Friday, September 17, 2010

കൂര്മ്മത്ത് ഉണ്ണിമുഹ്യദ്ദീന് മുസ്ലിയാര്

ഹിജ്ര: 1283 കൂര്മ്മത്ത് അബൂബക്കര് ഹാജിയുടെ മകനായി മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പെരുവള്ളൂരില് ജനിച്ചു. മലപ്പുറം ഊരകത്തെ ചങ്കരത്തോപ്പ് മൂസ ഹാജിയുടെ പുത്രി മര് യമാണ് മാതാവ്.


തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയുടെ വടക്കു വശം അന്ത്യ വിശ്രമം കൊള്ളുന്ന ഖാസി അറബി എന്നാളുടെ പൌത്രന്മാരിലൊരാളായ ഉണ്ണിമുഹ് യദ്ദീന് എന്നാള് തിരൂരങ്ങാടിയിലെ കൂര്മ്മത്ത് പറമ്പില് താമസിച്ചിരുന്നതിനാലാണ് ഈ കുടുംബം ‘കൂര്മ്മത്ത്’ (കോര്മ്മത്ത്) എന്നറിയപ്പെടാന് തുടങ്ങിയത്. ഒന്നാം ഖലീഫാ അബൂബക്കര് സിദ്ദീഖിന്റെ പുത്രന് അബ്ദുറഹ്മാന്റെ സന്താന പരമ്പരയിലെ ഒരു കണ്ണിയാണ് ഖാസി അറബി. അതിനാല്, ഈ കുടുംബം സിദ്ദീഖി പരമ്പരയില് ഉള്പ്പെടുന്നു.
മമ്പുറം തങ്ങളുടെ മുമ്പില് ഒരു വിവാഹം
അറേബ്യയില് നിന്ന് മലബാറില് കുടിയേറി പാര്ത്ത ദേഹവും പനങ്ങാട് പള്ളിയില് അന്ത്യവിശ്രമം കൊള്ളുന്ന ഭക്തനുമായിരുന്ന സയ്യിദ് മര്ജാന്റെ പൌത്രിയും സയ്യിദ് മസ് ഊദിന്റെ പുത്രിയുമായ ഫാത്വിമ എന്ന ബാലികയെ, പിതാവ് മമ്പുറം സയ്യിദലവി തങ്ങളുടെ സന്നിധിയില് കൊണ്ടു വന്നു അവളെ യോജിച്ച വരന്നു വിവാഹം ചെയ്തു കൊടുക്കാനായി അഭ്യര്ത്ഥിക്കുകയുണ്ടായി. അദ്ദേഹം ഉടനെ ഖാദി അറബിയുടെ പൌത്രനായ ഉണ്ണി മുഹ് യദ്ദീനെ വരുത്തുകയും അദ്ദേഹത്തിന്ന് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. അവരോട് അതീവ വത്സല്യം തോന്നിയ ആ മഹാനുഭവന്, പെരുവള്ളൂരിലെ എരഞ്ഞിപുറത്തുപറമ്പില് സ്വന്തം ചെലവില് ഒരു വീട് കഴിപ്പിച്ചു അവിടെ കുടിയിരുത്തുകയായിരുന്നു.
പവിത്രമായ ആ ദാമ്പത്യ വല്ലരിയില് ആദ്യമായി വിരിഞ്ഞ കുസുമത്തിന്ന് നാമകരണം ചെയ്യാന് അവര് കണ്ടെത്തിയതും മമ്പുറം തങ്ങളെയായിരുന്നു. അദ്ദേഹം അതിന്ന് ‘അബൂബക്കര്’ എന്ന് നാമകരണം നടത്തുകയും ചെയ്തു. കൂര്മ്മത്ത് കുടുംബത്തിന്റെ കുലപതിയായ അബൂബക്കര് സിദ്ദീഖിനെ അനുസ്മരിക്കുകയായിരുന്നു ഇത് വഴി അദ്ദേഹം ചെയ്തത്. തങ്ങളും പിതാവും സംസാരിച്ചു കൊണ്ടിരിക്കെ, കൊച്ചു കുട്ടി ഇഴഞ്ഞു ചെന്നു തങ്ങളുടെ പെരുവിരല് ഊമ്പിക്കുടിക്കുന്നത് കണ്ടപ്പോള് പിതാവ് തടഞ്ഞു. ‘അവനെ തടയേണ്ട. ജ്ഞാനം ഊമ്പിക്കുടിക്കുകയാണവന്. വേണ്ടുവോളം കുടിക്കട്ടെ, ഇവനു കാര്യമായൊരു മകനുണ്ടാകും.’ . തങ്ങള് പറഞ്ഞു. തങ്ങള് പ്രവചിച്ച ആ മകനത്രെ നമ്മുടെ ചരിത്ര പുരുഷന്.


വിദ്യാഭ്യാസം
ചെറുപ്പത്തില് തന്നെ ഖുര് ആന് പഠനത്തില് മികവ് കാണിച്ച അദ്ദേഹം ആദരണീയ സ്വഭാവവും ബുദ്ധിവൈഭവവും കൈമുതലാ‍ായുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. അനന്തരം, തിരൂരങ്ങാടി ജുമുഅത്ത് പള്ളിയിലെ പ്രശസ്തമായ ദര്സില് പഠനം നടത്തിയ ശേഷം ഉപരിപഠനാര്ത്ഥം ‘മലബാറിലെ മക്ക’ എന്നറിയപ്പെട്ടിരുന്ന പൊന്നാനി ജുമുഅത്ത് പള്ളിയിലാണ് ചേര്ന്നത്. പ്രശസ്ത പണ്ഡിതനും സൂഫി വര്യനുമായിരുന്ന പഴയകത്ത് കുഞ്ഞിബാവ മുസ്ലിയാരുടെ ശിഷ്വത്വം സ്വീകരിച്ചു ഏഴു വര്ഷം വിദ്യയഭ്യസിച്ചു.


ഇബാദത്ത്
പഠന സമയം കഴിഞ്ഞാല് ഇബാദത്തുകളിലാണദ്ദേഹം തന്റെ മുഴു സമയം ചെലവൊഴിച്ചിരുന്നത്. പാതിരാവില്, കൂട്ടുകാര് സുഖ്നിദ്ര കൊള്ളുമ്പോള്, സര്വനാഥന്റെ മുമ്പില് സാഷ്ടാംഗം നമിച്ചു കൊണ്ട് ആനന്ദം കൊള്ളുകയായിരുന്നു അദ്ദേഹം.
കായല്പട്ടണത്തിലേക്ക്
വൈദ്യ ശാസ്ത്രത്തില് നിപുണനായ കാരക്കായി സയ്യിദ് പൂക്കോയ തങ്ങള് എന്ന മഹാപണ്ഡിതനില് നിന്നും വൈദ്യശാസ്ത്രമഭ്യസിക്കാന് കായല്പട്ടണത്തെത്തിയ ഉണ്ണിമുഹ് യദ്ദീന്, അദ്ദേഹത്തില് നിന്നും ആവോളം പഠിച്ചു തിരിച്ചു പോരുകയായിരുന്നു.
വനവാസം
ഐഹിക ചുറ്റുപാടുകളില് നിന്നും മുകതനായി, ഏകാന്തതയില് ധ്യാനനിരതനാകാനുള്ള അദമ്യമായ അഭിലാഷം അദ്ദേഹത്തെ സിക്കന്തര് ഗിരിയിലേക്കെത്തിച്ചു. രാപകല് ഭേദമന്യെ, ആരാധനാ നിരതനായിരുന്ന മുഹ് യദ്ദീന് ത്വരീഖത്തിന്റെ ഉന്നതിയിലെത്തുകയും തിരുനല് വേലിക്കാരായ ഖാദിര് മുഹ് യദ്ദീന്, ഷൈഖ് അബ്ദുല് ഖാദിര് തുടങ്ങി നിരവധി ശൈഖുമാരുടെ ഗുരുവായി തീരുകയും ചെയ്തു. ഇക്കാലത്ത് നടന്ന പല അത്ഭുതങ്ങളും ശിഷ്യന്മാര് റിപ്പോര്ട്ടു ചെയ്തിട്ടുണ്ട്.
മക്കയില്
പിതാവ് അബൂബക്കര് ഹാജിയുടെ ഹജ്ജ് യാത്രയില് ചരിത്ര പുരുഷനും അദ്ദേഹത്തെ അനുഗമിച്ചു. മക്കാ താമസകാലത്ത്, സുപ്രസിദ്ധ സൂഫി വര്യനായ ഖലീല് ബാദ്ഷ ഇദ്ദേഹത്തെ കണ്ട മാത്രയില് ചോദിച്ചു;
‘ഈ കുട്ടി ഏതാണ്?’
‘ഇതെന്റെ മകനാണ്’. പിതാവ് മറുപടി പറഞ്ഞു.
‘’അല്ല, ഇവന് നിങ്ങളുടെ മകനല്ല’!
ശൈഖ് ബാദ്ഷയുടെ അപ്രതീക്ഷിത മറുപടി പിതാവിനെ അമ്പരപ്പിച്ചു. അദ്ദേഹം പറഞ്ഞു:
‘എന്റെ മകന് തന്നെ’.
അപ്പോള്, ‘അല്ല, നിങ്ങളുടെ മകനല്ല, എന്റെ മകനാണെ’ന്നു പറഞ്ഞുകൊണ്ട് അദ്ദേഹം കൈ പിടിച്ചു ഒപ്പമിരുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ, നിര്ബന്ധപ്രകാരം, ഒരു വര്ഷം മുഹ് യദ്ദീന് അദ്ദേഹത്തിന്റെ കൂടെ മക്കയില് കഴിയുകയും, വേണ്ടത്ര വിജ്ഞാന മധു നുകര്ന്ന് ഹജ്ജും ഉമ്രയും കഴിഞ്ഞു തിരിച്ച് പോരുകയും ചെയ്തു.
അന്ത്രോത്ത് ദ്വീപില്
സച്ചരിതരെ സന്ദര്ശിക്കുക, ദിവ്യാല്ഭുതങ്ങളിലൂടെ വിശ്വാസം വര്ദ്ധിപ്പിക്കുക എന്നീ കാര്യങ്ങള്ക്കായി അദ്ദേഹം ധാരാളം യാത്ര നടത്തിയിട്ടുണ്ട്. അന്ത്രോത്ത് ദ്വീപ്, കവരത്തി, അമ്മേനി ദ്വീപുകളും അദ്ദേഹം സന്ദര്ശിച്ച സ്ഥലങ്ങളില് പെടുന്നു. സിദ്ദീഖിന്റെ (റ) പുത്രന് ഉബൈദുല്ലാ അന്ത്യ വിശ്രമം കൊള്ളുന്നത് അന്ത്രോത്ത് ദ്വീപിലത്രെ. ഒരിക്കല്, റൌളാ ശരീഫിന്നടുത്ത് ഉറങ്ങിക്കൊണ്ടിരിക്കുകയായിരുന്ന അദ്ദേഹത്തോട് ദ്വീപുകളില് പോയി മതപ്രബോധനം നടത്താന് നബി(സ) സ്വപ്നത്തിലൂടെ സന്ദേശം നല്കിയത്രെ. ഹി. നാല്പതിലായിരുന്നു സംഭവം. ആദ്യം ദ്വീപുകാരദ്ദേഹത്തെ ധിക്കരിച്ചുവെങ്കിലും, പിന്നീട് അവരൊന്നടങ്കം ഇസ്ലാം സ്വീകരിക്കുകയായിരുന്നുവത്രെ. താമസിയാതെ, മറ്റു ദ്വീപുകാരും ഇസ്ലാമിലാകൃഷ്ടരാകാന് തുടങ്ങി. ഈ ദ്വീപില്, ഉണ്ണിമുഹ് യദ്ദീന് കൂടുതല് തങ്ങാറുണ്ടായിരുന്നു.
പൊന്മാണികുടത്തേക്ക്
കൊടുങ്ങല്ലൂരിന്നടുത്ത ചേന്നമംഗലം പള്ളിയില് അദ്ദേഹം കുറച്ചു ദിവസം താമസിക്കുകയുണ്ടായി. വിദഗ്ദ്ധ വൈദ്യനും ഭക്തനുമായ ഒരാള് എത്തിയെന്ന വാര്ത്ത നാടൊട്ടാകെ വ്യാപിച്ചു. അങ്ങനെ, ഒരു ദിവസം, പൊന്മാനിക്കുടത്തുകാരായ ചെമ്പിട്ട വീട്ടില് മസ് ഊദ്, അസൈനാര്, ഓലക്കോട് അബ്ദുറഹ്മാന്, കല്ലിപറമ്പില് അമ്മുഞ്ഞി എന്നിവര് അദ്ദേഹത്തെ കാണാന് ചെന്നു. അവരുടെ പെരുമാറ്റം അദ്ദേഹത്തെ സന്തോഷിപ്പിക്കുകയും തങ്ങളുടെ നാട്ടിലേക്കുള്ള അവരുടെ ക്ഷണം അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. പൊന്മാനിക്കുടത്തെത്തിയ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഒരു പള്ളിക്ക് തറക്കല്ലിടല് കര്മം നടന്നുവെങ്കിലും ദൌര്ഭാഗ്യ വശാല് അത് നടക്കാതെ പോവുകയായിരുന്നു. നിരാശനായ അദ്ദേഹം സ്വദേശത്തേക്ക് തിരിച്ചു പോയി. പക്ഷെ, താമസിയാതെ, പൌരമുഖ്യനായ ഊഴുവത്ത് നൂഹ് കുട്ടി പള്ളിക്ക് സ്ഥലം ദാനമായി നല്കി. നാട്ടുകാരുടെ അഭ്യര്ത്ഥന മാനിച്ചു അദ്ദേഹം വീണ്ടും പൊന്മാനിക്കുടത്തെത്തുകയും ചെമ്പിട്ട വീട്ടില് താമസമാക്കുകയും ചെയ്തു. എന്നാല്, നാടും വീടും വിട്ടുവന്ന ആ വന്ദ്യാതിഥിക്ക്, ഓലക്കോട്ട് തറവാട്ടിലെ ഏറജാലി എന്ന ഒരു വന്ദ്യവയോധികന് രണ്ടേക്കറോളം വരുന്ന ഒരു തെങ്ങിന് തോട്ടവും വീടും സൌജന്യമാ‍ായി നല്കുകയായിരുന്നു.
വിവാഹം
പൊന്മാനിക്കുടത്തെത്തിയ ശേഷമാണദ്ദേഹം വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചത്. മുപ്പത്തിരണ്ടു വയസ്സയിരുന്നു പ്രായം. പെരിഞ്ഞനത്തെ ഓലക്കോട്ട് അബ്ദുറഹ്മാന്റെ മകള് ഖദീജയായിരുന്ന് സഹധര്മ്മിണി. ഇവരില് മൂന്നു കുട്ടികളുണ്ടായി. ആദ്യ കുട്ടി പ്രസവിച്ച ഉടനെ മരിച്ചു. സെയ്തുമുഹമ്മദ്, ഫാത്വിമ എന്ന് കുട്ടികളാണ് ജീവിച്ചത്.
ഖദീജയുടെ മരണ ശേഷം, അവരുടെ സഹൊദരി കൊച്ചായിശയെ വിവാഹം ചെയ്തു. അവരില്, സെയ്ദബ്ദുല്ല, സൈദു ബക്രി, ഉബൈദുല്ല, റഹ്മതുല്ല, ഫസ്ലുല്ല, സിദ്ദീഖുമ്മ, സിദ്ദീഖ എന്നീ 7 മക്കളുണ്ടായി.
കൈപമംഗലത്തെ, തേപറമ്പില് അഹ്മദ് മുസ്ലിയാരുടെ മകള് മര് യമായിരുന്നു മൂന്നാമത്തെ ഭാര്യ. ഇവരില്, നിഅമത്തുല്ല, സ്വാലിഹ, ത്വൂബാ, മഹ്മൂദ്, മുഹമ്മദ് എന്നീ 5 മക്കള് ജാതരായി.
ഫറോഖിലെ, നെച്ചിക്കാട്ട് തറയില് മൊയ്ദീന് കുട്ടിയുടെ മകള് മര് യമാണ് നാലാമത്തെ ഭാര്യ. ഇവരില് ജനിച്ച മൂനു പേരില് ഹസ്ബുല്ല ഇന്നും ജീവിച്ചിരിപ്പുണ്ട്.
വിദഗ്ദ്ധ ഭിഷഗ്വരന്
എല്ലാ വിദഗ്ദ്ധ ചികിത്സാരികളും കയൊഴിച്ച പല മാറാ രോഗങ്ങളും നിസ്സരമായ മരുന്നുകള് കൊണ്ട് ചികിത്സിച്ചു സുഖപ്പെടുത്തിയ അദ്ദേഹത്തിന്റെ ഭവനം, നാനാഭാഗത്തു നിനുള്ള രോഗികളുടെ നിത്യ സന്ന്ദര്ശന കേന്ദ്രമായിരുന്നു. ചികിത്സക്ക് പ്രതിഫലം വാങ്ങുന്ന സ്വഭാവം അദ്ദേഹത്തിന്നുണ്ടായിരുന്നില്ല. ശക്തിയായ ജ്വരം ബാധിച്ചവരെ സര്വാംഗം വെളിച്ചെണ്ണ തേച്ചു കുളിപ്പിക്കുക, ആസ്തമക്കാരെ മുങ്ങികുളിപ്പിക്കുക, അര്ശസ്സ്കാര്ക്ക് നാളികേര ചോറ് നല്കുക, വസൂരി പിടിച്ചവര്ക്ക് കോഴിയിറച്ചിയും പത്തിരിയും നല്കുക, നീരുവന്നു വീര്ത്തവരോട് ചുണ്ണാമ്പ് വിഴുങ്ങാന് പറയുക മുതലായവ അദ്ദേഹത്തിന്റെ ചില അതുല്യ ചികിത്സാ രീതികളായിരുന്നു.
ത്വരീഖത്ത്
നഖ്ശബന്തി, ഖാദ്രിയ്യ, രിഫായിയ്യ, സുഹ്റവര്ദിയ്യ, ശത്താരി, ശാദുലി തുടങ്ങ്നി നിരവധി ത്വരീഖത്തുകളില് അദ്ദേഹത്തിന്റെ ഗുരു ശൈഖ് ഖലീല് ബാദ്ഷ ഇജാസത്ത് നല്കിയിരുന്നു. രാജ്യത്തിന്റെ നാനാഭാഗങ്ങളില് നിന്നായി എണ്ണമറ്റ മുരീദുകളും അദ്ദേഹറതതിന്നുണ്ടായിരുന്നു. അബ്ദുറസാഖ് മസ്താന്, മതിലകം ബാപ്പുട്ടിമുസ്ലിയാര് എന്നിവര് ഈ പരമ്പരയിലെ ചിലര് മാത്രം.
ചരമം
ഹിജ്ര: 1346 റബീഉല് അവ്വല് 22 ന്ന് ചൊവ്വാഴ്ച ഉച്ചക്ക്, ആ മഹാനുഭവന് ഈ ലോകത്തോട് വിട പറഞ്ഞു. മരിക്കുമ്പോള് 63 വയസ്സായിരുന്നു പ്രായം.
നാനാഭാഗങ്ങളില് നിന്നും ദിനം പ്രതി ധാരാളമാളുകള് സന്ദര്ശിച്ചു കൊണ്ടിരിക്കുന്ന ഒരു കേന്ദ്രമാണ് അദ്ദേഹത്തിന്റെ ഖബര്.

No comments:

Post a Comment