സംഗമം നടക്കുന്ന ശ്രീ സുമാ ഓഡിറ്റോറിയം
മഞ്ചേരി:
ഏപ്രില്‍ 3ന്ന് മഞ്ചേരിയിലെ, രാജീവ് ഗാന്ധി ബൈപാസ്സിലെ ശ്രീ സുമാ ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കാനിരിക്കുന്ന കോര്‍മത്ത് കുടുംബ സംഗമത്തിന്റെ അന്തിമ രൂപമായി.
കോര്‍മത്ത് അലവിക്കുട്ടി, അബ്ദുല്ല(മാതൃഭൂമി), സത്താര്‍ ഹാജി, നസീബുല്ല (വെന്മേനാട്), ഖാദര്‍ ഫൈസി, അബ്ദുസ്സലാം(കൊടിയത്തൂര്‍), മുഹമ്മദ് എന്ന കുഞ്ഞാന്‍, അബ്ദുന്നാസര്‍, മുനീര്‍(തിരൂരങ്ങാടി) തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Saturday, March 12, 2011
Monday, March 7, 2011
കോർമത്ത് പോക്കർക്ക: കുടുംബത്തെ വിളക്കിച്ചേർത്ത മെക്കാനിക്ക്
മഞ്ചേരിയിലെ മാത്രമല്ല, മൊത്തം കോര്‍മത്ത് കുടുംബത്തിന്റെ തന്നെ, ചരിത്രത്തില്‍ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെടേണ്ട ഒരു നാമമാണ്, കോര്‍മത്ത് കുഞ്ഞഹമ്മദി(കെ. സി. മാനു)ന്റെ പുത്രന്‍ കോര്‍മത്ത് പോക്കറിന്റെത്.
കോര്‍മത്ത് ചരിത്രം മൊത്തം പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു വസ്തുതയുണ്ട്. വിവാഹം, വ്യാപാരം, അദ്ധ്യാപനം, ബിസിനസ്സ് തുടങ്ങി ഏതെങ്കിലും ഹേതുവായി, കുടുംബത്തില്‍ നിന്നും ഒരു വ്യക്തി മറ്റൊരിടത്തേക്ക് നീങ്ങുന്നു. പിന്നീട്, അവിടെ തന്നെ സ്ഥിരതാമസമാക്കുന്നു. അവിടെ കുടുംബവും പരമ്പരയുമായി കഴിയുന്നു. അവിടെത്തന്നെ മരണമടയുകയും, മൂലകുടുംബവുമായി വല്ലപ്പോഴുമുണ്ടാകാറുള്ള ബന്ധം അയാളുടെ മരണത്തോടെ അവസാനിക്കുകയും ചെയ്യുന്നു. അതോടെ, മൂലകുടുംബവുമായുള്ള സകല ബന്ധങ്ങളും മുറിഞ്ഞു പോകുന്നു. ഇങ്ങനെ, മൂലകുടുംബത്തില്‍ നിന്നും കണ്ണിയറ്റ്, ശാഖയും ശാഖോപശാകകളുമായി കഴിയുന്ന നിരവധി കുടുംബങ്ങളെ കേരളത്തിന്റെ വിവിധ മുക്കുമൂലകളില്‍ ഇന്നു കാണാന്‍ കഴിയും. മൂലകുടുംബത്തെ സംബന്ധിച്ചോ, അതിലെ തങ്ങളുടെ പരമ്പരയെ കുറിച്ചോ, സഹോദരങ്ങളെ കുറിച്ചോ യാതൊന്നുമറിയാതെ, പരിചയപ്പെടാതെ, ബോധമില്ലാതെ.
പോക്കര്‍ക്കയുടെ കുടുംബം മഞ്ചേരിയിലെത്തുന്നതും ഇങ്ങനെ തന്നെയാണ്. കൊയപ്പയില്‍ നിന്നും മഞ്ചേരിയില്‍ കുടിയേറിപ്പാര്‍ത്ത പോക്കര്‍ ഹാജിയും മറിയുമ്മയുമാണ്, മഞ്ചേരിയില്‍ കൂര്‍മത്ത് കുടുംബത്തിന്നു ബീജാവാപം നല്‍കിയതെന്നു മാത്രമെ ഇവിടത്തുകാര്‍ക്കറിയുകയുള്ളു. തങ്ങളുടെ മൂലകുടുംബത്തെ കുറിച്ച യാതൊരു വിവരവും അവര്‍ക്കില്ല.
കലിക്കറ്റ് യൂനിവേഴ്സിറ്റിക്കടുത്ത കൊയപ്പയിലെ ‘ഇരുമ്പന്‍ കുടുക്ക് ‘എന്ന പ്രദേശത്ത് ധാരാളം കോര്‍മത്ത് കുടുംബങ്ങള്‍ താമസിക്കുന്നു. പക്ഷെ, തങ്ങളിവിടെ എത്തിയതെവിടെ നിന്നാണെന്നോ, തങ്ങളുടെ പൂര്‍വികരാരാണെന്നോ ഇവര്‍ക്കറിയുകയില്ല. എന്നാല്‍, തങ്ങളുടെ പൂര്‍വികര്‍ പണ്ഡിതന്മാരായിരുന്നുവെന്നും പെരുവള്ളൂരില്‍ നിന്നു വന്നവരാണെന്നും, പൂര്‍വികരിലാരോ ഒരാള്‍ ഉയര്‍ന്ന ഉദ്വോഗം വഹിച്ചുകൊണ്ട് മഞ്ചേരിയിലേക്ക് പോയിട്ടുണ്ടെന്നും കാരണവന്മാര്‍ക്കിടയില്‍ ശ്രുതിയുണ്ട്. പക്ഷെ, ഇതെ കുറിച്ചൊന്നും കൂടുതലറിയാനോ, മനസ്സിലാക്കാനോ ആരും ശ്രദ്ധിച്ചിട്ടില്ല; മിനക്കെട്ടിട്ടുമില്ല.
എന്നാല്‍, ഇതില്‍ നിന്നും അല്പം വ്യത്യസ്തമാണെന്നു പറയാം, കൊടുങ്ങല്ലൂരിലെയും പെരുവള്ളൂരിലെയും കോര്‍മത്ത് കുടുംബാംഗങ്ങളുടെ സ്ഥിതി. തങ്ങളുടെ പൂര്‍വികരെ കുറിച്ചും ഉറവിടത്തെ കുറിച്ചും ഒരേകദേശ ചിത്രം അവരുടെ പക്കലുണ്ട്. പക്ഷെ, തങ്ങളുടെ പൂര്‍വികരില്‍ പെട്ട പലരുടെയും പില്‍ക്കാല ചരിത്രം അവര്‍ക്കറിഞ്ഞു കൂട. അവരെവിടെ പോയി? അവരുടെ പരമ്പര എവിടെ കഴിയുന്നു? അനന്തര തലമുറ അവശേഷിച്ചിരിപ്പുണ്ടോ? ഇതെല്ലാം ഇപ്പോഴും അജ്ഞാതമായിത്തന്നെ തുടരുകയാണ്. സത്യം പറഞ്ഞാല്‍, അതെ കുറിച്ചു ചിന്തിക്കാനോ, അന്വോഷണം നടത്താനോ അവരിലും കാര്യമായ ശ്രമങ്ങളൊന്നും നടന്നിട്ടില്ല. ഇതാണവരുടെ സ്ഥിതി.
യഥാര്‍ത്ഥത്തില്‍, പോക്കര്‍ക്കയെ പോലുള്ള ഒരു ചരിത്രാന്വേഷകന്റെ അനിവാര്യത പ്രകടമാകുന്നതിവിടെയാണ്.
മഞ്ചേരിയില്‍, സര്‍വത്ര വ്യാപിച്ചു കിടക്കുന്ന കുടുംബമാണ്, അദ്ദേഹം ഉള്‍ക്കൊള്ളുന്ന കോര്‍മത്ത് കുടുംബം. മഞ്ചേരിയുടെ ആദികാല ചരിത്രത്തില്‍ മൂലവേരുള്ള കുടുംബം. ഇന്നത്തെ മഞ്ചേരി നഗരം സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഭൂരിഭാഗത്തിന്റെയും ഉടമകള്‍ അദ്ദേഹത്തിന്റെ കുടുംബ കാരണവന്മാരായിരുന്നു. പ്രശസ്തമായ പള്ളിയുടെയും മറ്റ് ധര്‍മസ്ഥാപനങ്ങളുടെയും സംസ്ഥാപനത്തില്‍ അവരുടെ നിറഞ്ഞ സാന്നിധ്യം പ്രകടമാണ്. മഞ്ചേരിയിലെ, പ്രധാനകുടുംബങ്ങളിലെ ആദ്യ നിരയില്‍ തന്നെ ഈ കുടുംബം സ്ഥാനം പിടിച്ചിട്ടുണ്ട്.
പോക്കർക്കയുടെ ഒരു പഴയ ചിത്രം
എന്നാല്‍, ഈ ‘പോരിശ‘കളെല്ലാം അയവിറക്കി ചാരുകസേരയില്‍ മലര്‍ന്നു കിടന്നു അഭിമാനം കൊള്ളാന്‍ പോക്കര്‍ക്കയുടെ അന്വേഷണബുദ്ധി സമ്മതിച്ചില്ല. തന്റെ, പൂര്‍വികരെ കുറിച്ച്, തന്റെ കുടുംബത്തിന്റെ ഉറവിടത്തെ കുറിച്ച്, ശരിയായൊരു ചിത്രം ശേഖരിക്കാന്‍ അദ്ദേഹത്തിന്റെ ഹൃദയം വെമ്പല്‍ കൊണ്ടു. അങ്ങനെയാണ്, മഞ്ചേരിയില്‍ ആദ്യമായെത്തിയ, പോക്കര്‍ ഹാജി മകന്‍ ഉണ്ണിമോയിന്‍ ഹാജി മകന്‍ കുഞ്ഞഹമ്മദ് മകന്‍ പോക്കര്‍ ഒരു ചരിത്രാന്വേഷകനായി മാറുന്നത്. ആദികാല മഞ്ചേരിക്കാരുടെ ബൈക്കുകളുടെ പാര്‍ട്ട്സുകള്‍ പരസ്പരം വിളക്കിച്ചേര്‍ത്തിരുന്ന ‘മെക്കാനിക്ക് പോക്കര്‍ക്ക’, തന്റെ കുടുംബത്തിന്റെ അറ്റുപോയ കണ്ണികള്‍ വിളക്കിച്ചേര്‍ക്കാനായി രംഗത്തിറങ്ങിയത്.
കോര്‍മത്ത് അബ്ദുല്ല(മാതൃഭൂമി അബ്ദുല്ല), സത്താര്‍ ഹാജി, മുഹമ്മദ് എന്ന കുഞ്ഞാന്‍ തുടങ്ങിയ, സമാന ചിന്താഗതിക്കാരായ ഒരു സംഘം നിസ്വാര്‍ത്ഥ പ്രവര്‍ത്തകരോടൊപ്പം രംഗത്തിറങ്ങിയ അദ്ദേഹം, ആദ്യമായി ശ്രമിച്ചത്, മഞ്ചേരിയില്‍ തന്നെ ചിതറികിടക്കുന്ന കോര്‍മത്തുകാരെ ഒരേ നൂലില്‍ കോര്‍ത്തിണക്കാനാണ്. കോര്‍മത്ത് ചരിത്രത്തില്‍ തന്നെ ആദ്യമായി, ഒരു കുടുംബ വെല്‍ഫയര്‍ കമ്മിറ്റി മഞ്ചേരിയില്‍ നിലവില്‍ വന്നത് അങ്ങനെയാണ്. മാസത്തിലൊരിക്കലെങ്കിലും, കോര്‍മത്തുകാര്‍ക്ക് ഒരുമിച്ചിരിക്കാനുള്ള ഒരു വേദിക്ക് ഇത് വഴി തുടക്കം കുറിക്കപ്പെടുകയായിരുന്നു. കുടുംബത്തില്‍, അഗതികളും അശരണരുമായി കഴിയുന്ന പലര്‍ക്കും സഹായാസ്തം നീട്ടാന്‍ ഈ കമ്മിറ്റി ശ്രദ്ധിച്ചു പോന്നു. കുടുംബ പ്രശ്നങ്ങള്‍ സൌഹാര്‍ദ്ദ മനസ്സോടെ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ഇത് വഴി അവര്‍ക്കു സാധിച്ചു. ഇതോടെ, കോര്‍മത്ത് കണ്ണികള്‍ക്കിടയില്‍, ശാസ്ത്ര്രിയമായൊരു കെട്ടുറപ്പും ഭദ്രതയും നിലവില്‍ വരികയായിരുന്നു.
2001 ഫെബ്രുവരി 18 ന്ന്, പെരുവള്ളൂരിലെ കുറളോട്ടിയില്‍ ചേര്‍ന്ന കോര്‍മത്ത് സംഗമത്തില്‍, കുടുംബാംഗങ്ങളെ അഭിസംബോധന ചെയ്യുന്നു.
പെരുവള്ളൂര്‍ സംഗമത്തിലെ മറ്റൊരു ദൃശ്യം
പക്ഷെ, ഇതെല്ലാം മഞ്ചേരിയുടെ നാലതിരുകള്‍ക്കിടയില്‍ ഒതുങ്ങിയതായിരുന്നു. ഉറവിടം തേടിയുള്ള പോക്കര്‍ക്കയുടെ അന്വോഷണ തൃഷ്ണക്ക് ശമനം വരുത്താന്‍ ഇതിനൊന്നുമായില്ല. ഈയവസരത്തിലാണ്, ചരിത്ര നിയോഗമെന്ന പോലെ, മൂന്ന് പേര്‍ എത്തിച്ചേര്‍ന്നത്. പെരുവള്ളൂരിലെ കോയ മുസ്ലിയാര്‍, അബ്ദുല്‍ഖാദര്‍ ഫൈസി, കൊടുങ്ങല്ലൂരിലെ നസീബുല്ല മാസ്റ്റര്‍ എന്നിവരായിരുന്നു അവര്‍. കുടുംബത്തിലെ, അറ്റുപോയ കണ്ണികള്‍ തേടിക്കൊണ്ട് അലഞ്ഞു തിരിയുകയായിരുന്ന, സമാന ചിന്താഗതിക്കാരയ മൂന്നു കോര്‍മത്തുകാര്‍. ഇവരുടെ ആഗമനത്തോടെ, കോര്‍മത്ത് ചരിത്രത്തിന്റെ സുപ്രധാനമായൊരു കവടം തുറക്കപ്പെടുകയായിരുന്നു. തങ്ങളുടെ യഥാര്‍ത്ഥ ഉറവിടം കേരളമല്ലെന്നും, പ്രത്യുത അറേബ്യയാണെന്നും ഇസ്ലാമിലെ രണ്ടാം ഖലീഫ അബൂബക്കര്‍ സിദ്ദീഖി(റ)ന്റെ പുത്രന്‍ അബ്ദുറഹ്മാനിലാണ് തങ്ങളുടെ പരമ്പര എത്തുന്നതെന്നും, മഞ്ചേരിക്കാര്‍
2001 മാര്‍ച്ച് 18 ന്ന്, തിരൂരങ്ങാടിയില്‍ മുസ്തഫാ കോര്‍മത്തിന്റെ വീട്ടില്‍ ചേര്‍ന്ന കൊര്‍മത്ത് സംഗമത്തില്‍
തിരൂരങ്ങാടി സംഗമത്തിന്റെ മറ്റൊരു ദൃശ്യം
മനസ്സിലാക്കുന്നത് അങ്ങനെയാണ്. പോക്കര്‍ക്കയുടെ യാത്രക്ക് പാതയൊരുക്കുകയായിരുന്നു ഇതോടെ സംഭവിച്ചത്. ‘ശാഖകള്‍ തേടി’ എന്ന പേരില്‍, പോക്കര്‍ക്കയുടെ അന്വേഷണ യാത്ര ഈ ബ്ലോഗില്‍ വിശദമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അങ്ങനെ, കേരളത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന കോര്‍മത്തുകാരെ നേരില്‍ കണ്ട്, പരസ്പരം വിളക്കിച്ചേര്‍ക്കുന്ന ഒരു പ്രധാന ഘടകമായി തീരുകയായിരുന്നു അദ്ദേഹം. പക്ഷെ, അപ്പോഴെക്കും പ്രായം അദ്ദേഹത്തെ അതിക്രമിച്ചു കഴിഞ്ഞു.
മഞ്ചേരിയിലെ തുവ്വൂരില്‍ ചേര്‍ന്ന കോര്‍മത്ത് സംഗമത്തിലെ ഒരു ദൃശ്യം
തുവൂര്‍ സംഗമത്തിലെ മറ്റൊരു ദൃശ്യം
എഴുപതുകള്‍ പിന്നിട്ടിരുന്നുവെങ്കിലും, പ്രായത്തെ പിന്നിലാക്കി മുന്നോട്ട് ഗമിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്നു, ഇനി, പക്ഷെ, അതിനാവുകയില്ല. ഓര്‍മശക്തി ക്ഷയിച്ചു കൊണ്ടിരിക്കുന്നു. ആരോഗ്യം നശിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ, താന്‍ വെട്ടിത്തെളിച്ച പാതയിലൂടെ മുന്നോട്ട് നീങ്ങി ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഒരു സംഘത്തെ ഉത്തരവാദിത്തം ഏല്പിച്ചുകൊണ്ടാണദ്ദേഹം രംഗത്തു
പോക്കര്‍ക്കയുടെ മാര്‍ഗ്ഗത്തില്‍ പുതിയ സാരഥികള്‍
നിന്നും പിന്മാറുന്നത്. സഹോദരന്‍ സത്താര്‍ ഹാജി, കോര്‍മത്ത് അബ്ദുല്ല, മുഹമ്മദ് എന്ന കുഞ്ഞാന്‍ , അബ്ദുന്നാസര്‍ തുടങ്ങി യുവക്കക്കളും കാരണവന്മാരും അടങ്ങിയ ഉര്‍ജ്ജസ്വലരായ ഒരു സംഘം. നാടുനീളെ ഓടി നടന്നു, ഏപ്രില്‍ 3ന്നു നടക്കാനിരിക്കുന്ന ആദ്യത്തെ കോര്‍മത്ത് സംഗമത്തിന്റെ വിജയത്തിന്നു വേണ്ടി അവിശ്രമം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണിന്ന് ഈ സംഘം.
കോര്‍മത്ത് ആസിയയാണ് പൊക്കര്‍ക്കയുടെ മാതാവ്. വല്ലാഞ്ചിറ ഫാത്വിമ സഹധര്‍മ്മിണിയും. ഷാജഹാന്‍, മുഹമ്മദ് ഇസ്മായീല്‍, ഫൈസല്‍, റസ്സല്‍ എന്നിവരാണ് മക്കള്‍.
Sunday, March 6, 2011
ഷിഫീൻ രോഷൻ: കോർമത്തിന്റെ ഗാനകോകിലം
കേരളത്തില്‍ മാത്രമല്ല, ഇന്ത്യക്കകത്തും പുറത്തും ഓടി നടന്നു സംഗീതപ്രേമികളെ ഹരം കൊള്ളിക്കുന്ന കോര്‍മത്തിന്റെ ഗാനകോകിലത്തെ, കാണുകയും കോര്‍മത്തുകാര്‍ക്കു പരിചയപ്പെടുത്തുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ്, മഞ്ചേരിയുടെ പ്രാന്തപ്രദേശമായ വെള്ളാങ്ങരയിലേക്ക് ഞങ്ങളുടെ വാഹനം നീങ്ങിയത്. അവിടെ ഒരു ചെറുകുടിലില്‍ താമസിക്കുന്ന കോര്‍മത്ത് യൂസുഫ് എന്ന ചെറിയാപുവിന്റെയും, അരീക്കോട്ടെ, ഉഗ്രപുരം സ്വദേശി പയനിപ്പറമ്പ് സെയ്തലവിയുടെ മകള്‍ ബേനസീറിന്റെയും പുത്രന്‍ ഷിഫിന്‍ രോഷനായിരുന്നു ആ അപൂര്‍വ പ്രതിഭ.
യൂസുഫും ബേനസീറും
സീറത്തുന്നബി
മഞ്ചേരി ഹിദായത്തുസ്സിബിയാന്‍ യതീംഖാന ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ്റ്റു വിദ്യാര്‍ത്ഥിയായ ഷിഫിന്‍, എട്ടാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു, ‘സീറത്തുന്നബി’ എന്ന പേരില്‍ ഒരു കാസറ്റ് റിക്കാര്‍ഡിങ്ങിലൂടെ, മാപ്പിളപ്പാട്ട്
വേദിയിലേക്ക് കാലെടുത്തു വെച്ചത്. ഈ കാസറ്റ് ജനഹൃദയങ്ങളില്‍ വലിയ സ്വാധീനമാണുണ്ടാക്കിയത്. അതിനാല്‍ തന്നെ, ഗായകനായ ഷിഫീന്‍ പ്രസിദ്ധിയുടെ പടവുകള്‍ കയറാന്‍ തുടങ്ങി. അതോടെ, കേരളത്തിലെ മാപ്പിളപ്പാട്ടു വേദികളില്‍ ഈ കൊച്ചു പ്രതിഭ സംഗീതപ്രേമികളുടെ ഒരു ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു. കേരളത്തിലങ്ങുന്നിങ്ങോളം ഓടിനടന്നു ഷിഫീന്‍ എന്ന ഗാനകോകിലം, സംഗീത സദസ്സുകളെ സജീവമാക്കിക്കൊണ്ടിരുന്നു.
ദുബായില്‍
ഇതിനിടയിലാണ്, കെ. എം. സി. സിയുടെ ക്ഷണപ്രകാരം ഷിഫിന്‍ ദുബൈയിലെത്തുന്നത്. അവിടെ സംഘടിപ്പിച്ച സംഗീത വിരുന്ന്, മലയാളികളെ മാത്രമല്ല, അറബികളടക്കമുള്ള വിദേശികളെയും ഹര്‍ഷോന്മത്തരാക്കുകയായിരുന്നു. ഇതോടെ, യു. എ. ഇയില്‍, ഷിഫിന്റെ പ്രസിദ്ധി വ്യാപിക്കാന്‍ തുടങ്ങി. അവിടെ നിരവധി തവണ പരിപാടികളവതരിപ്പിക്കുകയുണ്ടായി.
ജപ്പാനില്‍
പക്ഷെ, ഷിഫിന്റെ പ്രസിദ്ധി അവിടെയും ഒതുങ്ങിയില്ല. സംസ്ഥാന മാപ്പിളപ്പാട്ട് മത്സരത്തില്‍, തുടര്‍ച്ചയായി മൂന്നു തവണ ‘എ’ ഗ്രൈഡോടെ, ഒന്നാം സ്ഥാനം കരസ്തമാക്കിയ ഷിഫിന്‍ കേന്ദ്രത്തിന്റെ ശ്രദ്ധയും പിടിച്ചു പറ്റുകയുണ്ടായി. അങ്ങനെയാണ്, 2010 ല്‍, ജെ. ഐ. സി. ഇയുടെ ക്ഷണപ്രകാരം ജപ്പാന്‍ സന്ദര്‍ശിക്കാനും അവിടെ, ‘ജപ്പാന്‍ ഈസ്റ്റ് ഏഷ്യ നെറ്റ് വര്‍ക്ക് ഓഫ് എക്സ് ചെയ്ഞ്ച് ഫോര്‍ സ്റ്റുഡന്‍സ് ആന്റ് യൂത്ത്സ് പ്രോഗ്രാമി‘ല്‍ പങ്കെടുക്കാനും അന്താരാഷ്ട്ര
ടോക്കിയോവില്‍
പ്രതിഭകളൊടൊപ്പം പരിപാടികളവതരിപ്പിക്കാനും കഴിഞ്ഞത്. ഇതോടെ, അന്താരാഷ്ട്ര തലത്തില്‍, ഈ കൊച്ചു പ്രതിഭ ശ്രദ്ധിക്കപ്പെടുകയായിരുന്നു. 17 ദിവസം ജപ്പാനില്‍ തങ്ങിയ ഷിഫിന്‍, അന്താരാഷ്ട്ര പ്രതിഭകളെ അമ്പരപ്പിച്ചു കൊണ്ടാണ് നാട്ടിലേക്കു തിരിച്ചത്.
പഠനകര്യത്തില്‍ ആശങ്ക
ഇതെല്ലാമാണെങ്കിലും, തന്റെ പഠനത്തിന്റെ കാര്യത്തില്‍ ഷിഫീന്ന് അല്പം ആശങ്കയില്ലാതില്ല. വിദേശ യാത്രകള്‍, രാജ്യത്തിനകത്തു തന്നെയുള്ള പരിപാടികള്‍ എന്നിവ തന്റെ ഹാജറിനെ കാര്യമായി ബാധിക്കുന്നതായി ഈ പ്രതിഭ ഭയപ്പെടുന്നു. ക്ലാസ്സില്‍, ഏറ്റവും ഹാജര്‍ കുറഞ്ഞ വിദ്യാര്‍ത്ഥി താനാണെന്ന് വളരെ വേദനയോടെയാണ് ഷിഫീന്‍ ഞങ്ങളെ അറിയിച്ചത്. ഏതായാലും, അതെല്ലാം തരണം ചെയ്യാനുള്ള ആത്മവിശ്വാസം ഈ മിടുക്കനുണ്ട്.
പ്രോത്സാഹനം ഗുരുക്കളുടേത്
ഉയരങ്ങള്‍ കീഴടക്കാനുള്ള യത്നത്തില്‍, തനിക്കേറ്റവും താങ്ങും തണലുമായി വര്‍ത്തിക്കുന്നത് ഗുരു വന്ദ്യയായ ഖദീജ ടീച്ചറും ഹെഡ് മാസ്റ്റര്‍ ബഷീര്‍ മാസ്റ്ററുമാണെന്നു ഷിഫീനും മാതാവ് ബേനസീറും അറിയിച്ചത് വളരെ നന്ദിയോടെയായിരുന്നു. പടവുകള്‍ കയറാനുള്ള തങ്ങളുടെ പുത്രന്റെ യത്നത്തില്‍, യൂസുഫും ബേനസീറും എത്രമാത്രം പിന്തുണയാണ് നല്‍കുന്നതെന്നു ഞങ്ങള്‍ അനുഭവത്തിലൂടെ ത്തന്നെ മനസ്സിലാക്കി.
ട്രോഫികള്‍ ഒരു ദൃശ്യം
ട്രോഫികളുടെ കൂമ്പാരം
അരണ്ട വെളിച്ചമുള്ള ഒരു കൊച്ചു മുറിയില്‍, ഷിഫീന്‍ വാരിക്കൂട്ടിയ നൂറുക്കണക്കില്‍ ട്രോഫികള്‍ മിന്നിത്തിളങ്ങുന്നത് ഞങ്ങള്‍ കണ്ടു. ഇത്രയും കുറഞ്ഞ കാലയളവില്‍, ഇത്രമാത്രം സമാനങ്ങള്‍ നേടാന്‍ ഈ പതിനാറുകാരനെങ്ങനെ കഴിഞ്ഞുവെന്ന് ഞങ്ങള്‍ അത്ഭുതപ്പെടുകയായിരുന്നു.
ഷിസ്നാ പര്‍വീണിനോടൊപ്പം
യൂസുഫ് – ബേനസീര്‍ ദമ്പതികളുടെ രണ്ടാമത്തെ സന്തതിയായ ഷിസ്നാ പര്‍വീണും സംഗീതത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഈ കൊച്ചു മിടുക്കിയും മാപ്പിളപ്പാട്ട് മത്സരങ്ങളില്‍, സമ്മാനങ്ങള്‍ വാരിക്കൂട്ടാന്‍ ഇപ്പോള്‍ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.
കോര്‍മത്ത് കുടുംബത്ത്ലെ ഗാനകോകിലത്തെ കാണാനും സംസാരിക്കാനും കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യത്തോടെയാണ്, അടുത്തു തന്നെ സു ഊദി അറേബ്യ സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്ന ഷിഫീന്‍ രോഷിനോടും കുടുംബത്തോടും ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങിയത്.
സയ്യിദ് ശിഹാബ് തങ്ങളെ കുറിച്ചൊരു ഗാനം
ഷിഫീനെ കുറിച്ച് വിധികര്‍ത്താക്കള്‍
Thursday, March 3, 2011
കോർമത്ത് സയ്യിദ് അബ്ദുല്ല എന്ന എന്റെ ‘കൂച്ചിക്കാക്ക‘
2011 റിപ്പബ്ലിക് ദിനം എന്നെ സംബന്ധിച്ചിടത്തോളം നികത്താനാകാത്ത ഒരു നഷ്ടത്തിന്റെ ദിനമായിരുന്നു. എന്റെ കൈ പിടിച്ചു പിച്ചനടത്തി വളര്‍ത്തിയ എന്റെ ‘കൂച്ചിക്കാക്ക‘ എന്ന കോര്‍മത്ത് സയ്യിദ് അബ്ദുല്ല ഈ ലോകത്തോട് അവസാനയാത്ര പറഞ്ഞത് അന്നായിരുന്നു.
പിതൃവ്യസഹോദരനായ കോര്‍മത്ത് അബുബക്കര്‍ മുസ്ലിയാരുടെയും ഉമ്മാവുട്ടിയുമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ച അദ്ദേഹം, യഥാര്‍ത്ഥത്തില്‍, എന്റെ രക്ഷിതാവ് തന്നെയായിരുന്നു. രണ്ടാം വയസ്സില്‍ മാതാവ് നഷ്ടപ്പെട്ട എന്നെ പോറ്റാനുള്ള ചുമതല സ്വയം ഏറ്റെടുത്തത്, അദ്ദേഹത്തിന്റെ മാതാവും എന്റെ മൂത്തമ്മയുമായ ഉമ്മാവുട്ടിയുമ്മയായിരുന്നു. അബൂബക്കര്‍ മുസ്ലിയാരുടെ മരണ ശേഷം, പറപ്പൂരില്‍ മക്കളോടൊത്ത് കഴിയുകയായിരുന്ന ഉമ്മാവുട്ടിയുമ്മയെ, പിന്നീട്, എന്റെ സ്വന്തം മൂത്താപ്പ കോര്‍മത്ത് പോക്കര്‍ മുസ്ലിയാര്‍ വിവാഹം കഴിക്കുകയായിരുന്നു. അങ്ങനെയാണ് ഉമ്മാവുട്ടിയുമ്മ പെരുവള്ളൂരിലെത്തുന്നത്. ഈ ബന്ധത്തില്‍ അവര്‍ക്ക് മറിയക്കുട്ടി എന്നൊരു മകളുണ്ട്. ഉമ്മാവുട്ടിയുമ്മക്ക്, മറ്റുള്ള മക്കളെപ്പോലെ, ഞാനും ‘മകനാ‘യിരുന്നു. ‘ഉമ്മ’ എന്നു തന്നെയായിരുന്നു ഞാനവരെ വിളിച്ചിരുന്നത്.
വാഹന സൌകര്യങ്ങളൊന്നുമില്ലാത്ത അക്കാലത്ത്, പറപ്പൂരിലെ മക്കളുടെയടുത്തേക്കു പോകുമ്പോഴും, പൊന്നാനിക്കടുത്ത കാഞ്ഞിരമുക്കിലെ സഹോദരന്‍ ഐ. ടി. സി. മുഹമ്മദ് അബ്ദുല്ല മൌലവി (പ്രബോധനം ഏഡിറ്റര്‍ ടി.കെ. ഉബൈദ് സാഹെബിന്റെ പിതാവ്)യെ സന്ദര്‍ശിക്കുമ്പോഴും എന്നെയും കൂടെ കൊണ്ടു പോകാറുണ്ടായിരുന്നു. ഇത്തരം സന്ദര്‍ശനങ്ങള്‍ വഴി പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്ലിയാരെ(പുതിയാപ്പിള അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ എന്ന പേരില്‍ പ്രസിദ്ധന്‍)പോലുള്ള പല ഉന്നത വ്യക്തിത്വങ്ങളെയും കൊച്ചു നാളില്‍ തന്നെ പരിചയപ്പെടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി ഇന്നും കരുതുന്നു. പെരുവള്ളൂരില്‍ നിന്നു കോട്ടക്കലിനടുത്ത പറപ്പൂരിലേക്കും, അവിടെനിന്നു തിരിച്ചു പെരുവള്ളൂരിലേക്കുമുള്ള യാത്ര തികച്ചും കാല്‍നടയായായിരുന്നു. കിലൊമീറ്ററുകളോളം നീണ്ടു നില്‍ക്കുന്ന ഇത്തരം യാത്രകള്‍ എന്നെപോലുള്ള ഒരു കൊച്ചു കുട്ടിയെ സംബന്ധിച്ചിടത്തോളം അചിന്ത്യം തന്നെയയിരുന്നു. പക്ഷെ, ഞാനില്ലാതെയുള്ള യാത്ര ‘ഉമ്മ’ക്ക് അസഹനീയവും ‘ഉമ്മ’യില്ലാത്ത ജീവിതം എനിക്കു ദുഷ്ക്കരവുമായിരുന്നു. പക്ഷെ, ഇത്രയും നീണ്ട ഇത്തരം യാത്രകളുടെ വിഷമം എനിക്കൊരിക്കലും അനുഭവപ്പെട്ടിട്ടില്ല. യാത്ര തികച്ചും എന്റെ ‘കൂച്ചിക്കാക്ക’യുടെ ചുമലിലായിരുന്നു. യാത്രാ സൌകര്യങ്ങള്‍ കൂടിയ ഇക്കാലത്ത് അതേകുറിച്ചൊര്‍ക്കുമ്പോള്‍ പേടി തോന്നുകയാണ്. എന്നെയും ചുമന്നുകൊണ്ട്, ഇത്രയും മൈലുകള്‍ താണ്ടാന്‍ അദ്ദേഹം എത്ര പാടുപെട്ടിട്ടുണ്ടായിരിക്കും.
അദ്ദേഹത്തിന്ന് എന്നെ കൈയൊഴിക്കാന്‍ നിഷ്പ്രയാസം കഴിയുമായിരുന്നു. കാരണം, ഞാന്‍ അദ്ദേഹത്തിന്റെ നേരെ സഹോദരനല്ല; എന്റെ പിതാവ് അദ്ദേഹത്തിന്റെ, നേരെ, പിതൃസഹോദരനുമല്ല; അദ്ദേഹത്തിന്റെ മാതാവിനെ പുതുതായി കല്യാണം കഴിച്ചത് എന്റെ പിതൃസഹോദരനാണെന്നത് മാത്രമായിരുന്നു ബന്ധം. ഇന്നത്തെ, കുടുംബബന്ധങ്ങള്‍ വെച്ചു നോക്കുമ്പോള്‍, വളരെ വളരെ അകന്ന ബന്ധം. പക്ഷെ, ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധം അതിലെല്ലാമുപരിയായിരുന്നു. ദൂരരാജ്യങ്ങളില്‍ മുദരിസായി ജോലിനോക്കിയിരുന്ന സ്വന്തം പിതാവിനെ ശരിക്കു മനസ്സിലാക്കുന്നത് അല്പം മുതിര്‍ന്നപ്പൊഴായിരുന്നു. ഉമ്മാവുട്ടിയുമ്മ എന്റെ സ്വന്തം ‘ഉമ്മ’യല്ലെന്നും, കൂച്ചിക്കാക്ക എന്റെ സ്വന്തം ‘ഇക്കാക്ക‘യല്ലെന്നും മനസ്സിലാക്കാന്‍ പിന്നെയും കാലമെടുത്തു.
ഏതായാലും, വാഹന സൌകര്യങ്ങളില്ലാത്ത ആ കാലങ്ങളിലില്ലാത്ത അകല്‍ച്ച, സൌകര്യങ്ങളെല്ലാമുണ്ടായപ്പോഴുണ്ടായി എന്നോര്‍ക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ കുറ്റബോധം തോന്നുന്നു. അദ്ദേഹം താമസിക്കുകയും രോഗിയായി കഴിയുകയും ചെയ്ത പറപ്പൂര്‍ വീണാലുക്കലേക്ക് എനിക്ക് എത്തിപ്പെടാന്‍, ഒരു മണിക്കൂറില്‍ താഴെ സമയമേ ചെലവൊഴിക്കേണ്ടതുള്ളു. പക്ഷെ, നന്ദികേട് പിശാചിന്റെ മാത്രം കുത്തകയല്ലല്ലോ.
ഇനി എനിക്കു ചെയ്യാനുള്ളതിത്രമാത്രം.
‘കരുണാവാരിധിയായ റബ്ബേ, എന്റെ ‘ഉമ്മ’ക്കും, എന്റെ ‘കൂച്ചിക്കാക്കാക്കും’ പൊറുത്തു കൊടുക്കേണമെ! ജന്നാത്തുല്‍ ഫിര്‍ദൌസില്‍ അവര്‍ക്കിടം നല്‍കെണമേ! ഞങ്ങളെ, നിന്റെ സ്വര്‍ഗത്തില്‍ ഒരുമിച്ചു ചേര്‍ക്കെണമേ! ആമീന്‍!‘
എന്നു പ്രാര്‍ത്ഥിക്കുക മാത്രം.
കെ. എ. ഖാദര്‍ ഫൈസി
Wednesday, March 2, 2011
കരുമ്പിൽ - ചുള്ളിപ്പാറ : യുവതയുടെ മികച്ച പ്രകടനം
കോര്‍മത്ത് അബ്ദുല്ല സദസ്സിനെ അഭിസംബോധന ചെയ്യുന്നു
വര്‍ഷങ്ങള്‍ക്കു മുമ്പ്, കോര്‍മത്തിന്റെ ശാഖകള്‍ തേടിയുള്ള പോക്കര്‍ക്കയുടെ യാത്രക്കിടയില്‍, പാലത്തിങ്ങല്‍ കോര്‍മത്ത് കുഞ്ഞാലന്‍ കുട്ടി ഹാജിയുടെ അടുത്തെത്തിയപ്പോഴായിരുന്നു കരുമ്പിലെയും ചുള്ളിപ്പാറയിലെയും കോര്‍മത്ത് കുടുംബ ശാഖകളെ കുറിച്ചറിഞ്ഞത്. അതനുസരിച്ച്, അടുത്തൊരു ദിവസം തന്നെ, ഞങ്ങള്‍ കരുമ്പിലും ചുള്ളിപ്പാറയിലും സന്ദര്‍ശനം നടത്തുകയും കാരണവന്മാരായ മുഹമ്മദ് ഹാജി, കെ. കെ. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ തുടങ്ങിയവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. താന്‍ കുട്ടിയായിരിക്കുമ്പോള്‍, പെരുവള്ളൂരില്‍ നിന്ന് കുടുംബക്കാര്‍ കരുമ്പില്‍ വന്നിരുന്നതായും ഇവിടെനിന്നു അങ്ങോട്ടും പോയിരുന്നതായും മുഹമ്മദ് ഹാജി പറഞ്ഞിരുന്നു. കുടുംബത്തിന്റെ ഒരേകദേശ ചരിത്രവും അദ്ദേഹത്തില്‍ നിന്ന് ലഭിച്ചിരുന്നു. പക്ഷെ, അത് രേഖപ്പെടുത്തി വെച്ചിരുന്ന പോക്കര്‍ക്ക ഇപ്പോള്‍ വാര്‍ദ്ധക്യസഹജമായ രോഗത്തിനടിമയായതിനാല്‍, പഴയ രേഖകള്‍ നഷ്ടപ്പെട്ടിരിക്കുന്നു.
മഞ്ചേരിയില്‍ നടക്കാനിരിക്കുന്ന കോര്‍മത്ത് സംഗമത്തിന്റെ ഭാഗമായി, ഈ ഫെബ്രവരി 27 ന്ന് ഞായറാഴ്ച കരിമ്പിലെത്തിയ പ്രവര്‍ത്തകരെ സ്വീകരിച്ചത്, മുഹമ്മദ് ഹാജിയും അബ്ദുറഹ്മാന്‍ മാസ്റ്ററും നഷ്ടപ്പെട്ട കോര്‍മത്ത് കുടുംബാംഗങ്ങളായിരുന്നു. ആ കാരണവന്മാര്‍ മരണപ്പെട്ടു പോയിരിക്കുന്നു. എങ്കിലും, കോര്‍മത്ത് കോലോത്ത് മൊയ്തീന്‍ കുട്ടി ഹാജി, ജേഷ്ടന്‍ അഹ്മദ് ഹാജി തുടങ്ങിയ കാരണവന്മാര്‍ ചുറുചുറുക്കോടെ സ്ഥലത്തെത്തിച്ചേരുകയും കഴിയുന്നിടത്തോളം വിവരങ്ങള്‍ നല്‍കുകയും ചെയ്തു.
അഹ്മദ് ഹാജി
പൂര്‍വികരെ കുറിച്ച് കൂടുതലൊന്നും, പക്ഷെ, ഇവര്‍ക്കറിയുകയില്ല. കോര്‍മത്ത് കുട്ട്യാമു എന്നയാളുടെ അനന്തിരവന്മാരാണ്, ഇപ്പോള്‍ കരുമ്പിലും ചുള്ളിപ്പാറയിലുമായി വ്യാപിച്ചു കിടക്കുന്നതെന്നും, പൂര്‍വികര്‍ പ്രദേശത്ത് ഉന്നത സ്ഥാനീയരായിരുന്നുവെന്നും എഴുപത്തിയാറുകാരനായ മൊയ്തീന്‍ കുട്ടി ഹാജി ഓര്‍ക്കുന്നു. ഇദ്ദേഹത്തിന്റെ പിതാമഹന്റെ പേരും മൊയ്തീന്‍ കുട്ടി എന്നായിരുന്നു. കോര്‍മത്ത് കുഞ്ഞിപ്പോക്കര്‍ എന്നയാളാണ്, പരപ്പനങ്ങാടിക്കടുത്ത പാലത്തിങ്ങലേക്കു പോയതെന്ന് അഹ്മദ് ഹാജി പറയുന്നു.
മൊയ്തീന്‍ കുട്ടി ഹാജി
മുമ്പ് പറഞ്ഞ കാരണവന്മാരുടെ, അഭാവത്തില്‍ വിഷമമുണ്ടായെങ്കിലും, ഊര്‍ജ്ജസ്വലരായ ഒരു കൂട്ടം യുവതലമുറ സംഘത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. സ്ഥലം പഞ്ചായത്ത് മെമ്പറായ കോര്‍മത്ത് മുനീറിന്റെ വീട്ടിലായിരുന്നു ഞങ്ങള്‍ ഒരുമിച്ചു കൂടിയത്. തൊട്ടടുത്ത കോര്‍മത്ത് കുടുംബത്തില്‍, ഇതേ സമയത്ത് കല്യാണം നടക്കുകയായിരുന്നു. കല്യാണ വീട്ടില്‍ എല്ലാ
കുടുംബത്തോടൊപ്പം
വിധ സജ്ജീകരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലും, യാതൊരു വിഷമവും പ്രകടിപ്പിക്കാതെ, ആദ്യന്തം പരിപാടിയില്‍ പങ്കെടുത്ത ഈ ചെറുപ്പക്കാരുടെ സമീപനം ഞങ്ങളില്‍ അത്ഭുതം സൃഷ്ടിച്ചുവെന്നു പറയേണ്ടതില്ലല്ലോ. സംഗമത്തിന്റെ, പ്രാദേശിക കണ് വീനര്‍ കൂടിയാണ് ഗൃഹനാഥനായ മൻസൂര്‍. നൂറുക്കണക്കില്‍ കുടുംബങ്ങളുടെ പ്രതിനിധികളായി അവിടെ എത്തിയ സദസ്സ്, സംഗമത്തിന്റെ വിജയപ്രദമായ നടത്തിപ്പിന്ന് എല്ലാവിധ സഹായ സഹകരണവും വാഗ്ദാനം ചെയ്യുകയുണ്ടായി.
ഒരു ഫയല്‍ ചിത്രം
അക്ഷരങ്ങളുടെ പാതയിൽ രണ്ടു സഹോദരങ്ങൾ
അക്ഷരത്തിന്റെ പ്രാധാന്യം ഊന്നിപറഞ്ഞു കൊണ്ടാണ്, ഖുര്‍ ആനിലെ പ്രഥമ സൂക്തം തിരുമേനി(സ)ക്ക് അവതരിച്ചത്. മുസ്ലിം ലോകം അതിന്ന് വലിയ പ്രാധാന്യം കല്പിച്ചു പോരുന്നത് ഇതു കൊണ്ടത്രെ. ഇസ്ലാമിന്റെ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖി(സ)ന്റെ പിന്മുറക്കാര്‍ക്ക്, അതിനാല്‍ തന്നെ, ഇതില്‍ നിന്നു പിന്തിരിഞ്ഞു നില്‍ക്കാനാവുകയില്ലല്ലോ. കോര്‍മത്ത് തറവാട്ടിലെ രണ്ടു സഹോദരങ്ങള്‍ ഈ പാതയിലേക്ക് കാലെടുത്തു വെച്ചതിന്റെ രഹസ്യവും ഇതത്രെ. മലപ്പുറം ജില്ലയിലെ, തിരൂരങ്ങാടി ചന്തപ്പടിയിലെ കോര്‍മത്ത് ഉമര്‍ ഹാജിയും അബ്ദുറഹ്മാന്‍ ഹാജിയുമാണ് ഈ അനുകരണീയ വ്യക്തിത്വങ്ങള്‍. ഇവരുടെ സ്ഥാപനങ്ങളായ, കെ. മുഹമ്മദ് കുട്ട്യ് ആന്റ് സണ്‍സ്, തിരൂരങ്ങാടി ബുക്ക് സ്റ്റാള്‍ എന്നിവ, ഇന്ന് കേരളത്തിലെ, അക്ഷര ലോകത്തെ പ്രശസ്ത കേന്ദ്രങ്ങളാണ്.
ചരിത്രം
കോര്‍മത്ത് മൊയ്തീന്‍ കുട്ടി, വരമ്പനാലുങ്ങല്‍ ഇബ്രാഹിം, വരമ്പനാലുങ്ങല്‍ കുഞ്ഞിപ്പോക്കര്‍ മുസ്ലിയാര്‍ എന്നീ മൂവര്‍ സംഘം ചേര്‍ന്നു ‘മിസ്ബാഹുല്‍ ഹുദാ’ എന്ന പേരില്‍ ഒരു പ്രസ്സും പ്രസിദ്ധീകരണാലയവും സ്ഥാപിക്കുകയുണ്ടായി. ഇബ്രാഹിം മാനേജറും മറ്റു രണ്ടു പേരും ഫീല്‍ഡ് വര്‍ക്കര്‍മാരുമായായിരുന്നു പ്രവര്‍ത്തനമാരംഭിച്ചത്. പറപ്പൂര്‍ അഹ്മദ് മൌലവി എഴുതിയ ‘തുഹ്ഫത്തുസ്സിബിയാന്‍’ എന്ന കൃതി അച്ചടിച്ചു പ്രസിദ്ധീകരിച്ചത് ഇവരായിരുന്നു. കേരളത്തിലെ മദ്രസകളില്‍ ഈ പുസ്തകമായിരുന്നു പാഠപുസ്തകമായി അംഗീകരിച്ചു പോന്നിരുന്നത്. ഫീല്‍ഡ് വര്‍ക്കര്‍മാരായ മൊയ്തീങ്കുട്ടിയും കുഞ്ഞിപ്പൊക്കര്‍ മുസ്ലിയാരും, മഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ, പാണ്ടിക്കാട്, നിലമ്പൂര്‍, എടവണ്ണ, വണ്ടൂര്‍, വഴിക്കടവ് തുടങ്ങിയ പ്രമുഖ ചന്തകളില്‍ വില്പന നടത്തിപ്പോന്നു. തിരൂരങ്ങാടിയില്‍ വന്നു നേരിട്ട് വാങ്ങുന്നവര്‍ വേറെയുമുണ്ടായിരുന്നു. സ്ഥാപനം ഉത്തരോത്തരം പുരോഗമിച്ചു കൊണ്ടിരുന്നുവെങ്കിലും, ചില പ്രത്യേക കാരണങ്ങളാല്‍, പിന്നീട് മൂവര്‍ സംഘം ബിസിനസ്സ് നിറുത്തി, സൌഹാര്‍ദ്ദത്തോടെ പിരിയുകയായിരുന്നു.
കെ. മുഹമ്മദ് കുട്ടി ആന്റ് സണ്‍സ്
അക്ഷരലോകത്തേക്ക് വീണ്ടും
56 വര്‍ഷം കഴിഞ്ഞാണ്, മൊയ്തീന്‍ കുട്ടിയുടെ മകന്‍ മുഹമ്മദ് കുട്ടിയുടെ കാലത്ത്, അദ്ദേഹത്തിന്റെ പുത്രന്മാരായ കോര്‍മത്ത് ഉമര്‍ ഹാജിയും, കോര്‍മത്ത് അബ്ദുറഹ്മാന്‍ ഹാജിയും ഈ രംഗത്തേക്ക് കാലെടുത്തു വെച്ചത്. തിരൂരങ്ങാടിയിലെ ചാലിലകത്ത്
അലിഹസ്സന്‍ ഹാജിയില്‍ നിന്നും അച്ചടി – പ്രസിദ്ധീകരണ രംഗത്ത് പരിചയം നേടിയ അബ്ദുറഹ്മാന്‍ ഹാജിയും സഹോദരന്‍ ഉമര്‍ ഹാജിയും ചേര്‍ന്നു ‘നൂറുല്‍ ഇസ്ലാം’ എന്ന പേരില്‍ ഒരു പ്രസ്സും, ‘മുഹമ്മദ് കുട്ടി ആന്റ് സണ്‍സ്’ എന്ന പേരില്‍ ഒരു പ്രസിദ്ധീകരണാലയവും ആരംഭിച്ചു. കേവലം 16 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന അബ്ദുറഹ്മാന്‍ ഹാജി, കോഴിക്കോട് കലക്ട്രേറ്റില്‍ നിന്നായിരുന്നു ഡിക്ലറേഷന്‍ സമ്പാദിച്ചത്. ശംസുല്‍ ഉലമാ ഇ. കെ. അബൂബക്കര്‍ മുസ്ലിയാരായിരുന്നു സ്ഥാപനത്തിന്നു നാമകരണം ചെയ്തത്. മഞ്ചേരി, മലപ്പുറം, കോട്ടക്കല്‍, വേങ്ങര, ചേളാരി, കടുങ്ങാംചിറ, കോഴിക്കൊട്, കൊടുവള്ളി, പൂനൂര്‍, താമരശ്ശേരി, ബാലുശ്ശേരി, മുക്കം, നായര്‍കൊല്ലി, ഓമശ്ശേരി, അരീക്കോട്, എടവണ്ണ, നിലമ്പൂര്‍, മമ്പാട്, ഏടക്കര, ചുങ്കത്തറ, വഴിക്കടവ്, വണ്ടൂര്‍, കാളികാവ്, പുല്ലങ്കോട്, പൂക്കോട്ടുമ്പാടം, കരുളായി, മൂത്തേടം, കരുവാരക്കുണ്ട്, മേലാറ്റൂര്‍, അലനല്ലൂര്‍ തുടങ്ങിയ, കേരളത്തിലെ പ്രശസ്ത ചന്തകളില്‍, പുസ്തകക്കെട്ടും ചുമന്നു ഈ സഹോരങ്ങള്‍ പുസ്തകവ്യാപാരം നടത്തിയിരുന്നു.
വീതിക്കപ്പെടുന്നു
മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷം, ഹി. 1392 റജബ് 14ന്ന്, പിതാവ് മുഹമ്മദ് കുട്ടി മരണപ്പെട്ടതോടെ, സ്ഥാപനം വീതിക്കപ്പെടുകയായിരുന്നു. അങ്ങനെ, ‘നൂറുല്‍ ഇസ്ലാം’ പ്രസ്സും ‘മുഹമ്മദ് കുട്ടി ആന്റ് സണ്‍സും’ ഉമര്‍ ഹാജിയും, ‘തിരൂരങ്ങാടി ബുക്ക് സ്റ്റാള്‍’, ‘തിരൂരങ്ങാടി പ്രിന്റേഴ്സ്’ എന്ന പേരില്‍ സ്ഥാപിതമായ രണ്ടു സ്ഥാപനങ്ങള്‍ അബ്ദുറഹ്മാന്‍ ഹാജിയും നടത്തിവരുന്നു.
മുസ് ഹഫുകളടക്കം നൂറുക്കണക്കില്‍ പ്രസിദ്ധീകരണങ്ങള്‍ വര്‍ഷം തോറും ഇറക്കിക്കൊണ്ടിരിക്കുന്ന ഇരു സ്ഥാപനങ്ങളും, കേരളത്തിനകത്തും പുറത്തും ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കോഴിക്കോട്, മഞ്ചേരി, തിരൂരങ്ങാടി, വളാഞ്ചേരി എന്നിവിടങ്ങളിലായി ഇവക്ക് നിരവധി ശാഖകളുണ്ട്. അബ്ദുറഹ്മാന്‍ ഹാജിയുടെ സ്ഥാപനം, ‘എജ്യൂമാര്‍ട്ട്’ എന്ന പേരില്‍, കേരളത്തിലെ, പ്രഥമ അക്കാദമിക് ഹൈപ്പര്‍ മാര്‍ക്കറ്റായി വളര്‍ന്നിരിക്കുന്നു. കോഴിക്കൊടാണ് ആസ്ഥാനം.
Subscribe to:
Posts (Atom)





































