Thursday, March 3, 2011

കോർമത്ത് സയ്യിദ് അബ്ദുല്ല എന്ന എന്റെ ‘കൂച്ചിക്കാക്ക‘



2011 റിപ്പബ്ലിക് ദിനം എന്നെ സംബന്ധിച്ചിടത്തോളം നികത്താനാകാത്ത ഒരു നഷ്ടത്തിന്റെ ദിനമായിരുന്നു. എന്റെ കൈ പിടിച്ചു പിച്ചനടത്തി വളര്‍ത്തിയ എന്റെ ‘കൂച്ചിക്കാക്ക‘ എന്ന കോര്‍മത്ത് സയ്യിദ് അബ്ദുല്ല ഈ ലോകത്തോട് അവസാനയാത്ര പറഞ്ഞത് അന്നായിരുന്നു.
പിതൃവ്യസഹോദരനായ കോര്‍മത്ത് അബുബക്കര്‍ മുസ്ലിയാരുടെയും ഉമ്മാവുട്ടിയുമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ച അദ്ദേഹം, യഥാര്‍ത്ഥത്തില്‍, എന്റെ രക്ഷിതാവ് തന്നെയായിരുന്നു. രണ്ടാം വയസ്സില്‍ മാതാവ് നഷ്ടപ്പെട്ട എന്നെ പോറ്റാനുള്ള ചുമതല സ്വയം ഏറ്റെടുത്തത്, അദ്ദേഹത്തിന്റെ മാതാവും എന്റെ മൂത്തമ്മയുമായ ഉമ്മാവുട്ടിയുമ്മയായിരുന്നു. അബൂബക്കര്‍ മുസ്ലിയാരുടെ മരണ ശേഷം, പറപ്പൂരില്‍ മക്കളോടൊത്ത് കഴിയുകയായിരുന്ന ഉമ്മാവുട്ടിയുമ്മയെ, പിന്നീട്, എന്റെ സ്വന്തം മൂത്താപ്പ കോര്‍മത്ത് പോക്കര്‍ മുസ്ലിയാര്‍ വിവാഹം കഴിക്കുകയായിരുന്നു. അങ്ങനെയാണ് ഉമ്മാവുട്ടിയുമ്മ പെരുവള്ളൂരിലെത്തുന്നത്. ഈ ബന്ധത്തില്‍ അവര്‍ക്ക് മറിയക്കുട്ടി എന്നൊരു മകളുണ്ട്. ഉമ്മാവുട്ടിയുമ്മക്ക്, മറ്റുള്ള മക്കളെപ്പോലെ, ഞാനും ‘മകനാ‘യിരുന്നു. ‘ഉമ്മ’ എന്നു തന്നെയായിരുന്നു ഞാനവരെ വിളിച്ചിരുന്നത്.



വാഹന സൌകര്യങ്ങളൊന്നുമില്ലാത്ത അക്കാലത്ത്, പറപ്പൂരിലെ മക്കളുടെയടുത്തേക്കു പോകുമ്പോഴും, പൊന്നാനിക്കടുത്ത കാഞ്ഞിരമുക്കിലെ സഹോദരന്‍ ഐ. ടി. സി. മുഹമ്മദ് അബ്ദുല്ല മൌലവി (പ്രബോധനം ഏഡിറ്റര്‍ ടി.കെ. ഉബൈദ് സാഹെബിന്റെ പിതാവ്)യെ സന്ദര്‍ശിക്കുമ്പോഴും എന്നെയും കൂടെ കൊണ്ടു പോകാറുണ്ടായിരുന്നു. ഇത്തരം സന്ദര്‍ശനങ്ങള്‍ വഴി പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്ലിയാരെ(പുതിയാപ്പിള അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ എന്ന പേരില്‍ പ്രസിദ്ധന്‍)പോലുള്ള പല ഉന്നത വ്യക്തിത്വങ്ങളെയും കൊച്ചു നാളില്‍ തന്നെ പരിചയപ്പെടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി ഇന്നും കരുതുന്നു. പെരുവള്ളൂരില്‍ നിന്നു കോട്ടക്കലിനടുത്ത പറപ്പൂരിലേക്കും, അവിടെനിന്നു തിരിച്ചു പെരുവള്ളൂരിലേക്കുമുള്ള യാത്ര തികച്ചും കാല്‍നടയായായിരുന്നു. കിലൊമീറ്ററുകളോളം നീണ്ടു നില്‍ക്കുന്ന ഇത്തരം യാത്രകള്‍ എന്നെപോലുള്ള ഒരു കൊച്ചു കുട്ടിയെ സംബന്ധിച്ചിടത്തോളം അചിന്ത്യം തന്നെയയിരുന്നു. പക്ഷെ, ഞാനില്ലാതെയുള്ള യാത്ര ‘ഉമ്മ’ക്ക് അസഹനീയവും ‘ഉമ്മ’യില്ലാത്ത ജീവിതം എനിക്കു ദുഷ്ക്കരവുമായിരുന്നു. പക്ഷെ, ഇത്രയും നീണ്ട ഇത്തരം യാത്രകളുടെ വിഷമം എനിക്കൊരിക്കലും അനുഭവപ്പെട്ടിട്ടില്ല. യാത്ര തികച്ചും എന്റെ ‘കൂച്ചിക്കാക്ക’യുടെ ചുമലിലായിരുന്നു. യാത്രാ സൌകര്യങ്ങള്‍ കൂടിയ ഇക്കാലത്ത് അതേകുറിച്ചൊര്‍ക്കുമ്പോള്‍ പേടി തോന്നുകയാണ്. എന്നെയും ചുമന്നുകൊണ്ട്, ഇത്രയും മൈലുകള്‍ താണ്ടാന്‍ അദ്ദേഹം എത്ര പാടുപെട്ടിട്ടുണ്ടായിരിക്കും.



അദ്ദേഹത്തിന്ന് എന്നെ കൈയൊഴിക്കാന്‍ നിഷ്പ്രയാസം കഴിയുമായിരുന്നു. കാരണം, ഞാന്‍ അദ്ദേഹത്തിന്റെ നേരെ സഹോദരനല്ല; എന്റെ പിതാവ് അദ്ദേഹത്തിന്റെ, നേരെ, പിതൃസഹോദരനുമല്ല; അദ്ദേഹത്തിന്റെ മാതാവിനെ പുതുതായി കല്യാണം കഴിച്ചത് എന്റെ പിതൃസഹോദരനാണെന്നത് മാത്രമായിരുന്നു ബന്ധം. ഇന്നത്തെ, കുടുംബബന്ധങ്ങള്‍ വെച്ചു നോക്കുമ്പോള്‍, വളരെ വളരെ അകന്ന ബന്ധം. പക്ഷെ, ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധം അതിലെല്ലാമുപരിയായിരുന്നു. ദൂരരാജ്യങ്ങളില്‍ മുദരിസായി ജോലിനോക്കിയിരുന്ന സ്വന്തം പിതാവിനെ ശരിക്കു മനസ്സിലാക്കുന്നത് അല്പം മുതിര്‍ന്നപ്പൊഴായിരുന്നു. ഉമ്മാവുട്ടിയുമ്മ എന്റെ സ്വന്തം ‘ഉമ്മ’യല്ലെന്നും, കൂച്ചിക്കാക്ക എന്റെ സ്വന്തം ‘ഇക്കാക്ക‘യല്ലെന്നും മനസ്സിലാക്കാന്‍ പിന്നെയും കാലമെടുത്തു.
ഏതായാലും, വാഹന സൌകര്യങ്ങളില്ലാത്ത ആ കാലങ്ങളിലില്ലാത്ത അകല്‍ച്ച, സൌകര്യങ്ങളെല്ലാമുണ്ടായപ്പോഴുണ്ടായി എന്നോര്‍ക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ കുറ്റബോധം തോന്നുന്നു. അദ്ദേഹം താമസിക്കുകയും രോഗിയായി കഴിയുകയും ചെയ്ത പറപ്പൂര്‍ വീണാലുക്കലേക്ക് എനിക്ക് എത്തിപ്പെടാന്‍, ഒരു മണിക്കൂറില്‍ താഴെ സമയമേ ചെലവൊഴിക്കേണ്ടതുള്ളു. പക്ഷെ, നന്ദികേട് പിശാചിന്റെ മാത്രം കുത്തകയല്ലല്ലോ.
ഇനി എനിക്കു ചെയ്യാനുള്ളതിത്രമാത്രം.
‘കരുണാവാരിധിയായ റബ്ബേ, എന്റെ ‘ഉമ്മ’ക്കും, എന്റെ ‘കൂച്ചിക്കാക്കാക്കും’ പൊറുത്തു കൊടുക്കേണമെ! ജന്നാത്തുല്‍ ഫിര്‍ദൌസില്‍ അവര്‍ക്കിടം നല്‍കെണമേ! ഞങ്ങളെ, നിന്റെ സ്വര്‍ഗത്തില്‍ ഒരുമിച്ചു ചേര്‍ക്കെണമേ! ആമീന്‍!‘
എന്നു പ്രാര്‍ത്ഥിക്കുക മാത്രം.

കെ. എ. ഖാദര്‍ ഫൈസി

Wednesday, March 2, 2011

കൂർമത്ത് കുടുംബത്തിൽവിരിയാൻ വെമ്പുന്ന ഒരു പൂമൊട്ടിനോടൊപ്പം

കരുമ്പിൽ - ചുള്ളിപ്പാറ : യുവതയുടെ മികച്ച പ്രകടനം


കോര്‍മത്ത് അബ്ദുല്ല സദസ്സിനെ അഭിസംബോധന ചെയ്യുന്നു

വര്‍ഷങ്ങള്‍ക്കു മുമ്പ്, കോര്‍മത്തിന്റെ ശാഖകള്‍ തേടിയുള്ള പോക്കര്‍ക്കയുടെ യാത്രക്കിടയില്‍, പാലത്തിങ്ങല്‍ കോര്‍മത്ത് കുഞ്ഞാലന്‍ കുട്ടി ഹാജിയുടെ അടുത്തെത്തിയപ്പോഴായിരുന്നു കരുമ്പിലെയും ചുള്ളിപ്പാറയിലെയും കോര്‍മത്ത് കുടുംബ ശാഖകളെ കുറിച്ചറിഞ്ഞത്. അതനുസരിച്ച്, അടുത്തൊരു ദിവസം തന്നെ, ഞങ്ങള്‍ കരുമ്പിലും ചുള്ളിപ്പാറയിലും സന്ദര്‍ശനം നടത്തുകയും കാരണവന്മാരായ മുഹമ്മദ് ഹാജി, കെ. കെ. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ തുടങ്ങിയവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. താന്‍ കുട്ടിയായിരിക്കുമ്പോള്‍, പെരുവള്ളൂരില്‍ നിന്ന് കുടുംബക്കാര്‍ കരുമ്പില്‍ വന്നിരുന്നതായും ഇവിടെനിന്നു അങ്ങോട്ടും പോയിരുന്നതായും മുഹമ്മദ് ഹാജി പറഞ്ഞിരുന്നു. കുടുംബത്തിന്റെ ഒരേകദേശ ചരിത്രവും അദ്ദേഹത്തില്‍ നിന്ന് ലഭിച്ചിരുന്നു. പക്ഷെ, അത് രേഖപ്പെടുത്തി വെച്ചിരുന്ന പോക്കര്‍ക്ക ഇപ്പോള്‍ വാര്‍ദ്ധക്യസഹജമായ രോഗത്തിനടിമയായതിനാല്‍, പഴയ രേഖകള്‍ നഷ്ടപ്പെട്ടിരിക്കുന്നു.

മഞ്ചേരിയില്‍ നടക്കാനിരിക്കുന്ന കോര്‍മത്ത് സംഗമത്തിന്റെ ഭാഗമായി, ഈ ഫെബ്രവരി 27 ന്ന് ഞായറാഴ്ച കരിമ്പിലെത്തിയ പ്രവര്‍ത്തകരെ സ്വീകരിച്ചത്, മുഹമ്മദ് ഹാജിയും അബ്ദുറഹ്മാന്‍ മാസ്റ്ററും നഷ്ടപ്പെട്ട കോര്‍മത്ത് കുടുംബാംഗങ്ങളായിരുന്നു. ആ കാരണവന്മാര്‍ മരണപ്പെട്ടു പോയിരിക്കുന്നു. എങ്കിലും, കോര്‍മത്ത് കോലോത്ത് മൊയ്തീന്‍ കുട്ടി ഹാജി, ജേഷ്ടന്‍ അഹ്മദ് ഹാജി തുടങ്ങിയ കാരണവന്മാര്‍ ചുറുചുറുക്കോടെ സ്ഥലത്തെത്തിച്ചേരുകയും കഴിയുന്നിടത്തോളം വിവരങ്ങള്‍ നല്‍കുകയും ചെയ്തു.


അഹ്മദ് ഹാജി
പൂര്‍വികരെ കുറിച്ച് കൂടുതലൊന്നും, പക്ഷെ, ഇവര്‍ക്കറിയുകയില്ല. കോര്‍മത്ത് കുട്ട്യാമു എന്നയാളുടെ അനന്തിരവന്മാരാണ്, ഇപ്പോള്‍ കരുമ്പിലും ചുള്ളിപ്പാറയിലുമായി വ്യാപിച്ചു കിടക്കുന്നതെന്നും, പൂര്‍വികര്‍ പ്രദേശത്ത് ഉന്നത സ്ഥാനീയരായിരുന്നുവെന്നും എഴുപത്തിയാറുകാരനായ മൊയ്തീന്‍ കുട്ടി ഹാജി ഓര്‍ക്കുന്നു. ഇദ്ദേഹത്തിന്റെ പിതാമഹന്റെ പേരും മൊയ്തീന്‍ കുട്ടി എന്നായിരുന്നു. കോര്‍മത്ത് കുഞ്ഞിപ്പോക്കര്‍ എന്നയാളാണ്, പരപ്പനങ്ങാടിക്കടുത്ത പാലത്തിങ്ങലേക്കു പോയതെന്ന് അഹ്മദ് ഹാജി പറയുന്നു.


മൊയ്തീന്‍ കുട്ടി ഹാജി

മുമ്പ് പറഞ്ഞ കാരണവന്മാരുടെ, അഭാവത്തില്‍ വിഷമമുണ്ടായെങ്കിലും, ഊര്‍ജ്ജസ്വലരായ ഒരു കൂട്ടം യുവതലമുറ സംഘത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. സ്ഥലം പഞ്ചായത്ത് മെമ്പറായ കോര്‍മത്ത് മുനീറിന്റെ വീട്ടിലായിരുന്നു ഞങ്ങള്‍ ഒരുമിച്ചു കൂടിയത്. തൊട്ടടുത്ത കോര്‍മത്ത് കുടുംബത്തില്‍, ഇതേ സമയത്ത് കല്യാണം നടക്കുകയായിരുന്നു. കല്യാണ വീട്ടില്‍ എല്ലാ


കുടുംബത്തോടൊപ്പം

വിധ സജ്ജീകരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലും, യാതൊരു വിഷമവും പ്രകടിപ്പിക്കാതെ, ആദ്യന്തം പരിപാടിയില്‍ പങ്കെടുത്ത ഈ ചെറുപ്പക്കാരുടെ സമീപനം ഞങ്ങളില്‍ അത്ഭുതം സൃഷ്ടിച്ചുവെന്നു പറയേണ്ടതില്ലല്ലോ. സംഗമത്തിന്റെ, പ്രാദേശിക കണ് വീനര്‍ കൂടിയാണ് ഗൃഹനാഥനായ മൻസൂര്‍. നൂറുക്കണക്കില്‍ കുടുംബങ്ങളുടെ പ്രതിനിധികളായി അവിടെ എത്തിയ സദസ്സ്, സംഗമത്തിന്റെ വിജയപ്രദമായ നടത്തിപ്പിന്ന് എല്ലാവിധ സഹായ സഹകരണവും വാഗ്ദാനം ചെയ്യുകയുണ്ടായി.


ഒരു ഫയല്‍ ചിത്രം

അക്ഷരങ്ങളുടെ പാതയിൽ രണ്ടു സഹോദരങ്ങൾ



അക്ഷരത്തിന്റെ പ്രാധാന്യം ഊന്നിപറഞ്ഞു കൊണ്ടാണ്, ഖുര്‍ ആനിലെ പ്രഥമ സൂക്തം തിരുമേനി(സ)ക്ക് അവതരിച്ചത്. മുസ്ലിം ലോകം അതിന്ന് വലിയ പ്രാധാന്യം കല്പിച്ചു പോരുന്നത് ഇതു കൊണ്ടത്രെ. ഇസ്ലാമിന്റെ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖി(സ)ന്റെ പിന്മുറക്കാര്‍ക്ക്, അതിനാല്‍ തന്നെ, ഇതില്‍ നിന്നു പിന്തിരിഞ്ഞു നില്‍ക്കാനാവുകയില്ലല്ലോ. കോര്‍മത്ത് തറവാട്ടിലെ രണ്ടു സഹോദരങ്ങള്‍ ഈ പാതയിലേക്ക് കാലെടുത്തു വെച്ചതിന്റെ രഹസ്യവും ഇതത്രെ. മലപ്പുറം ജില്ലയിലെ, തിരൂരങ്ങാടി ചന്തപ്പടിയിലെ കോര്‍മത്ത് ഉമര്‍ ഹാജിയും അബ്ദുറഹ്മാന്‍ ഹാജിയുമാണ് ഈ അനുകരണീയ വ്യക്തിത്വങ്ങള്‍. ഇവരുടെ സ്ഥാപനങ്ങളായ, കെ. മുഹമ്മദ് കുട്ട്യ് ആന്റ് സണ്‍സ്, തിരൂരങ്ങാടി ബുക്ക് സ്റ്റാള്‍ എന്നിവ, ഇന്ന് കേരളത്തിലെ, അക്ഷര ലോകത്തെ പ്രശസ്ത കേന്ദ്രങ്ങളാണ്.
ചരിത്രം
കോര്‍മത്ത് മൊയ്തീന്‍ കുട്ടി, വരമ്പനാലുങ്ങല്‍ ഇബ്രാഹിം, വരമ്പനാലുങ്ങല്‍ കുഞ്ഞിപ്പോക്കര്‍ മുസ്ലിയാര്‍ എന്നീ മൂവര്‍ സംഘം ചേര്‍ന്നു ‘മിസ്ബാഹുല്‍ ഹുദാ’ എന്ന പേരില്‍ ഒരു പ്രസ്സും പ്രസിദ്ധീകരണാലയവും സ്ഥാപിക്കുകയുണ്ടായി. ഇബ്രാഹിം മാനേജറും മറ്റു രണ്ടു പേരും ഫീല്‍ഡ് വര്‍ക്കര്‍മാരുമായായിരുന്നു പ്രവര്‍ത്തനമാരംഭിച്ചത്. പറപ്പൂര്‍ അഹ്മദ് മൌലവി എഴുതിയ ‘തുഹ്ഫത്തുസ്സിബിയാന്‍’ എന്ന കൃതി അച്ചടിച്ചു പ്രസിദ്ധീകരിച്ചത് ഇവരായിരുന്നു. കേരളത്തിലെ മദ്രസകളില്‍ ഈ പുസ്തകമായിരുന്നു പാഠപുസ്തകമായി അംഗീകരിച്ചു പോന്നിരുന്നത്. ഫീല്‍ഡ് വര്‍ക്കര്‍മാരായ മൊയ്തീങ്കുട്ടിയും കുഞ്ഞിപ്പൊക്കര്‍ മുസ്ലിയാരും, മഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ, പാണ്ടിക്കാട്, നിലമ്പൂര്‍, എടവണ്ണ, വണ്ടൂര്‍, വഴിക്കടവ് തുടങ്ങിയ പ്രമുഖ ചന്തകളില്‍ വില്പന നടത്തിപ്പോന്നു. തിരൂരങ്ങാടിയില്‍ വന്നു നേരിട്ട് വാങ്ങുന്നവര്‍ വേറെയുമുണ്ടായിരുന്നു. സ്ഥാപനം ഉത്തരോത്തരം പുരോഗമിച്ചു കൊണ്ടിരുന്നുവെങ്കിലും, ചില പ്രത്യേക കാരണങ്ങളാല്‍, പിന്നീട് മൂവര്‍ സംഘം ബിസിനസ്സ് നിറുത്തി, സൌഹാര്‍ദ്ദത്തോടെ പിരിയുകയായിരുന്നു.


കെ. മുഹമ്മദ് കുട്ടി ആന്റ് സണ്‍സ്

അക്ഷരലോകത്തേക്ക് വീണ്ടും
56 വര്‍ഷം കഴിഞ്ഞാണ്, മൊയ്തീന്‍ കുട്ടിയുടെ മകന്‍ മുഹമ്മദ് കുട്ടിയുടെ കാലത്ത്, അദ്ദേഹത്തിന്റെ പുത്രന്മാരായ കോര്‍മത്ത് ഉമര്‍ ഹാജിയും, കോര്‍മത്ത് അബ്ദുറഹ്മാന്‍ ഹാജിയും ഈ രംഗത്തേക്ക് കാലെടുത്തു വെച്ചത്. തിരൂരങ്ങാടിയിലെ ചാലിലകത്ത്



അലിഹസ്സന്‍ ഹാജിയില്‍ നിന്നും അച്ചടി – പ്രസിദ്ധീകരണ രംഗത്ത് പരിചയം നേടിയ അബ്ദുറഹ്മാന്‍ ഹാജിയും സഹോദരന്‍ ഉമര്‍ ഹാജിയും ചേര്‍ന്നു ‘നൂറുല്‍ ഇസ്ലാം’ എന്ന പേരില്‍ ഒരു പ്രസ്സും, ‘മുഹമ്മദ് കുട്ടി ആന്റ് സണ്‍സ്’ എന്ന പേരില്‍ ഒരു പ്രസിദ്ധീകരണാലയവും ആരംഭിച്ചു. കേവലം 16 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന അബ്ദുറഹ്മാന്‍ ഹാജി, കോഴിക്കോട് കലക്ട്രേറ്റില്‍ നിന്നായിരുന്നു ഡിക്ലറേഷന്‍ സമ്പാദിച്ചത്. ശംസുല്‍ ഉലമാ ഇ. കെ. അബൂബക്കര്‍ മുസ്ലിയാരായിരുന്നു സ്ഥാപനത്തിന്നു നാമകരണം ചെയ്തത്. മഞ്ചേരി, മലപ്പുറം, കോട്ടക്കല്‍, വേങ്ങര, ചേളാരി, കടുങ്ങാംചിറ, കോഴിക്കൊട്, കൊടുവള്ളി, പൂനൂര്‍, താമരശ്ശേരി, ബാലുശ്ശേരി, മുക്കം, നായര്‍കൊല്ലി, ഓമശ്ശേരി, അരീക്കോട്, എടവണ്ണ, നിലമ്പൂര്‍, മമ്പാട്, ഏടക്കര, ചുങ്കത്തറ, വഴിക്കടവ്, വണ്ടൂര്‍, കാളികാവ്, പുല്ലങ്കോട്, പൂക്കോട്ടുമ്പാടം, കരുളായി, മൂത്തേടം, കരുവാരക്കുണ്ട്, മേലാറ്റൂര്‍, അലനല്ലൂര്‍ തുടങ്ങിയ, കേരളത്തിലെ പ്രശസ്ത ചന്തകളില്‍, പുസ്തകക്കെട്ടും ചുമന്നു ഈ സഹോരങ്ങള്‍ പുസ്തകവ്യാപാരം നടത്തിയിരുന്നു.
വീതിക്കപ്പെടുന്നു
മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷം, ഹി. 1392 റജബ് 14ന്ന്, പിതാവ് മുഹമ്മദ് കുട്ടി മരണപ്പെട്ടതോടെ, സ്ഥാപനം വീതിക്കപ്പെടുകയായിരുന്നു. അങ്ങനെ, ‘നൂറുല്‍ ഇസ്ലാം’ പ്രസ്സും ‘മുഹമ്മദ് കുട്ടി ആന്റ് സണ്‍സും’ ഉമര്‍ ഹാജിയും, ‘തിരൂരങ്ങാടി ബുക്ക് സ്റ്റാള്‍’, ‘തിരൂരങ്ങാടി പ്രിന്റേഴ്സ്’ എന്ന പേരില്‍ സ്ഥാപിതമായ രണ്ടു സ്ഥാപനങ്ങള്‍ അബ്ദുറഹ്മാന്‍ ഹാജിയും നടത്തിവരുന്നു.
മുസ് ഹഫുകളടക്കം നൂറുക്കണക്കില്‍ പ്രസിദ്ധീകരണങ്ങള്‍ വര്‍ഷം തോറും ഇറക്കിക്കൊണ്ടിരിക്കുന്ന ഇരു സ്ഥാപനങ്ങളും, കേരളത്തിനകത്തും പുറത്തും ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കോഴിക്കോട്, മഞ്ചേരി, തിരൂരങ്ങാടി, വളാഞ്ചേരി എന്നിവിടങ്ങളിലായി ഇവക്ക് നിരവധി ശാഖകളുണ്ട്. അബ്ദുറഹ്മാന്‍ ഹാജിയുടെ സ്ഥാപനം, ‘എജ്യൂമാര്‍ട്ട്’ എന്ന പേരില്‍, കേരളത്തിലെ, പ്രഥമ അക്കാദമിക് ഹൈപ്പര്‍ മാര്‍ക്കറ്റായി വളര്‍ന്നിരിക്കുന്നു. കോഴിക്കൊടാണ് ആസ്ഥാനം.

Monday, February 28, 2011

എജുമാർട്ട്

കേരളത്തിലെ വിവിധ മാര്‍ക്കറ്റുകളിലും അങ്ങാടികളിലും മുസ് ഹഫ് കെട്ടും ചുമന്നു കൊണ്ടു നടന്നു, തിരൂരങ്ങാടിയിലെ കോര്‍മത്ത് അബ്ദുറഹ് മാന്‍ ഹാജി തുടങ്ങി വെച്ച വ്യാപാരമാണ് ‘എജുമാര്‍ട്ട്’ എന്ന പേരില്‍ വളര്‍ന്നു പന്തലിച്ചു ഇന്നൊരു വടാവൃക്ഷമായി തീര്‍ന്നിരിക്കുന്നത്. മുമ്പ്, തിരൂരങ്ങാടിയിലെ ചന്തപ്പടിയില്‍ ‘മുഹമ്മദ് കുട്ടി ആന്റ് സണ്‍സ്’ എന്ന പേരില്‍ സ്ഥാപിതമായ സ്ഥാപനം പിന്നീട് ‘തിരൂരങ്ങാടി ബുക്ക് സ്റ്റാള്‍’ എന്നപേരില്‍ അബ്ദുറഹ്മാന്‍ ഹാജിയും, ‘ചന്തപ്പടി ബുക്ക് സ്റ്റാള്‍’ എന്ന പേരില്‍ സഹോദരന്‍ ഉമര്‍ ഹാജിയും നടത്തി വരികയായിരുന്നു. തിരൂരങ്ങാടി ബുക്ക് സ്റ്റാള്‍’ പിന്നീട് അഷ്രഫി ബുക്ക് സെന്റര്‍, തിരൂരങ്ങാടി പ്രിന്റേഴ്സ്, അനൂസ് പബ്ലിക്കേഷന്‍സ് എന്നീ സഹസ്ഥാപനങ്ങളോടെ വളര്‍ന്നു വികസിച്ചതാണ് എജുമാര്‍ട്ട്.


കേരളത്തിലെ പ്രഥമ അക്കാദമിക് ഹൈപ്പര്‍ മാര്‍ക്കറ്റാണ് കോഴിക്കോട് നഗരത്തില്‍ പ്റവര്‍ത്തിക്കുന്ന എജുമാര്‍ട്ട്. പുതിയ ബസ്റ്റാന്റിനടുത്ത് നിലകൊള്ളുന്ന ആറുനിലക്കെട്ടിടത്തിലാണ് വിദ്യാഭ്യാസം, വിനോദം എന്നീ മേഖലകളിലെ വിപുലമായ


ഉല്പന്നങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. എജു ബുക്സ്, എജു ലാബ്, എജു മൂസിക്, എജു സ്റ്റേഷനറി, എജു ടോയ്സ്, എന്നീ വിഭാഗങ്ങളിലായി പുസ്തകങ്ങള്‍, ലബോറട്ടറി ഉപകരണങ്ങള്‍, ഗ്രീറ്റിംഗ് കാര്‍ഡുകള്‍, ഡി. വി. ഡികള്‍, വുഡന്‍ ഹാന്റിക്രാഫ്റ്റ്സ്

പുരസ്കാരങ്ങൾ
തുടങ്ങിയ നിരവധി ഇനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. അക്കാദമിക് ഉദ്ദേശ്യങ്ങള്‍ക്കുള്ള ഒരു നല്ല കോണ്‍ഫ്രന്‍സ് സെന്റര്‍, ഇന്‍ ഹൌസ് കോഫി ഷോപ്പ് എല്ലാം ഈ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സജ്ജീകരിച്ചിരിക്കുന്നു. 6000 ച. അടിയില്‍ സ്പോര്‍ട്സ് ഉല്പന്നങ്ങള്‍ക്കായും ഫിറ്റ്നസ് ആന്റ് വെല്‍നസ് ഉല്പന്നങ്ങള്‍ക്കായും പ്രത്യേക വിഭാഗം എജുമാര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നു. എല്ലാ ഉലപന്നങ്ങള്‍ക്കും വില്പനാന്തര സേവനം ലഭ്യമാണ്.


അബ്ദുറഹ്മാന്‍ ഹാജിയുടെ മകന്‍ മുസ്തഫ കോര്‍മത്താണ് മാനേജിംഗ് ഡയറക്ടര്‍. മുജീബ് കോര്‍മത്, മുനീര്‍ കോര്‍മത്ത്, നൌഷാദ് കോര്‍മത്ത്, അഷ്രഫ് കോര്‍മത്ത് എന്നിവര്‍ ഡയറക്ടര്‍മാരാണ്.


(മുസ്തഫ കോര്‍മത്ത്, മാനേജിംഗ് ഡയറക്ടര്)

Visit: www.edumartasia.com

Tuesday, February 22, 2011

കോർമത്ത് കുടുംബ സംഗമം ഏപ്രിൽ 3 നു മഞ്ചേരിയിൽ

മഞ്ചേരി: പ്രശസ്തവും പുരാതനവുമായ കോര്‍മത്ത് കുടുംബത്തിലെ അംഗങ്ങള്‍ ഒത്തു ചേരുന്നു.

ഏപ്രില്‍ 3 നു ഞായറാഴ്ച മഞ്ചേരിയില്‍ നടക്കുന്ന മഹാ സംഗമത്തില്‍ കെരളത്തിന്റെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന മുഴുവന്‍ കോര്‍മത്ത് കുടുംബാംഗങ്ങളെയും പങ്കെടുപ്പിക്കാനുള്ള പ്രവര്‍ത്തനം നടന്നു വരുന്നു.

തലമുറകള്‍ക്ക് മുമ്പ് മണ്മറഞ്ഞവരും ഇപ്പോള്‍ ജീവിക്കുന്നവരുമായ മുഴുവന്‍ കുടുംബാംഗങ്ങളുടെയും ഫോട്ടൊ സഹിതമുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളീച്ചു കൊണ്ട് തയ്യാറാക്കുന്ന വിപുലമായ കുടുംബ ഡിറക്ടറി സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കുന്നതാണ്. ഇതിന്നുള്ള വിവര ശേഖരണം അതാതിടങ്ങളില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

പരിപാടിയുടെ നടത്തിപ്പിന്നു ഓര്‍ഗനൈസിങ് കമ്മിറ്റിയും സ്വീകരണ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്

കെ. അബ്ദുല്ല (94 95 71 16 16)
കെ. അബ്ദുല്‍ ഖാദര്‍ ഫൈസി (98 47 65 67 00)

എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.