Wednesday, March 30, 2011

കറപുരളാത്ത കരങ്ങളുമായി ഒരു റവന്യു ഉദ്വോഗസ്ഥൻ



അഴിമതിയില്‍ ആമൂലാഗ്രം ആപതിച്ചു കഴിഞ്ഞൊരു ലോകത്ത്, ധനമോഹികളുടെ കറവപ്പശുവായ റവന്യു വകുപ്പ് കൈയില്‍ വെച്ചു കൊണ്ട് വാടക വീട്ടില്‍ കഴിയുകയും അവിടെ വെച്ചു കൊണ്ടു തന്നെ റിട്ടയര്‍ ചെയ്യുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഉദ്വോഗസ്ഥന്‍! വര്‍ത്തമാന കാല സ്ഥിതിഗതികള്‍ വിലയിരുത്തുന്നവരെ സംബന്ധിച്ചിടത്തോളം, കേവലം മുത്തശ്ശിക്കഥകളില്‍ മാത്രം ജീവിതമുള്ളവനായിരിക്കും അദ്ദേഹം! പക്ഷെ, മലപ്പുറം ജില്ലയിലെ തുവ്വൂര്‍ക്കാരനായ കോര്‍മത്ത് അബ്ദുല്ലയെ സംബന്ധിച്ചിടത്തോളം ഇത് അക്ഷരം പ്രതി സത്യമായിരുന്നു. അഴിമതിയുടെ കറപുലരാത്ത കരങ്ങളുമായാണ് അദ്ദേഹം സര്‍വശക്തനിലേക്ക് യാത്ര തിരിച്ചത്.
കോര്‍മത്ത് അഹ്മദിന്റെയും കല്ലായി മറിയുമ്മയുടെയും മകനായി 1934 ജൂലൈ 1ന്ന് തുവ്വൂരില്‍ ജനിച്ചു. നിലമ്പൂര്‍ മാനവേദന്‍ സ്കൂളില്‍ മേട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയ അബ്ദുല്ല, 1958 ജനുവരി 31ന്ന് സിവില്‍ സപ്ലൈസില്‍, മഞ്ചേരി റേഷനിംഗ് ഇന്‍സ്പെക്ടറായാണ് ഗവര്‍മ്മെന്റ് സര്‍വീസില്‍ പ്രവേശിച്ചത്. തുടര്‍ന്ന് റവന്യു ഡിപ്പാര്‍ട്ട്മെന്റില്‍ 10 വര്‍ഷക്കാലത്തോളം ഏറനാട് താലൂക്ക് ഡെ. താസില്‍ദാറായി സേവനമനുഷ്ടിച്ച അദ്ദേഹത്തിന്ന് വണ്ടൂര്‍ ലാന്റ് ട്രിബൂണില്‍ താസില്‍ദാറയി പ്രമോഷന്‍ ലഭിച്ചു. പിന്നെ, പെരിന്തല്‍മണ്ണ താസില്‍ദാറായി ഒന്നര വര്‍ഷക്കാലത്തോളം സേവനമനുഷ്ടിച്ച ശേഷം, ഏറനാട് താലൂക്ക് താസില്‍ദാറായി,1989 ജൂണ്‍ 30 ന്ന്, റിട്ടയര്‍ ചെയ്തു.
റിട്ടയര്‍മെന്റിന്നു ശേഷം അല്പകാലം, പൊന്നാനി മ ഊനത്തുല്‍ ഇസ്ലാം സഭ സൂപ്രണ്ടായി സേവനം ചെയ്തിട്ടുണ്ട്. 2006 ഫെബ്രുവരി 7ന്ന് മരണമടഞ്ഞു.

കോർമത്തുകാരെ കോർത്തിണക്കുന്നതിൽ, പരേതനായ അബ്ദുല്ല സാഹെബ് വഹിച്ച പങ്ക് നിസ്സീമമാണ്. പോക്കർക്കയുടെ വലം കയ്യായി എപ്പോഴും എവിടെയും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. അതിനാൽ തന്നെ, ആ മഹദ്കർമ്മത്തിന്റെ മഹത്തായ പ്രതിഫലം അദ്ദേഹത്തിന്നു ലഭിക്കാതിരിക്കില്ല. ആ മഹാത്മാവിന്ന് അല്ലാഹു നിത്യശാന്തി നൽകട്ടെ. ആമീൻ!

വെസ്റ്റു കോടൂരിലെ, ചക്കിങ്ങല്‍തൊടി അബ്ദുറസാക്കിന്റെയും പേരാപ്പുറത്ത് മമ്മാദിയയുടെയും മകളായ സീനത്താണ് സഹധര്‍മ്മിണി. സലീം കോര്‍മത്ത്, ശമീര്‍ കോര്‍മത്ത്, ശഫീഖ് കോര്‍മത്ത്, അഡ്വ. സോണിയ കോര്‍മത്ത്, സോഫിയ ഫിറോസ് എന്നിവരാണ് മക്കള്‍. റുബീനാ സലീം, ലൈലാ ശമീര്‍, ഫിറോസ് എന്നിവര്‍ മരുമക്കളാണ്. ജാസിം സലീം, ജിയാ സലീം, ആയിഷ ലേന ഫിറോസ്, ഇഷല്‍ ശമീര്‍ എന്നിങ്ങനെ 4 പേരമക്കളുണ്ട്.

Saturday, March 19, 2011

തൊണ്ണൂറുകളുടെ മികവിൽ ‘മാനുക്ക’

മാനുക്ക

2011 ജന 26 ന്നു, കോട്ടക്കല്‍ പറപ്പൂരിലെ കോര്‍മത്ത് സയ്യിദ് അബ്ദുല്ല എന്ന കൂച്ചിക്കയുടെ ജനാസ സംസ്കരണ ശേഷം ഞങ്ങള്‍ നേരെ പോയത് കല്പകഞ്ചേരി എന്ന സ്ഥലത്തേക്കായിരുന്നു. മഞ്ചേരിയില്‍ നിന്നും അവിടെ കുടിയേറി പാര്‍ത്ത കോര്‍മത്ത് അഹ്മദ് എന്ന മാനുക്കയെ കാണുകയായിരുന്നു ലക്ഷ്യം. തിരൂരങ്ങാടിയിലെ കോര്‍മത്ത് അബ്ദുറഹ്മാന്‍ ഹാജി,കൊടുങ്ങല്ലൂരിലെ നസീബുല്ല മാസ്റ്റര്‍, ചെറൂപ്പയിലെ അബുല്‍ ഖൈര്‍ മൌലവി, മഞ്ചേരിയിലെ കോര്‍മത്ത് അബ്ദുല്ല, കോര്‍മത്ത് അലവിക്കുട്ടി ഹാജി, കോര്‍മത്ത് സത്താര്‍ ഹാജി, കോര്‍മത്ത് മുഹമ്മദ് എന്ന കുഞ്ഞാന്‍, കോര്‍മത്ത് ഷാജി എന്നിവരടങ്ങുന്നതായിരുന്നു സംഘം. രണ്ടു കാറുകളും ഒരു മോട്ടോര്‍ സൈക്കിളുമായി അഞ്ചരിച്ച സംഘത്തിന്റ്റെ യാത്ര, ഇടുങ്ങിയ റോഡിലൂടെ വഴിയറിയാതെ കുറെ നേരം വട്ടം കറങ്ങുകയുണ്ടായി എന്നതൊഴിച്ചാല്‍, രസകരമായിരുന്നു. അവസാനം, ആടിനെ മേച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു സ്ത്രീ ‘പൈലറ്റാ‘യി സഞ്ചരിച്ചു കൊണ്ടാണ് ലക്ഷ്യ സ്ഥാനത്തെത്താന്‍ കഴിഞ്ഞത്. [അവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ എന്ന് സംഘം ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.]



നട്ടുച്ച സമയത്താണ് ഞങ്ങള്‍ ലക്ഷ്യ സ്ഥാനത്തെത്തിയത്. അല്പ നേരത്തെ കാത്തിരിപ്പിന്നു ശേഷം, മാനുക്ക പുറത്തു വന്നു. വാക്കറുടെ സഹായത്തോടെ മന്ദം മന്ദം നടന്നു വന്ന ആ തൊണ്ണൂറ്റി രണ്ടുകാരന്റെ മുഖം കുലീനതയും ഗാംഭീര്യവും സ്ഫുരിക്കുന്നതായിരുന്നു. കേള്‍വിക്ക് അല്പം കുറവുണ്ടെന്നതൊഴിച്ചാല്‍ കാര്യമായ ആരോഗ്യപ്രശ്നമൊന്നും ഉള്ളതായി തോന്നിയില്ല.

മലബാറിലെ അംഗുലീപരിമിതരായ അഭ്യസ്തവിദ്യരിലും ഉയര്‍ന്ന ഉദ്യ്യോഗസ്ഥരിലും എടുത്തു പറയത്തക്ക ദേഹമായിരുന്ന കോര്‍മത്ത് കുഞ്ഞിരായിന്‍ റൈഞ്ചറായിരുന്നു പിതാവ്. മുസ്ലിംകള്‍ ഭൌതിക വിദ്യാഭ്യാസം നിഷിദ്ധമായി കണക്കാക്കിയിരുന്ന അക്കാലത്ത്, ഭൌതിക വിദ്യാഭ്യാസത്തിലേക്ക് സധീരം കാലെടുത്തു വെക്കുക മാത്രമല്ല, ആജീവനാന്തം പേരിനൊപ്പം, ഒരു ഇംഗ്ലീഷ് പദം- ‘റൈഞ്ചര്‍’ - കൊണ്ടു നടക്കുക പോലും ചെയ്ത ‘റൈഞ്ചര്‍’ മലബാര്‍ മേഖലയിലെ ഒരത്ഭുതം തന്നെയായിരുന്നു.
കോര്‍മത്ത് കുഞ്ഞിരായന്‍ റൈഞ്ചര്‍, മഞ്ചേരി

അദ്ദേഹത്തിന്റെ പതിനാറുമക്കളില്‍ മൂത്ത മകനാണ് കോര്‍മത്ത് അഹ്മദ് എന്ന മാനുക്ക. ലത്തീഫ്, അബ്ദുറഹ്മാന്‍, അബൂബക്കര്‍, മറിയുമ്മ, ആമിന, പാത്തുണ്ണി, നഫീസ, റുഖിയ, സുഹ്ര , പരേതരായ അബ്ദുല്‍ അലി, അബ്ദുല്‍ ഖാദര്‍, ഉണ്ണിപാത്തു, ഉണ്ണി ആയിശ, ആസ്യ, റാബിയ, എന്നിവരാണ് സഹോദരീ സഹോദരങ്ങള്‍.



അബുല്‍ ഖൈര്‍ മൌലവിയും മാനുക്കയും

കോര്‍മത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ ഒരു പുസ്തകം പിതാവിന്റെ കൈവശമുണ്ടായിരുന്നുവെന്നും, പക്ഷെ, ഇപ്പൊഴത് നഷ്ടപ്പെട്ടിട്ടുണ്ടെന്നും മാനുക്ക പറയുന്നു. താനൂരിലെ കോര്‍മന്‍ കടപ്പുറത്തെത്തിയ മൂന്നു പേരില്‍ നിന്നാണ് കോര്‍മത്ത് കുടുംബം ഉത്ഭവിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇസ്ലാമിക പ്രചാരണാര്‍ത്ഥം അവിടെ എത്തിയ മൂവര്‍ സംഘം തങ്ങളുടെ ദൌത്യ നിര്‍വഹണ ശേഷം മൂന്നു ദിശകളിലേക്കായി പിരിഞ്ഞു പോവുകയായിരുന്നുവത്രെ. ഇതു കേട്ടപ്പോള്‍, പ്രസ്തുത മൂന്നുപേരില്‍ ഒരാളായിരിക്കാം തിരൂരങ്ങാടിയിലെത്തിയതെന്നും അങ്ങനെയായിരിക്കാം അദ്ദേഹം താമസിച്ച സ്ഥലത്തിന്നു ‘കോര്‍മത്ത് പറമ്പ്’ എന്ന പേര്‍ ലഭിച്ചതെന്നും, ഒരുവേള, സംഘത്തിന്നു തോന്നി. പക്ഷെ, പിന്നീട് കോര്‍മ്മന്‍ കടപ്പുറത്തെത്തി നടത്തിയ അന്വേഷണത്തില്‍, ഉപോല്‍ബലകമായ തെളിവുകളൊന്നും ലഭിക്കുകയുണ്ടായില്ല.


മഞ്ചേരിയിലെ പ്രമുഖ ബാരിസ്റ്ററായ അഡ്വ. അശ് റഫ് മാനുക്കയുടെ പുത്രനാണ്. കല്പകഞ്ചേരിയില്‍, ഭാര്യയും രണ്ടു മക്കളുമായി കഴിയുകയാണ്, കോര്‍മത്തു തറവാട്ടിലെ ഏറ്റവും പ്രായം കൂടിയ ഇദ്ദേഹം.

Tuesday, March 15, 2011

കോർമത്ത് സംഗമം : കലാപ്രതിഭകൾക്ക് അവസരം

മഞ്ചേരി:
മഞ്ചേരിയിൽ ഏപ്രിൽ 3ന്ന് നടക്കുന്ന കോർമത്ത് സംഗമത്തിൽ, കുടുംബത്തിലെ കലാപ്രതിഭകൾക്ക്, തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന്ന് അവസരം നൽകാൻ തീരുമാനിച്ചു. ഉച്ചക്ക് 2.45 ന്ന് ആരംഭിക്കുന്ന രണ്ടാം സെഷനിലായിരിക്കും ഇതിനവസരം നൽകുക. ഓരോ പ്രദേശത്തു നിന്നും പരിപാടിയിൽ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവരുടെ പേർ വിവരങ്ങൾ, അവതരിപ്പിക്കുന്ന ഇനം എന്നിവ, ഏപ്രിൽ 2ന്നു മുമ്പായി താഴെ വിലാസത്തിൽ അറിയിച്ചിരിക്കേണ്ടതാണ്. മുൻ കൂട്ടി അറിയിക്കുന്ന പരിപാടികൾ മാത്രമെ അവതരിപ്പിക്കാൻ അനുമതി നൽകുകയുള്ളു.
Kormath Abdulla. Kormath house. Mandankode
Po. Manjeri College. Manjeri 2 pin 676122
9495711616. Email: akormath@gmail.com

Sunday, March 13, 2011

കോർമത്ത് സംഗമം : യുവജനവേദി രൂപീകരിക്കുന്നു

ഏപ്രില്‍ 3ന്ന് നടക്കുന്ന കോര്‍മത്ത് സംഗമത്തോടനുബന്ധിച്ച് കുടുംബത്തിലെ യുവനിരയെ ഒരുമിച്ചു ചേര്‍ക്കുന്നതിനായി ഒരു യുവജനവേദിക്കു രൂപം നല്‍കാന്‍ തീരുമാനിച്ചു. ജോലി, വിദ്യാഭ്യാസം പോലുള്ള കാര്യങ്ങളില്‍ പരസ്പര സഹായവും സഹകരണവും എളുപ്പമാക്കുകയാണ് ഈ വേദിയുടെ ലക്ഷ്യം. വേദിയില്‍ അംഗത്വമെടുക്കാനുള്ള അപേക്ഷാ ഫോം താഴെ കൊടുത്തിട്ടുണ്ട്. അത് ഡൌണ്‍ലോഡ് ചെയ്തു , പൂരിപ്പിച്ച് സംഗമത്തിന്നു മുമ്പായി താഴെ വിലാസത്തില്‍ അയക്കേണ്ടതാണ്.


Kormath Job Details

ഫോം അയക്കേണ്ട വിലാസം:
Kormath Abdulla
Kormath house. Mandankode
Po. Manjeri College
Manjeri 2 pin 676122
9495711616