും ഒന്നിച്ചേർന്നു കണ്ണുനീരുകളായി അണപൊട്ടുകയായിരുന്നു.
കോർമത്ത് ഏനിയുടെ മകൻ മൂത്താമുവിന്റെ പുത്രനാണ് ‘കണ്ണില്ലാത്ത മുഹമ്മദ് കാക്ക’ എന്ന കോർമത്ത് മുഹമ്മദ് ഹാജി. തിരൂരങ്ങാടി, മഞ്ചേരി, വടകര തുടങ്ങി പല നാടുകളിലും തന്റെ കുടുംബമുണ്ടെന്ന് സഞ്ചാരി കൂടിയായ അദ്ദേഹം പലപ്പോഴും പറയാറുണ്ട്. നെല്ലിയാളി കുഞ്ഞസ്സന്റെ മകൾ ബീപാത്തുവാണ് ഭാര്യ. മൂസ്സ, അബ്ദുൽ അസീസ് എന്നീ രണ്ടു പുത്രന്മാരും നഫീസ, ഉമ്മുകുത്സൂം എന്നി പെണ്മക്കളുമുണ്ട്. ഇളയ മകൻ അസീസ് ഗൾഫിലായതിനാൽ ജീവിതത്തിന്നു കാര്യമായ വിശമമൊന്നുമില്ല. മൂത്ത മകൻ മൂസ പതിനെട്ടാം വയസ്സു മുതൽ മാനസിക രോഗത്തിന്നു ചികിത്സയിലാണ്. മുഹമ്മദ് ഹാജിക്ക് രണ്ടുസഹോദരികളുമുണ്ട്. മൂത്രാശയ സംബന്ധമായ രോഗം കാരണം 2010 ഒക്ടോബർ 26 ചൊവ്വാഴ്ച അദ്ദേഹം മരണപ്പെട്ടു.
വിശാലമായൊരു കുടുംബത്തിലെ അംഗമാണ് താനെന്നു മനസ്സിലായ ഉമ്മുകുത്സൂമിന്ന് തന്റെ സന്തോഷവും അഭിമാനവും മറച്ചുവെക്കാൻ കഴിഞ്ഞില്ല. പിതാവിന്റെ പിതൃവ്യ സഹോദരൻ മുഹമ്മദ് ഹാജിയുടെ വീട്ടിലെത്തിച്ച ശേഷം മാത്രമാണ് അവർ ഞങ്ങളെ വിട്ടത്.
കുറേ കാലമായി ഹാർട്ട് സംബന്ധമായ രോഗത്തിന്നടിമപ്പെട്ടു ശയ്യാവലംബിയായി കഴിയുകയാണ്, ഏനിയുടെ മകൻ സെയ്താലിയുടെ മകനായ മുഹമ്മദ് ഹാജി. അദ്ദേഹത്തിന്റെ വീട്ടിൽ സംസാരിച്ചു കൊണ്ടിരിക്കെ, സഹോദരൻ മൊഇതീൻ ഹാജിയും കുതിച്ചെത്തി.
ഇരിങ്ങാവൂരും പരിസര പ്രദേശങ്ങളിലും ധാരാളം കോർമത്തു കാരുണ്ടെന്ന് ഈ യാത്രയിലൂടെ കണ്ടെത്തുകയായിരുന്നു. ഇവരിൽ, പലരെയും മടക്കയാത്രയിൽ ഞങ്ങൾ പരിചയപ്പെടുകയുണ്ടായി. ഇതോടെ കോർമത്ത് ചരിത്രത്തിൽ പുതിയൊരു ഏട് കൂടി ചേർക്കപ്പെടുകയായിരുന്നു.

No comments:

Post a Comment